• HOME
  • »
  • NEWS
  • »
  • crime
  • »
  • വിവാഹത്തിനായി മുസ്ലീം യുവതിയെ മതംമാറ്റി; രണ്ടു തവണ ഗർഭഛിദ്രം നടത്തിയ ശേഷം ഉപേക്ഷിച്ചു; യുവാവ് അറസ്റ്റിൽ

വിവാഹത്തിനായി മുസ്ലീം യുവതിയെ മതംമാറ്റി; രണ്ടു തവണ ഗർഭഛിദ്രം നടത്തിയ ശേഷം ഉപേക്ഷിച്ചു; യുവാവ് അറസ്റ്റിൽ

ഗർഭം അലസിപ്പിക്കാൻ ആഗ്രഹിച്ചുവെങ്കിലും യുവതി അത് അംഗീകരിച്ചില്ല. ഇതോടെ ഏതുവിധേനയും ഗർഭം അലസിപ്പിക്കാനുള്ള പദ്ധതികൾ അനുജ് ആസൂത്രണം ചെയ്തു.

Marriage

Marriage

  • Share this:
    ആഗ്ര: മുസ്ലീം യുവതിയെ മതംമാറ്റി വിവാഹം കഴിച്ച ശേഷം ഉപേക്ഷിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിലായി. ആഗ്രയിലാണ് സംഭവം. യുവതിയെ ഉപേക്ഷിക്കുന്നതിന് മുമ്പ് നിർബന്ധിച്ച് രണ്ടുതവണ ഗർഭച്ഛിദ്രത്തിന് വിധേയാക്കിയതായും യുവതി നൽകിയ പരാതിയിൽ പറയുന്നു. 31കാരനായ അനുജ് കുമാർ എന്നയാളാണ് അറസ്റ്റിലായത്. അനുജിനെ കൂടാതെ നിയമവിരുദ്ധമായി ഗർഭം അലസിപ്പിക്കലിന് പ്രതിയെ സഹായിച്ച ഡോക്ടർ ഉൾപ്പെടെ ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തു. വഞ്ചനാ കുറ്റമാണ് അനുജിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

    സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, 30 വയസുകാരിയായ സൈമയെ അഞ്ച് വർഷം മുമ്പ് 2016 ൽ ആഗ്രയിലെ ഒരു കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽവെച്ചാണ് അനുജ് പരിചയപ്പെടുന്നത്. അവിടെ ഫിസിക്സ് അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു അനുജ്. കോച്ചിംഗ് സെന്ററിൽ കൗൺസിലറായി ജോലി ചെയ്തുവരികയായിരുന്നു യുവതി. ഇരുവരും പ്രണയത്തിലാകുകയും വിവാഹം കഴിക്കാമെന്ന അനുജിന്‍റെ വാഗ്ദാനം യുവതി സ്വീകരിക്കുകയുമായിരുന്നു. എന്നാൽ, ഈ നിർദ്ദേശത്തെ സൈമയുടെ കുടുംബം എതിർത്തിരുന്നു. പെൺകുട്ടിയെ ഹിന്ദുമതം സ്വീകരിച്ചാൽ മാത്രമേ വിവാഹത്തിന് സമ്മതിക്കുകയുള്ളൂവെന്ന് അനുജിന്റെ കുടുംബം അറിയിച്ചു.

    തുടർന്ന് ഉത്തർപ്രദേശിലെ കസ്ഗഞ്ച് ജില്ലയിൽ നടന്ന 'ധർമ പരിവർത്തൻ' (മതപരിവർത്തനം) ചടങ്ങിൽ യുവതി ഹിന്ദുമതത്തിലേക്ക് മാറുകയും ചെയ്തു. അവിടെ വെച്ച് യുവതി അനു എന്ന പുതിയ പേര് സ്വീകരിച്ചു. 2017 മെയ് മാസത്തിൽ ആഗ്രയിലെ ഒരു ഹിന്ദു ക്ഷേത്രത്തിൽ വെച്ച് ഇരുവരും വിവാഹിതരായെന്നാണ് റിപ്പോർട്ട്. അനുജിനെ വിവാഹം കഴിച്ച ശേഷം കുടുംബം യുവതിയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചു.

