മുംബൈ: തൃശൂർ ചേർപ്പ് ചിറക്കലിൽ സ്വകാര്യ ബസ് ഡ്രൈവർ കോട്ടം മമ്മസ്രയിലത്ത് സഹറിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി രാഹുൽ പിടിയിൽ. ഗൾഫിൽനിന്നും മുംബൈയിൽ വിമാനമിറങ്ങിയ രാഹുലിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥരാണ് പിടികൂടിയത്. ഇയാളെ കേരള പൊലീസിന് കൈമാറും. തിങ്കളാഴ്ച തൃശൂരിൽ എത്തിക്കുമെന്നാണ് കരുതുന്നത്. ചിറക്കൽ സ്വദേശിയായ രാഹുലിന് എതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
പെൺസുഹൃത്തിന്റെ വീട്ടിൽ വന്ന ബസ് ഡ്രൈവർ സഹറിനെ ആക്രമിക്കാൻ പദ്ധതിയിട്ടത് രാഹുലായിരുന്നു. രാഹുലിന്റെ സുഹൃത്തായിരുന്ന യുവതിയുമായി സഹർ സൗഹൃദം സ്ഥാപിച്ചതാണ് മർദന കാരണം. മർദനത്തിൽ സഹറിന്റെ ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
Also Read- തൃശ്ശൂരിൽ ബസ് ഡ്രൈവർ സഹറിന്റെ സദാചാര കൊലപാതകം; നാല് പേർ കൂടി പിടിയിലായി
ഫെബ്രുവരി 18നാണ് വനിതാ സുഹൃത്തിനെ കാണാനെത്തിയ ബസ് ഡ്രൈവറായ സഹറിനെ എട്ട് യുവാക്കൾ ചേർന്ന് മർദ്ദിച്ചത്. ചികിത്സയിലിരിക്കെ മാർച്ച് ഏഴിനാണ് സഹർ മരിച്ചത്. രാത്രി 12 മണിയോടെ തങ്ങളുടെ പ്രദേശത്ത് സഹറിനെ കണ്ട ആറംഗ സംഘം ചോദ്യം ചെയ്യുകയും മർദിക്കുകയുമായിരുന്നു. മര്‍ദനമേറ്റ സഹര്‍, സംഭവത്തിന് ശേഷം വീട്ടിലെത്തി കിടന്നു. എന്നാൽ പുലര്‍ച്ചയോടെ വേദനകൊണ്ട് നിലവിളിച്ചു. ശബ്ദം കേട്ടെത്തിയ മാതാവ് ആദ്യം കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്കും സഹറിനെ എത്തിച്ചു.
Also Read- തൃശൂരിലെ സദാചാര ഗുണ്ടാ ആക്രമണം: ചികിത്സയിലായിരുന്ന ബസ് ഡ്രൈവർ മരിച്ചു; പ്രതികൾ ഒളിവിൽ
തുടർന്ന് സഹറിന്‍റെ ആരോഗ്യ നില വഷളായി. തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന സഹറിനെ പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റി. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. തുടർന്നും വെന്റിലേറ്ററിൽ ചികിത്സയിലിരിക്കയാണ് മരണം സംഭവിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.