നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കാടാമ്പുഴ ഇരട്ട കൊലപാതകം: ഗർഭസ്ഥ ശിശുവിനെ കൊന്നതിന് 10 വർഷം തടവ്; ജീവപര്യന്തം ശിക്ഷ തുടങ്ങുന്നത് അതിന് ശേഷം

  കാടാമ്പുഴ ഇരട്ട കൊലപാതകം: ഗർഭസ്ഥ ശിശുവിനെ കൊന്നതിന് 10 വർഷം തടവ്; ജീവപര്യന്തം ശിക്ഷ തുടങ്ങുന്നത് അതിന് ശേഷം

  ഗർഭസ്ഥ ശിശുവിനെ കൊലപ്പെടുത്തിയതിനുള്ള 10 വർഷത്തെ തടവ് അനുഭവിച്ച ശേഷമേ പ്രതിയുടെ ഇരട്ട ജീവപര്യന്ത ശിക്ഷ തുടങ്ങൂ.തടവ് ശിക്ഷയ്ക്ക് പുറമെ 2.75 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്

  • Share this:
  മലപ്പുറം കാടാമ്പുഴയിൽ പൂർണ ഗർഭിണിയായ യുവതിയേയും മകനെയും ഒപ്പം ഗർഭസ്ഥ ശിശുവിനെയും കൊലപ്പെടുത്തിയ കേസിൽ പ്രതി മുഹമ്മദ് ശെരീഫിന് ഇരട്ട ജീവപര്യന്തവും 15 വർഷം തടവും 2.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.

  പൂർണ ഗർഭിണിയായ ഉമ്മുസൽമയേയും ഏഴ് വയസുകാരനായ മകൻ ദിൽഷാദിനെ കൊലപ്പെടുത്തിയതിന് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച കോടതി, ഗർഭസ്ഥ ശിശുവിനെ കൊലപ്പെടുത്തിയതിന് 10 വർഷം തടവും, 50000 രൂപ പിഴയുമാണ് വിധിച്ചത്. ഇതിന് പുറമെ വീട്ടിൽ അതിക്രമിച്ചു കടന്നതിന് 5 വർഷം തടവും 25000 രൂപ പിഴയും ഉണ്ട്. ഇതിൽ ഗർഭസ്ഥ ശിശുവിനെ കൊലപ്പെടുത്തിയതിനുള്ള 10 വർഷത്തെ തടവ് ആദ്യം അനുഭവിച്ച ശേഷമേ ജീവപര്യന്തം തടവ് തുടങ്ങൂ. പ്രതി ശെരീഫ്‌ ഇന്ന് രാവിലെ പാലക്കാട് ജയിലിൽ വച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു.

  2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. കാടാമ്പുഴ തുവ്വപ്പാറ പല്ലിക്കണ്ടം സ്വദേശിനി വലിയപീടിയേക്കല്‍ ഉമ്മുസല്‍മ (28), ഏക മകന്‍ മുഹമ്മദ് ദില്‍ഷാദ് (7) എന്നിവരെയാണ് കൊലപ്പെടുത്തിയത്. അവിഹിത ബന്ധം പുറത്തറിയാതിരിക്കാനാണ് ശെരീഫ്‌ ഉമ്മുസൽമയേയും മകനേയും കൊന്നത്.

  പൂർണ ഗർഭിണിയായിരുന്ന ഉമ്മുസൽമ കൊലപാതകത്തിനിടെ പ്രസവിക്കുകയും ശുശ്രൂഷ കിട്ടാതെ നവജാത ശിശു മരിക്കുകയും ചെയ്തു. ദിവസങ്ങൾക്ക് ശേഷം പഴക്കംചെന്ന മൃതദേഹങ്ങള്‍ കിടപ്പുമുറിയില്‍ പുഴുവരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

  സാഹചര്യ തെളിവുകളും സൈബർ തെളിവുകളും പരിശോധിച്ചാണ് കോടതി പ്രതി കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയത്. ഐപിസി 302, 316, 449 എന്നീ വകുപ്പ് എന്നീ വകുപ്പുകൾ ആണ് പ്രതിക്ക് എതിരെ ചുമത്തിയിരുന്നത്. ഈ വകുപ്പുകൾ പ്രകാരം ഉള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞു. സാഹചര്യത്തെളിവുകൾ ആയിരുന്നു പ്രധാനം. ഇതിനൊപ്പം സൈബർ തെളിവുകളും ഉണ്ടായിരുന്നു.