    Also Read- Driving Licence | ഡ്രൈവിങ് ടെസ്റ്റ് നടത്താതെ ലൈസൻസ് നൽകാൻ പുതിയ പദ്ധതിയുമായി കേന്ദ്രം

    വിവാഹത്തെത്തുടർന്ന് അനുജ് സ്വന്തമായി ഒരു കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചതിനാൽ ദമ്പതികൾ കസ്ഗഞ്ചിലേക്ക് മാറി. താമസിയാതെ, യുവതി ഗർഭിണിയായി. എന്നാൽ ഈ ഗർഭം അലസിപ്പിക്കാൻ അനുജ് നിർബന്ധിച്ചതോടെ യുവതി അതിന് തയ്യാറാകുകയായിരുന്നു. ആദ്യത്തെ ഗർഭച്ഛിദ്രത്തിന് ശേഷം, 2018 ൽ താൻ വീണ്ടും ഗർഭിണിയാണെന്ന് പെൺകുട്ടി പറഞ്ഞു. എന്നാൽ രണ്ടാം തവണയും അനുജ് തന്റെ ഗർഭധാരണത്തെ എതിർത്തു, ഗർഭം അലസിപ്പിക്കാൻ ആഗ്രഹിച്ചുവെങ്കിലും അവൾ അത് അംഗീകരിച്ചില്ല. ഇതോടെ ഏതുവിധേനയും ഗർഭം അലസിപ്പിക്കാനുള്ള പദ്ധതികൾ അനുജ് ആസൂത്രണം ചെയ്തു.

    ഗർഭം ധരിച്ച് ഏഴുമാസത്തിനുശേഷം അനുജ് നൈനിറ്റാളിലേക്ക് ഒരു അവധിക്കാല യാത്രയ്ക്ക് പദ്ധതിയിട്ടു. പതിവായി ആരോഗ്യപരിശോധന നടത്താൻ അനുജ് ഭാര്യയോട് നിർദ്ദേശിച്ചു. നൈനിറ്റാളിലേക്കുള്ള യാത്രാമധ്യേ, ഒരു ഡോക്ടറെ കാണാൻ ദമ്പതികൾ ബറേലിയിൽ നിർത്തി. "ഒരു ഡോക്ടർ എനിക്ക് രണ്ട് ഗുളികകൾ തന്നു, അത് ഞാൻ കഴിച്ചു. പിറ്റേന്ന് രാവിലെ ഞാൻ ഉറക്കമുണർന്നപ്പോൾ കുട്ടിയെ ഗർഭം അലസിപ്പിച്ചു," റിപ്പോർട്ട് ഉദ്ധരിച്ച് യുവതി പറഞ്ഞു. ഒരാഴ്ചയ്ക്ക് ശേഷമാണ് ആശുപത്രി വിടാനായതെന്നും യുവതി പരാതിയിൽ പറയുന്നു.

    രണ്ടാമത്തെ ഗർഭച്ഛിദ്രത്തെത്തുടർന്ന് ഇരുവരും ആഗ്രയിലേക്ക് മാറി. 2020 നവംബറിൽ, ഡൽഹിയിലും ലഖ്‌നൗവിലും തനിക്ക് കുറച്ച് ജോലി ഉണ്ടെന്നും ഒരാഴ്ചയ്ക്കുള്ളിൽ തിരിച്ചെത്തുമെന്നും പറഞ്ഞ് അനുജ് വീട്ടിൽ നിന്ന് പോയി. എന്നാൽ പിന്നീട് അനൂജ് തിരിച്ചെത്തിയില്ലെന്ന് യുവതി പറഞ്ഞു. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് അനുജ് തന്നെ ചതിച്ചതാണെന്ന് യുവതിക്ക് മനസിലായത്. യുവതിയെ ഉപേക്ഷിച്ച ശേഷം അനുജ് ഉത്തർപ്രദേശിലെ മണിപ്പൂരിയിൽ താമസിക്കുകയായിരുന്നു. ഈ വർഷം മാർച്ചിലാണ് യുവതി അനുജിനെതിരെ പൊലീസ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ അനുജിനെതിരെ ലോഹ മണ്ഡി പോലീസ് സ്റ്റേഷനിൽ നിർബന്ധിച്ച് മതംമാറ്റി വിവാഹം കഴിച്ചതിനും വഞ്ചനയ്ക്കും ക്രിമിനൽ ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ, സ്ത്രീയുടെ സമ്മതമില്ലാതെ ഗർഭം അലസിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
    Published by:Anuraj GR
    First published: