പത്തനംതിട്ട: അടൂരിൽ പോസ്‌റ്റ് ഓഫീസിലൂടെ പാഴ്‌സലില്‍ എത്തിയ ഹാഷിഷ് പിടികൂടി. ജില്ലാ പോലീസ് മേധാവിയുടെ ഡാന്‍സാഫ് സംഘമാണ് ഹാഷിഷ് പിടികൂടി. പാഴ്സൽ ഏറ്റുവാങ്ങാനെത്തിയ അടൂർ ചൂരക്കോട് അറവിളയില്‍ വീട്ടില്‍ അരുണ്‍ വിജയനെ (27) ആണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഡാന്‍സാഫ് ടീമും ഏനാത്ത് പോലീസും സംയുക്‌തമായാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ വന്ന കാറും കസ്റ്റഡിയിലെടുത്തു.
ഹിമാചല്‍ പ്രദേശില്‍ നിന്നാണ് അരുൺ വിജയന്‍റെ മേൽവിലാസത്തില്‍ പാഴ്‌സല്‍ എത്തിയത്. അന്താരാഷ്ര്‌ട വിപണിയില്‍ മൂന്ന് ലക്ഷത്തോളം വില വരുന്ന ഹാഷിഷാണ് പാഴ്സലായി എത്തിയത്. ജാക്കറ്റിനുള്ളില്‍ പൊതിഞ്ഞ സ്‌പീക്കറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പാര്‍സല്‍.
പാഴ്സലിൽ നാല് പ്ലാസ്‌റ്റിക് പൊതിക്കുള്ളിലായി മെഴുകു രൂപത്തില്‍ ബോളുകളാക്കിയ നിലയിലായിരുന്നു ലഹരിവസ്‌തു ഉണ്ടായിരുന്നത്. പാഴ്സലായി ഹാഷിഷ് വരുന്നുവെന്ന വിവരം ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇക്കാര്യം ജില്ലാ നര്‍കോട്ടിക് സെല്‍ ഡിവൈ. എസ്.പിയും ഡാന്‍സാഫ് ജില്ലാ നോഡല്‍ ഓഫീസറുമായ കെ. എ വിദ്യാധരന് കൈമാറുകയായിരുന്നു. തുടർന്ന് നടത്തിയ നീക്കത്തിലാണ് പ്രതിയെ പിടികൂടിയത്.
കസ്റ്റഡിയിലെടുത്ത അരുൺ വിജയനെ പൊലീസ് വിശദമായി ചോദ്യം ചെയ്‌തുവരികയാണ്. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ചെറുകിട കച്ചവടക്കാര്‍ക്ക് ലഹരിവസ്‌തു എത്തിച്ചുകൊടുക്കാറുണ്ടെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. ഹാഷിഷിന്റെ ഉറവിടത്തെപ്പറ്റിയും, ഇയാള്‍ക്കൊപ്പം കൂട്ടാളികള്‍ ഉണ്ടോ എന്നതിനെക്കുറിച്ചും കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് പറഞ്ഞു.
ഡിവൈ.എസ്.പി ആര്‍. ജയരാജിന്റെ മേല്‍നോട്ടത്തില്‍ ഏനാത്ത് പോലീസ് ഇന്‍സ്‌പെക്‌ടര്‍ കെ.ആര്‍. മനോജ് കുമാര്‍, എസ്.ഐ ശ്യാമകുമാരി, ഡാന്‍സാഫ് എസ്.ഐ അജി സാമൂവല്‍, ജില്ലാ ക്രൈം ബ്രാഞ്ച് എസ്.ഐ അനൂപ്, ഏനാത്ത് പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐമാരായ രാധാകൃഷ്‌ണന്‍, രമേശന്‍, എസ്.സി.പി ഓ മുജീബ്, സി.പി.ഓ യുനിസ്, ഡാന്‍സാഫ് എ.എസ്.ഐ അജികുമാര്‍, സി.പി.ഓമാരായ മിഥുന്‍ ജോസ്, ബിനു, ശ്രീരാജ്, അഖില്‍, സുജിത് , നര്‍കോട്ടിക് സെല്‍ യൂണിറ്റിലെ എസ്.ഐ അനില്‍, എ.എസ്.ഐമാരായ മുജീബ് റഹ്‌മാന്‍, പ്രകാശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Drugs, Kerala, Pathanamthitta