നെടുങ്കണ്ടം കസ്റ്റഡി മരണം; മുഖ്യപ്രതി SI സാബു CBI കസ്റ്റഡിയിൽ
നെടുങ്കണ്ടം കസ്റ്റഡി മരണം; മുഖ്യപ്രതി SI സാബു CBI കസ്റ്റഡിയിൽ
പീരുമേട് സബ് ജയിലിൽ റിമാൻഡിൽ ഇരിക്കെയാണ് ജൂൺ 21 ന് രാജ് കുമാർ മരിച്ചത്. സിഐ ആവശ്യപ്പെട്ടിട്ടും എസ്ഐയും മറ്റു പ്രതികളും ഇയാളെ കോടതിയിൽ ഹാജരാക്കിയില്ലെന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇയാൾ സ്റ്റേഷനിൽ വച്ച് ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
കൊച്ചി: നെടുങ്കണ്ടത്ത് രാജ്‌കുമാർ പൊലീസ് കസ്റ്റഡിയിൽ മരിച്ച കേസിൽ മുഖ്യ പ്രതി എസ്ഐ സാബുവിനെ എറണാകുളം സിജെഎം കോടതി ആറു ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വിട്ടു. കൊച്ചി സിബിഐ ഓഫീസിൽ വിളിച്ചുവരുത്തി ഇന്നലെ രാത്രി അറസ്റ്റ് രേഖപ്പെടുത്തിയ സാബുവിനെ ഇന്നുച്ചയോടെയാണ് മുമ്പാണ് കോടതിയിൽ ഹാജരാക്കിയത്.
സാമ്പത്തിക തട്ടിപ്പു കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത രാജ്‌കുമാർ മരിച്ച സംഭവത്തിൽ അന്വേഷണം സിബിഐ ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ അറസ്റ്റാണിത്. സാബുവിന്റെ ജാമ്യം നേരത്തെ സുപ്രീം കോടതി റദ്ദാക്കിയിരുന്നെങ്കിലും ക്രൈംബ്രാഞ്ച് നടപടിയെടുത്തിരുന്നില്ല.
വാഗമണ്‍ സ്വദേശിയായ രാജ് കുമാറിന്റെ അമ്മയും ഭാര്യയും മക്കളുമാണ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് അന്വേഷണം സിബിഐക്ക് നൽകിയത്. കഴിഞ്ഞ ഒക്ടോബറിൽ കേസ് സിബിഐക്ക് വിട്ടിരുന്നെങ്കിലും അന്വേഷണം ആരംഭിച്ചില്ലെന്ന് കാണിച്ച് ബന്ധുക്കൾ വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ മാസം ആദ്യം കോടതി നിർദേശത്തെ തുടർന്നാണ് സിബിഐ കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്. തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണച്ചുമതല. കേസിൽ കൂടുതൽ അറസ്റ്റുകളുണ്ടാകുമെന്നാണ് സൂചന.
കേസിൽ പ്രതികളായ ഏഴ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എറണാകുളം സിജെഎം കോടതിയിൽ കഴിഞ്ഞ 26ന് സിബിഐ എഫ്ഐആർ സമർപ്പിച്ചിരുന്നു. നെടുങ്കണ്ടം സ്റ്റേഷനിലെ എഎസ്ഐ സി.ബി. റെജിമോൻ, ഡ്രൈവർ സിവിൽ പൊലീസ് ഓഫിസമാരായ എസ്. നിയാസ്, സജീവ് ആന്റണി, ഹോംഗാർഡ് കെ.എം. ജെയിംസ് സിവിൽ പൊലീസ് ഓഫിസർ ജിതിൻ കെ. ജോർജ്, അസി. സബ് ഇൻസ്പെക്ടർ റോയി പി. വർഗീസ് എന്നിവരാണ് പ്രതികൾ. സുപ്രീംകോടതിയിൽ നിന്നുള്ള ഉത്തരവു മറ്റ് പ്രതികൾക്കു കൂടി ബാധകമാകുമോ എന്നു പരിശോധിച്ച ശേഷമായിരിക്കും മറ്റുള്ളവരുടെ അറസ്റ്റ്.
പീരുമേട് സബ് ജയിലിൽ റിമാൻഡിൽ ഇരിക്കെയാണ് ജൂൺ 21 ന് രാജ് കുമാർ മരിച്ചത്. സിഐ ആവശ്യപ്പെട്ടിട്ടും എസ്ഐയും മറ്റു പ്രതികളും ഇയാളെ കോടതിയിൽ ഹാജരാക്കിയില്ലെന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇയാൾ സ്റ്റേഷനിൽ വച്ച് ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഇത് വ്യക്തമാണ്. ന്യൂമോണിയ ബാധിച്ചായിരുന്നു മരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ദിവസങ്ങൾ കസ്റ്റഡിയിൽ വച്ച് പീഡിപ്പിച്ചതിന്റെ ഫലമായി ന്യൂമോണിയ ബാധിച്ചതാണ് മരണകാരണമായത് എന്നായിരുന്നു ക്രൈംബ്രാഞ്ച് നിഗമനം.
Published by:Chandrakanth viswanath
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.