  "ഐപിസി 302,316,449 എന്നീ വകുപ്പ് എന്നീ വകുപ്പുകൾ ആണ് പ്രതിക്ക് എതിരെ ചുമത്തിയിരുന്നത്. ഈ വകുപ്പുകൾ പ്രകാരം ഉള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞു. സാഹചര്യത്തെളിവുകൾ ആയിരുന്നു പ്രധാനം. ഇതിനൊപ്പം സൈബർ തെളിവുകളും ഉണ്ടായിരുന്നു. നിർമാണ ജോലികൾ കോൺട്രാക്ട് എടുത്ത് ചെയ്തിരുന്ന പ്രതി മറ്റുള്ളവരുടെ ഫോണിൽ നിന്ന് ആയിരുന്നു ഉമ്മുസൽമയെ വിളിച്ചിരുന്നത്. കടക്കാരുടെ, തൊഴിലാളികളുടെ ഒക്കെ ഫോണിൽ നിന്നും ഇയാള് വിളിച്ചിട്ടുണ്ട്. വിളിച്ച് കഴിഞ്ഞാൽ നമ്പർ ഡിലീറ്റ് ചെയ്യും. ഇവരെ എല്ലാം ചോദ്യം ചെയ്തു കഴിഞ്ഞപ്പോൾ ഇക്കാര്യങ്ങൾ എല്ലാം വ്യക്തമായി. " പ്രോസിക്യൂട്ടർ അഡ്വ. സി വാസു പറഞ്ഞു.

  കോൺട്രാക്ടർ ആയ പ്രതി വീടുപണിക്ക് വന്നപ്പോഴാണ് ഭര്‍ത്താവുമായി പിരിഞ്ഞ് ജീവിക്കുകയായിരുന്ന ഉമ്മുസല്‍മയുമായി അടുപ്പത്തിലാവുന്നത്. ഉമ്മുസല്‍മ ഗര്‍ഭിണിയാവുകയും പ്രസവശേഷം ശെരീഫിനൊപ്പം താമസിക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്തു. എന്നാല്‍, ഭാര്യയും മക്കളുമുള്ള ശെരീഫ്‌ തന്റെ അവിഹിതബന്ധം പുറത്തറിയാതിരിക്കാനാണ് ആസൂത്രിതമായി കൊലപാതകം നടത്തിയതെന്നാണ് കേസ്. കുഞ്ഞ് ജനിച്ചാൽ ഉണ്ടാകുന്ന മാനഹാനി കാരണം ആണ് കൃത്യം നടത്തിയത് എന്നാണ് പ്രതിയുടെ മൊഴി.

  ആദ്യം ഉമ്മുസല്‍മയെയാണ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. ഇത് കണ്ടുകൊണ്ട് വീട്ടിലേക്ക് കയറിവന്ന ദില്‍ഷാദിനെയും ഇതേരീതിയില്‍ കൊലപ്പെടുത്തി. തുടര്‍ന്ന് മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍വേണ്ടി ഇരുവരുടെയും കൈഞരമ്പുകള്‍ മുറിക്കുകയും വീട്ടിന്റെ വാതിലുകള്‍ പൂട്ടി ചാവി വലിച്ചെറിയുകയുമായിരുന്നു.

  ഉമ്മുസല്‍മയുടെ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിന്നീട് പിടിയിലായത്. കസ്റ്റഡിയിലെടുത്ത പ്രതി സ്‌റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
  Published by:Naveen
  First published: