കോട്ടയം: കാൽ കിലോ കഞ്ചാവുമായി സിനിമ അസിസ്റ്റന്‍റ് ക്യാമറാമാൻ പിടിയില്‍. മുണ്ടക്കയം പുത്തൻവീട്ടിൽ സുഹൈൽ സുലൈമാൻ(28) ആണ് പിടിയിലായത്. മുണ്ടക്കയം പ്രദേശങ്ങളിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ. നീലവെളിച്ചം, ചതുരം, ഹിഗ്വിറ്റ തുടങ്ങിയ സിനിമകളിൽ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചയാളാണ് പിടിയിലായ സുഹൈല്‍ എന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
സംശയം തോന്നി നടത്തിയ പരിശോധനയിലാണ് സുഹൈലിന്റെ കൈയിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തത്.50 ഗ്രാം വീതമുള്ള പാക്കറ്റുകളാക്കി കിടപ്പുമുറിയിൽ കിടക്കയ്ക്ക് അടിയിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥരെ പ്രതിയുടെ കുടുംബാംഗങ്ങൾ തടയാൻ ശ്രമിച്ചു. പരിശോധനയിൽ ചെറിയ ഇലക്ട്രോണിക് ത്രാസും കണ്ടെത്തി.
സുഹൈൽ ഇത്തരത്തിലുളള ലഹരി കോളേജ് വിദ്യാർഥികൾക്കടക്കം വിൽക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പ്രതിയുടെ കഞ്ചാവ് വാങ്ങിയ എരുമേലി തെക്ക് കരിങ്കല്ലുംമൂഴി പടിഞ്ഞാറെ തടത്തേൽ ആരോമൽ സജിയെ രണ്ടാം പ്രതിയാക്കി കേസെടുത്തിട്ടുണ്ട്. പിടിയിലായത് അറിയാതെ നിരവധി പേർ ലഹരി ആവശ്യപ്പെട്ട് സുഹൈൽ സുലൈമാന്റെ ഫോണിൽ ബന്ധപെടുന്നുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോൺ, പ്രിവന്റീവ് ഓഫീസർമാരായ ബിനോദ് കെ.ആർ., അനിൽകുമാർ, നൗഷാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ വി.നിമേഷ് കെ.എസ്., പ്രശോഭ് കെ.വി., ഹരിത മോഹൻ, എക്സൈസ് ഡ്രൈവർ അനിൽ കെ.കെ. എന്നിവർ ചേർന്നാണ് പ്രതിയെ പിടിച്ചത്.
ഇതിനിടെ ചലച്ചിത്ര സംവിധായകന്‍ താമസിച്ച ഈരാറ്റുപേട്ടയിലെ ഹോട്ടല്‍ മുറിയില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ച് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക രംഗത്ത് വന്നിരുന്നു. നിയമപരമായി നടത്തുന്ന് പരിശോധനകള്‍ക്ക് ഞങ്ങൾ എതിരല്ലെന്നും എന്നാല്‍ എക്സൈസ് ഉദ്യേഗസ്ഥരുടെ നടപടി സംശയകരമാണെന്നും ഫെഫ്‍ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.