• HOME
 • »
 • NEWS
 • »
 • crime
 • »
 • അഞ്ചാമത് വിവാഹം കഴിക്കാൻ നാലാം ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം

അഞ്ചാമത് വിവാഹം കഴിക്കാൻ നാലാം ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം

വിശ്വസിച്ച് കൂടെ ഇറങ്ങിവന്ന സുനിതയെ നിഷ്ഠൂരമായി കൊലപ്പെടുത്തിയെ പ്രതിക്ക് വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിച്ചില്ല

കൊല്ലപ്പെട്ട സുനിത

കൊല്ലപ്പെട്ട സുനിത

 • Share this:

  തിരുവനന്തപുരം: ആനാട് വേങ്കവിള തവലോട്ടുകോണം നാല് സെന്റ് കോളനി ജീന ഭവനിൽ സുനിതയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് സെപ്ടിക് ടാങ്കിൽ തള്ളിയ കേസിൽ ഭർത്താവ് ജോയി ആന്റണിക്ക് ജീവപര്യന്തം കഠിനതടവും 60,000 രൂപ പിഴയും ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ വിഷ്ണു ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവ് അനുഭവിക്കണം. കൊലക്കുറ്റത്തിന് ജീവപര്യന്തം കഠിന തടവും 50,000 രൂപയുമാണ് പിഴ. തെളിവ് നശിപ്പിച്ച കുറ്റത്തിന് അഞ്ചുവർഷം കഠിന തടവും 10,000 രൂപ പിഴയും. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.

  മികച്ച ജീവിതം ലഭിക്കുമെന്ന പ്രതീക്ഷയിൽ വിശ്വസിച്ച് കൂടെ ഇറങ്ങിവന്ന സുനിതയെ നിഷ്ഠൂരമായി കൊലപ്പെടുത്തിയെ പ്രതിക്ക് വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിച്ചില്ല. എന്നാൽ ഇരകൾക്കായുള്ള സർക്കാർ നിധിയിൽ നിന്ന് കുട്ടികൾക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം കോടതി അംഗീകരിച്ചു.

  Also Read- ഭാര്യവീട്ടിലെത്തിയ യുവാവിനെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊന്നു; ഭാര്യ ഉൾപ്പെടെ മൂന്നുപേര്‍ കസ്റ്റഡിയിൽ

  സുനിത ഉള്‍പ്പെടെ നാലു ഭാര്യമാരുള്ള ജോയ്, അഞ്ചാമത് വിവാഹംകൂടി കഴിക്കാന്‍വേണ്ടിയാണ് ഈ കൊലപാതകം നടത്തിയതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ തെളിയിച്ചു. തന്റെ രണ്ട് കുട്ടികളുടെ അമ്മയാണെന്ന പരിഗണന പോലും നൽകാതെയാണ് പ്രതി സുനിതയെ ജീവനോടെ ചുട്ടെരിച്ചത്. പ്രതിക്ക് സമൂഹത്തിൽ ജീവിക്കാനുള്ള അർഹത ഇല്ലെന്നും നീതിയ്ക്കായുള്ള സമൂഹത്തിന്റെ നിലവിളിയാണ് കോടതിയോട് ആവശ്യപ്പെടുന്നതെന്നും കുറ്റവാളികളോട് അനുഭാവം പാടില്ലെന്ന മേൽക്കോടതി ഉത്തരവുണ്ടെന്നും വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഗവ. പ്ലീഡർ എം സലാഹുദ്ദീൻ വാദിച്ചു.

  Also Read- ഒരു ഓവറിലെ ആറു പന്തിലും സിക്സടിച്ച ക്രിക്കറ്റ് താരം; ഭാര്യയെ കൊന്ന് കുഴിച്ചിട്ട് പൊലീസിനെ ചുറ്റിച്ച സജീവൻ

  2013 ഓഗസ്റ്റ് മൂന്നിനായിരുന്നു സംഭവം. സുനിതയെ ജോയി മൺവെട്ടിക്കൈ കൊണ്ട് തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം ജീവനോടെ ചുട്ടെരിച്ച് മൂന്ന് കഷ്ണങ്ങളാക്കി മുറിച്ച് മൂന്ന് ദിവസം സ്വന്തം കിടപ്പുമുറിയിൽ സൂക്ഷിച്ച ശേഷം സെപ്ടിക് ടാങ്കിൽ ഉപേക്ഷിച്ചെന്നാണ് കേസ്. ഏഴും അഞ്ചും വയസുള്ള പെൺകുട്ടികളുടെ മുന്നിൽ വച്ചായിരുന്നു അടിച്ചു വീഴ്ത്തി ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ചത്. അതിനിടെ പ്രതിയുടെ മാതാവ് കുട്ടികളെ അടുത്ത വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ഇതിനു ശേഷമാണ് പ്രതി സുനിതയെ ചുട്ടെരിച്ചതും മൃതദേഹം കഷ്ണങ്ങളാക്കിയതും. അമ്മ മറ്റൊരാളോടൊപ്പം ഒളിച്ചോടിയെന്നാണ് പ്രതി മക്കളെ പറഞ്ഞു വിശ്വസിപ്പിച്ചത്.

  അമ്മ കൊല്ലപ്പെടുകയും പിതാവ് ജയിലിലാവുകയും ചെയ്തപ്പോൾ കുട്ടികൾ അനാഥാലയത്തിലായിരുന്നു. പിന്നീട് ഇവരെ ആലപ്പുഴയിലെ കുടുംബം നിയമപരമായി ദത്തെടുത്തു. കുട്ടികൾ പിതാവിനെതിരെ സാക്ഷി പറയാൻ കോടതിയിലെത്തിയിരുന്നു. അപ്പോൾ പിതാവിനെ കാണാൻ കൂട്ടാക്കുകയോ അയാളുടെ സാന്നിദ്ധ്യത്തിൽ മൊഴി നൽകാനോ കുട്ടികൾ തയ്യാറായില്ല. കോടതി ഇടപെട്ട് പ്രതിയെ കോടതി മുറിക്ക് പുറത്ത് നിറുത്തിയ ശേഷമാണ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയത്.

  Published by:Rajesh V
  First published: