• HOME
  • »
  • NEWS
  • »
  • crime
  • »
  • ഏഴു വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി

ഏഴു വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി

വീടിന് സമീപത്തെ ഇടവഴിയിൽ വെച്ച് ബംഗാൾ സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളി ഏഴ് വയസുകാരനെ ബലമായി പിടികൂടി മുഖം പൊത്തി പിടിക്കുകയായിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:

    സുശാന്ത് വടകര

    കോഴിക്കോട്: നാദാപുരത്ത് ഏഴ് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. വെസ്റ്റ് ബംഗാൾ സ്വദേശി മുത്സാഖ് ഷെയ്ഖ് (19) ആണ് പിടിയിലായത്.

    നാദാപുരം ശാദുലി റോഡ് അഹമ്മദ് മുക്കിൽ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. പുതുക്കുടി രഹനാസ് – ഷാഹിന ദമ്പതികളുടെ മകനായ ഏഴു വയസുകാരനെയാണ് ഇയാൾ തട്ടി കൊണ്ട് പോവാൻ ശ്രമിച്ചത്. വീടിന് സമീപത്തെ ഇടവഴിയിൽ വെച്ച് ബംഗാൾ സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളി ഏഴ് വയസുകാരനെ ബലമായി പിടികൂടി മുഖം പൊത്തി പിടിക്കുകയായിരുന്നു. ഇതിനിടെ കുട്ടി കുതറി മാറി ഓടുകയായിരുന്നു.

    സംഭവം തൊട്ട് പിന്നിലായി നടന്ന് വരികയായിരുന്ന ഏഴ് വയസുകാരന്റെ സഹോദരന്റ ശ്രദ്ധയിൽ പെടുകയും
    നാട്ടുകാരോട് വിവരം പറയുകയും ആയിരുന്നു. ഓടി രക്ഷപെടാൻ ശ്രമിച്ച മുത്സാഖ് ഷെയ്ഖിനെ നാട്ടുകാർ പിടികൂടുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

    പോലീസ് കസ്റ്റഡിയിലെടുത്ത മുത്സാഖിനെ സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്തു. ഏഴ് വയസുകാരന്‍റെ മാതാവിന്‍റെ പരാതിയിൽ നാദാപുരം പോലീസ് കേസെടുത്തു. പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. ആറു മാസമായി നാദാപുരം മേഖലയിൽ നിർമാണ തൊഴിലാളിയായി ജോലി ചെയ്ത് വരികയാണ് മുത്സാഖ്.

    Published by:Anuraj GR
    First published: