മലപ്പുറം: സ്വർണക്കടത്ത് പിടികൂടുന്നതിൽ സംസ്ഥാനത്ത് മാതൃകയാകുകയാണ് മലപ്പുറം പോലീസിന്റെ കരിപ്പൂർ വിമാനത്താവളത്തിലെ നിരീക്ഷണ സംവിധാനം. ഇതിനകം 100 കേസുകൾ പിടികൂടിയ പോലീസ് പിടിച്ചെടുത്തത് 81.812 കിലോ സ്വർണം ആണ്. ഇതിന്റെ മൂല്യം 42 കോടി രൂപയിൽ അധികം വരും. കഴിഞ്ഞ വർഷം ജനുവരി അവസാനം മുതൽ ആണ് കരിപ്പൂരിൽ പോലീസ് സ്വർണകടത്ത് പിടികൂടാൻ പ്രത്യേക സംവിധാനം തുടങ്ങിയത്. പോലീസ് പിടികൂടിയ സ്വർണ്ണത്തിന്റെ കണക്ക് തന്നെ പറയും ഈ സംവിധാനം എത്ര മാത്രം ഫലപ്രദം ആണെന്ന്.
പോലീസ് പിടിച്ചെടുത്ത 81.812 കിലോ സ്വർണത്തിന്റെ മൂല്യം 42 കോടി 72 ലക്ഷത്തി ആറായിരത്തി 689 രൂപ വരും. കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനകൾ വിജയകരമായി പൂർത്തിയാക്കി പുറത്തിറങ്ങുന്നവരിൽ നിന്ന് ആണ് പോലീസ് സ്വർണം പിടികൂടുന്നത്. ശരീരത്തിന് ഉള്ളിൽ ഒളിപ്പിച്ച് കടത്തുന്ന സ്വർണം എക്സ് റേ പരിശോധനകൾ വരെ നടത്തിയാണ് പിടികൂടുന്നത്. സ്വർണം കടത്തുന്നവർ മാത്രമല്ല കള്ളക്കടത്ത് സ്വർണം കൊണ്ട് പോകാൻ എത്തുന്ന ആളുകളും പോലീസിന്റെ പിടിയിൽ ആകുന്നുണ്ട്.
Also Read- കരിപ്പൂരിൽ കസ്റ്റംസ് മൂന്നുപേരിൽനിന്നായി രണ്ടുകോടിയിലേറെ രൂപയുടെ സ്വർണം പിടികൂടി
കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കാൻ വന്ന നാല് സംഘത്തെ ആണ് പോലീസ് പിടികൂടിയത്. അർജുൻ ആയങ്കി അടക്കമുള്ളമുള്ളവരേയും ഇക്കാലയളവിൽ പോലീസിന് പിടികൂടാൻ കഴിഞ്ഞു. സ്വർണകടത്ത് പിടികൂടുന്നതിന് അപ്പുറം മേഖലയിലെ സുരക്ഷ ഉറപ്പ് വരുത്താൻ പോലീസ് എയ്ഡ് പോസ്റ്റ് കൊണ്ട് സാധിച്ചു. സ്വർണം കൊണ്ടു വരുന്നവർ മാത്രമല്ല, കള്ളക്കടത്ത് സ്വർണം പൊട്ടിച്ച് കടത്തുന്ന സംഘങ്ങളെയും പോലീസ് വലയിലാക്കി. ഇത്തരത്തിൽ ഉള്ള 4 സംഘങ്ങൾ ആണ് ഇക്കാലയളവിൽ പോലീസിന്റെ പിടിയിലായത്. സ്വർണം കൊണ്ടു വരുന്നവരെ വിമാനത്താവള പരിസരത്ത് നിന്നും തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങളും നന്നേ കുറഞ്ഞു.
Also Read- കരിപ്പൂർ സ്വർണവേട്ടയിൽ പൊലീസിന് സെഞ്ച്വറി; പിടിച്ചെടുത്തത് 97 ലക്ഷം രൂപയുടെ സ്വർണം
കള്ളക്കടത്തുകാർ മാത്രമല്ല സ്വർണ്ണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് ഉദ്യോഗസ്ഥരെയും പോലീസ് ഈ സമയത്തിനിടക്ക് പിടികൂടി. മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെയാണ് പോലീസ് സ്വർണക്കടത്ത് കേസുകളിൽ പിടികൂടിയത്. കസ്റ്റംസിനെ വെട്ടിച്ച് പുറത്തിരിക്കുന്ന സ്വർണമാണ് പോലീസ് പിടികൂടുന്നത് ഇത് കസ്റ്റംസിനു ക്ഷീണമാണ്. പിടികൂടിയ സ്വർണമെല്ലാം യാത്രക്കാർ ക്യാപ്സൂൾ രൂപത്തിൽ ശരീരത്തിന് അകത്ത് ഒളിപ്പിച്ചുകൊണ്ടു വരുന്നവയാണ്.
രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഏറെയും സ്വർണം പിടിക്കുന്നത് എങ്കിൽ വിമാനത്താവള പരിസരത്ത് നിരീക്ഷണത്തിലൂടെയും സംശയമുള്ളവരെ പിന്തുടർന്ന് ചോദ്യം ചെയ്തതും എക്സറേ പരിശോധന വരെ നടത്തിയുമാണ് പോലീസ് സ്വർണം പിടികൂടുന്നത്. കസ്റ്റംസ് അന്വേഷണം സ്വർണ്ണ കടത്തുകാരിൽ ഒതുങ്ങുമ്പോൾ സ്വീകരിക്കാനെത്തിയവരും വാഹനങ്ങളും എല്ലാം പോലീസിൻറെ അന്വേഷണത്തിൽ പിടിയിലാകുന്നു.
മലപ്പുറം പോലീസിന്റെ ഇടപെടലിനെ അഭിനന്ദിച്ചു കൊണ്ട് ഈ മാതൃക മറ്റ് വിമാനത്താവളങ്ങളിൽ കൂടി നടപ്പിലാക്കാൻ ആലോചിക്കുന്നു എന്ന് ഡിജിപി അനിൽ കാന്ത് വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.