മലപ്പുറം: വള്ളിക്കുന്നില്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചേളാരി സ്വദേശി ഷിബിന്‍ ആണ് പിടിയിലായത്. പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ്. ഇന്‍സ്റ്റഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തതിന് ഷിബിന്‍ പിണങ്ങിയതാണ് പെൺകുട്ടി മരിക്കാൻ കാരണമെന്ന് പറയപ്പെടുന്നു.
വള്ളിക്കുന്ന് അരിയല്ലൂരില്‍ കഴിഞ്ഞദിവസം പെണ്‍കുട്ടി ട്രെയിന്‍തട്ടി മരിച്ച സംഭവത്തിലാണ് പ്രേരണാകുറ്റം ചുമത്തി യുവാവിനെ അറസ്റ്റ് ചെയ്തത്. ചേളാരി വളപ്പില്‍ സ്വദേശി മുണ്ടന്‍കുഴിയില്‍ ഷിബിന്‍ എന്ന 24കാരനെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. മരിച്ച സുനുഷയുമായി ഷിബിന്‍ പ്രണയത്തിലായിരുന്നു. മൊബൈല്‍ ഫോണില്‍ സുനുഷ ഇന്‍സ്റ്റഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തതിന് ഷിബിന്‍ നിരന്തരം പെണ്‍കുട്ടിയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നതായി പറയപ്പെടുന്നു.
പ്രണയദിനത്തിലും തര്‍ക്കം തുടര്‍ന്നതോടെ ഇരുവരും പിണങ്ങി. പിണക്കം മാറ്റണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ഷിബിന്‍ തയ്യാറാകാതിരുന്നതോടെ പെണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് ഷിബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഷിബിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെ വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന് വടക്കുഭാഗത്താണ് അരിയല്ലൂര്‍ ദേവിവിലാസം സ്കൂളിന് സമീപം താമസിക്കുന്ന വളയനാട്ടുതറയില്‍ സുനുഷ എന്ന 17കാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹോളി ഫാമിലി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് സുനുഷ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.