നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഗൂഡല്ലൂരിൽ മലയാളി വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം; പരാതിപ്പെട്ടതിന് വൈദികന്‍റെ നേതൃത്വത്തിൽ വീടുകയറി അക്രമവും

  ഗൂഡല്ലൂരിൽ മലയാളി വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം; പരാതിപ്പെട്ടതിന് വൈദികന്‍റെ നേതൃത്വത്തിൽ വീടുകയറി അക്രമവും

  മലയാളിയായ കരാട്ടെ അധ്യാപകനാണ് പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഗൂഡല്ലൂർ: ഊട്ടിയ്ക്കടുത്ത് വിമലഗിരി സ്കൂളിൽ ലൈംഗികാതിക്രമത്തിന് ഇരയായ മലയാളി പെൺകുട്ടിക്കും കുടുംബത്തിനുനേരെ അതിക്രമവും. ലൈംഗികാതിക്രമത്തെക്കുറിച്ച് പൊലീസിൽ പരാതിപ്പെട്ടതോടെയാണ് വൈദികന്‍റെ നേതൃത്വത്തിൽ വീട്ടിൽക്കയറി പെൺകുട്ടിയെയും മാതാവിനെയും അക്രമിച്ചത്. മലയാളിയായ കരാട്ടെ അധ്യാപകനാണ് പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയത്. വടക്കൻ കേരളം ആസ്ഥാനമായി നീലഗിരി ജില്ലവരെ വ്യാപിച്ചുകിടക്കുന്ന ഒരു സുറിയാനി സഭയുടെ അധീനതയിലുള്ള വിമലഗിരിയിലെ സ്കൂളിലാണ് സംഭവം.

   അക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിക്ക് ഗൂഡല്ലൂരിലെ ആശുപത്രിയിൽ ചികിത്സ നിഷേധിക്കുകയും ചെയ്തു. പൊലീസിന്‍റെ സമ്മർദ്ദഫലമായാണ് ചികിത്സ നിഷേധിച്ചതെന്നാണ് ആരോപണം. ഇതേത്തുടർന്ന് മലയാളികൾ ഇടപെട്ട് ഊട്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദനത്തിൽ കുട്ടിയുടെ ചെവിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുട്ടിയെയും അമ്മയെയും ആക്രമിച്ചതുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയയ്ക്കുകയായിരുന്നു.

   ബാലപീഡകര്‍ സുരക്ഷിതര്‍; കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന പോക്‌സോ കേസുകളില്‍ ശിക്ഷ ഇല്ല; നീതിതേടി ഇരകള്‍

   മൂന്നു മാസങ്ങൾക്ക് മുമ്പാണ് സ്കൂളിൽ കരാട്ടെ പഠനത്തിനിടെ പെൺകുട്ടിക്കുനേരെ അധ്യാപകനിൽനിന്ന് ലൈംഗികാതിക്രമമുണ്ടായത്. സംഭവത്തെ തുടർന്ന് പെൺകുട്ടി കരാട്ടെ പഠനം അവസാനിപ്പിച്ചെങ്കിലും അധ്യാപകൻ മറ്റു വിദ്യാർഥികളെ ഉപദ്രവിക്കാൻ തുടങ്ങി. സ്കൂളിൽ ചൈൽഡ് ലൈൻ നടത്തിയ കൌൺസിലിങ്ങിനിടെയാണ് ഇക്കാര്യങ്ങൾ പുറത്തുവന്നത്. ഇതോടെ ചൈൽഡ് ലൈൻ പ്രവർത്തകർ സംഭവം സ്ഥലം ഡി.വൈ.എസ്.പിക്ക് റിപ്പോർട്ട് ചെയ്തു. ബാലാവകാശ കമ്മീഷനെയും വിവരം ധരിപ്പിച്ചു. ഇതേത്തുടർന്ന് കരാട്ടെ അധ്യാപകൻ, സ്കൂൾ പ്രിൻസിപ്പൽ, പള്ളി വികാരി എന്നിവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെ പെൺകുട്ടിയും കുടുംബവും പരാതിയുമായി രംഗത്തെത്തി.

   എന്നാൽ ഈ പരാതി പിൻവലിപ്പിക്കാൻ ഇടവക വികാരിയും സംഘവും പെൺകുട്ടിയുടെ കുടുംബത്തിന് മേൽ സമ്മർദ്ദം ചെലുത്തി. ഇതിന് വഴങ്ങാതായതോടെ പെൺകുട്ടിക്കും അമ്മയ്ക്കുമെതിരെ വൈദികൻ അപവാദപ്രചരണം നടത്തി. പെൺകുട്ടിയുടെ അച്ഛനെയും കുടുംബത്തെയും വശത്താക്കുകയും അവർക്കെതിരെ തിരിക്കാനും വികാരി ശ്രമിച്ചു. പള്ളിയിൽ ആരാധനയ്ക്കിടെ വൈദികൻ പെൺകുട്ടിയെയും കുടുംബത്തെയും അപമാനിച്ച് സംസാരിച്ചു. ഈ സംഭവത്തിൽ പെൺകുട്ടിയും അമ്മയും ഗൂഡല്ലൂർ പൊലീസിൽ പരാതി നൽകിയതോടെയാണ് വീടുകയറി അക്രമമുണ്ടായത്. പെൺകുട്ടിയുടെ അച്ഛനും സഹോദരൻമാരുമാണ് അക്രമം നടത്തിയത്. ഈ സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു. വീടുകയറി അക്രമിച്ചതുമായി ബന്ധപ്പെട്ടുള്ള കേസിൽ പള്ളി വികാരി ജാമ്യമെടുക്കാതെ ഒളിവിലാണ്.

   പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമമുണ്ടായതും വീടുകയറിയുള്ള അക്രമവും ഒതുക്കിതീർക്കാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. എന്നാൽ കഴിഞ്ഞ ദിവസം ഈ സംഭവങ്ങളെല്ലാം ദേശീയ മാധ്യമങ്ങളിൽ വാർത്തയായതോടെ പൊലീസ് ആശുപത്രിയിലെത്തി പെൺകുട്ടിയുടെ വിശദമായ മൊഴിയെടുത്തു. പറയാത്ത കാര്യങ്ങൾ മൊഴിയായി എഴുതിചേർത്തതോടെ പെൺകുട്ടി പൊലീസ് നടപടിയെ എതിർത്തു. ഇതോടെ വെള്ളപേപ്പറിൽ ഒപ്പുവയ്പിച്ചാണ് പൊലീസ് മടങ്ങിയത്. സംഭവത്തിൽ പോക്സോ കേസ് എടുക്കേണ്ടതിന് പകരം കുടുംബപ്രശ്നമാക്കി ഒത്തുതീർപ്പാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഒരു പ്രാദേശിക രാഷ്ട്രീയനേതാവാണ് പൊലീസിനെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്നാണ് ആരോപണം.
   First published: