നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • മലപ്പുറം എടക്കരയിൽ വീട്ടിൽ നിന്ന് നാടൻ തോക്കും തിരകളും പിടികൂടി

    മലപ്പുറം എടക്കരയിൽ വീട്ടിൽ നിന്ന് നാടൻ തോക്കും തിരകളും പിടികൂടി

    മലയോര മേഖലയിൽ മൃഗ നായാട്ട് സജീവമായിട്ടുണ്ട് എന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എടക്കര പോലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

    News18

    News18

    • Share this:
    മലപ്പുറം: നിലമ്പൂർ എടക്കരയിൽ നാടൻ തോക്കും(gun) തിരകളും പിടികൂടി(seized). എടക്കര ബാലംകുളം സ്വദേശി സുഫിയാൻ്റെ(34) വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിലാണ് നാടൻ തോക്കും 11 തിരകളും പിടികൂടിയത്. കിടപ്പുമുറിയിലെ കാട്ടിലിനടിയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ ആയിരുന്നു ഇവ.

    ഒരു ഇടവേളക്കുശേഷം മലയോര മേഖലയിൽ മൃഗ നായാട്ട് സജീവമായിട്ടുണ്ട് എന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എടക്കര പോലീസ് നടത്തിയ പരിശോധനയിലാണ് നാടൻ തോക്കും തിരകളും കണ്ടെത്തിയത്. കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു തോക്കും തിരകളും. തിര നിറച്ച നിലയിലായിരുന്നു തോക്ക്. വീട്ടിൽ പരിശോധന നടക്കുന്നതറിഞ്ഞ സുഫിയാൻ ഒളിവിലാണ്. ഇയാൾ നായാട്ടുസംഘത്തിലെ സജീവ സാന്നിദ്ധ്യമാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.  പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.

    മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള മേഖലയിൽ അനധികൃതമായി തോക്ക് കൈവശം വെക്കുന്നത് മാവോയിസ്റ്റുകളുടെ കൈവശം എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അത് കൊണ്ട് തന്നെ വരും നാളുകളിലും പരിശോധന ശക്തമാക്കും. തോക്ക് വിദഗ്ധ പരിശോധനക്കായി ഫോറൻസിക് ലാബിലേക്കയക്കും. മലയോര മേഖലയിൽ മൃഗ നായാട്ട് സജീവമായതായി മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നിലമ്പൂർ ഡിവൈഎസ്പി സാജു. കെ അബ്രഹാമിൻ്റെ കീഴിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

    എടക്കര പോലീസ് ഇൻസ്പെക്ടർ മഞ്ജിത് ലാൽ, പ്രത്യേക അന്വേഷണ സംഘത്തിലെ എസ് മാരായ എം. അസൈനാർ, കെ. ശിവൻ, സിപിഒമാരായ അഭിലാഷ് കൈപ്പിനി, കെ.ടി ആശിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എടക്കര സ്റ്റേഷനിലെ എസ് സി പി ഒ മുജീബ്, സിപിഒമാരായ ഇ.വി അനീഷ്, കെ.ജെ ഷൈനി, സി. സ്വാതി,  എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

    കടുവപ്പേടിയിൽ കരുവാരകുണ്ട്
    ജനവാസ മേഖലയിൽ വീണ്ടും കടുവയെ കണ്ടതോടെ ഭീതിയിൽ ആണ് മലപ്പുറം കരുവാരക്കുണ്ട് പ്രദേശവാസികൾ. ടാപ്പിങ് തൊഴിലാളികളാണ് പ്രദേശത്ത് വീണ്ടും കടുവയെ കണ്ടത്. കടുവ കൊന്നു തിന്ന കാട്ടുപന്നിയുടെ അവശിഷ്ടവും മേഖലയിൽ കണ്ടെത്തി. കടവയുടെ സാന്നിധ്യം ആശങ്ക പരത്തിയതോടെവനം വകുപ്പിനെതിരെ നാട്ടുകാർ രംഗത്തെത്തി.

    കഴിഞ്ഞ ദിവസം രാവിലെ ടാപ്പിംഗ് ജോലിക്ക് വേണ്ടി പുറപ്പെട്ടവരാണ് കരുവാരകുണ്ട് 60 ഏക്കർ ഭാഗത്ത് വെച്ചു കടുവയെ കണ്ടത്. കടുവ ഒരു പന്നിയെ അക്രമിക്കുകയായിരുന്നു. വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് കരുവാരകുണ്ട് മേഖലയിൽ ഭീതി പരത്തിയിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം വീടിന് പുറത്ത് ഇറങ്ങാൻ ഭയക്കുകയാണ്. പലർക്കും ജോലിക്ക് പോലും പോകാൻ കഴിയാത്ത അവസ്ഥയിലാണ്.

    കഴിഞ്ഞ ആഴ്ച കുണ്ടോട ബറോഡ വെള്ളചാട്ടത്തിന് സമീപവും നാട്ടുകാർ  കടുവയെ നേരിട്ട് കണ്ടിരുന്നു. ഇതിന് പിന്നാലെ പ്രദേശത്തെ വളർത്ത് മൃഗങ്ങളും കടുവയുടെ ആക്രമണത്തിന് ഇരയായി. തുടർന്ന് വനം വകുപ്പ് കടുവയെ കുടുക്കാൻ  കൂട് സ്ഥാപിക്കുകയും ചെയ്തു. എന്നാൽ വനം വകുപ്പ് ഇടപെടൽ അപര്യാപ്തമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
    ജനകീയ സമിതി രൂപീകരിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ. ജനങ്ങളുടെ സുരക്ഷക്കായി സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
    Published by:Sarath Mohanan
    First published:
    )}