Lottery Ticket Thief| ലോട്ടറി മോഷ്ടാവിനെ കുടുക്കാൻ ക്ഷമയോടെ കാത്തിരുന്ന് പൊലീസ്; സമ്മാനമടിച്ച ടിക്കറ്റുമായി പ്രതി പിടിയിൽ
Lottery Ticket Thief| ലോട്ടറി മോഷ്ടാവിനെ കുടുക്കാൻ ക്ഷമയോടെ കാത്തിരുന്ന് പൊലീസ്; സമ്മാനമടിച്ച ടിക്കറ്റുമായി പ്രതി പിടിയിൽ
നവംബർ 12ന് കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപമുള്ള ജെ ജെ ലോട്ടറിക്കടയുടെ പിൻവാതിൽ കുത്തിത്തുറന്നാണ് പ്രതി ലോട്ടറി കവർന്നത്. 80,000 രൂപയോളം വിലമതിക്കുന്ന 2520 ലോട്ടറി ടിക്കറ്റുകളാണ് മോഷണം പോയത്.
കൊച്ചി: എറണാകുളം (Ernakulam) കോതമംഗലത്ത് (Kothamangalam) ലോട്ടറിക്കട (Lottery Shop) കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി പൊലീസ് പിടിയിൽ (Arrest). പാലാ സ്വദേശി ബാബു എന്ന ആനാടൻ ബാബു (56) ആണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബർ 12ന് രാത്രിയാണ് പ്രതി ലോട്ടറിക്കട കുത്തിത്തുറന്നത്. 80000 രൂപയോളം വിലമതിക്കുന്ന 2520 ലോട്ടറി ടിക്കറ്റുകളാണ് അന്ന് മോഷണം പോയത്.
കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപമുള്ള ജെ ജെ ലോട്ടറിക്കടയുടെ പിൻവാതിൽ കുത്തിത്തുറന്നാണ് പ്രതി അകത്ത് കടന്നത്. മോഷണം പോയ ടിക്കറ്റുകളിൽ സമ്മാനാർഹമായവയുടെ നമ്പർ എല്ലാ ലോട്ടറിക്കടയുടമകൾക്കും പൊലീസ് കൈമാറിയിരുന്നു. ഫലം പ്രഖ്യാപിച്ച ശേഷം പ്രതി ടിക്കറ്റുമായി കടകളിലെത്തുന്നത് കാത്തിരിക്കുകയായിരുന്നു പൊലീസ്.
പൊലീസ് പ്രതീക്ഷിച്ച പോലെ തന്നെ സമ്മാനാർഹമായ ഒരു ടിക്കറ്റ് മാറാനായി ഇയാൾ പാലായിലെ ഒരു കടയിൽ ചെന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരുന്നതിനിടയിലാണ് പ്രതി മറ്റൊരു കേസിൽ കാഞ്ഞിരപ്പിള്ളി പൊലീസിന്റെ പിടിയിലായത്. സ്ഥലത്തെത്തിയ കോതമംഗലം പൊലീസ് ബാബുവിനെ തിരിച്ചറിയുകയായിരുന്നു. ഇയാളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ പിടികൂടിയതിൽ വളരെ സന്തോഷമുണ്ടെന്ന് ലോട്ടറി വിതരണക്കാരനായ ബിൻഷാദ് പറഞ്ഞു.
മറ്റൊരു സംഭവത്തിൽ ലോട്ടറി ടിക്കറ്റിന്റെ നമ്പർ തിരുത്തി കച്ചവടക്കാരനെ കബളിപ്പിച്ചയാൾ കൊല്ലത്ത് പിടിയിലായി. കൊല്ലം കരിക്കോട് താമസിക്കുന്ന ഷാജിനെയാണ് (52) പിടികൂടിയത്. ഏനാത്ത് ജംങ്ഷനിൽ വച്ച് നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. ടിക്കറ്റിന്റെ നമ്പർ തിരുത്തി സമ്മാനാർഹമായ ഭാഗ്യക്കുറിയാണെന്ന് ധരിപ്പിച്ചാണ് ഇയാൾ പണം തട്ടിയത്. ഇയാൾ മടങ്ങിയ ശേഷം ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് കച്ചവടക്കാർക്ക് ചതി മനസ്സിലായത്. തുടർന്ന് കാറിലെത്തി പണം തട്ടിയ ആളിനെ അന്വേഷിച്ച് കച്ചവടക്കാർ പട്ടാഴി റോഡിലെത്തിയപ്പോഴാണ് ഭക്ഷണശാലയ്ക്കു മുന്നിൽ ഇയാളുടെ കാർ കണ്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.