തിരുവനന്തപുരം: കെഎസ്എഫ്ഇ മാവേലിക്കര കണ്ടിയൂർ ശാഖയിൽ കവർച്ചക്ക് ശ്രമിച്ചയാൾ പിടിയിലായി. ശാഖയുടെ പൂട്ടുതകർത്ത് മോഷണം നടത്താൻ ശ്രമിക്കുന്നതിടെയാണ് മോഷ്ടാവ് പൊലീസിന്റെ പിടിയിലായത്. ചെട്ടികുളങ്ങര ഈരേഴവടക്ക് ആതിരഭവനത്തിൽ ഓമനക്കുട്ടൻ (52)ആണ് അറസ്റ്റിലായത്. മകളുടെ കല്യാണ ആവശ്യത്തിന് പണം കണ്ടെത്താനാണ് കവർച്ചയ്ക്ക് ശ്രമിച്ചതെന്നാണ് ഇയാൾ മൊഴി നൽകിയത്. തിങ്കളാഴ്ച പുലർച്ചേ ഒന്നരയോടെയാണ് സംഭവം.
ഷട്ടറിന്റെയും ഗ്രില്ലിന്റെയും ചില്ലുവാതിലിന്റെയും പൂട്ടുതകർത്താണ് ഒമനക്കുട്ടൻ അകത്തുകടന്നത്. ഷട്ടറുയർത്തുന്ന ശബ്ദംകേട്ട് തൊട്ടടുത്ത് താമസിക്കുന്ന കെട്ടിടയുടമ കെ എൽ ദേവലാൽ വാർഡംഗം കെ. ഗോപനെ വിവരമറിയിച്ചു. വാർഡ് മെമ്പർ അറിയിച്ചതനുസരിച്ച് മൂന്നുജീപ്പുകളിലായി പൊലീസെത്തി. പൊലീസ് അകത്തുകടന്നപ്പോൾ ഇയാൾ മേശയുടെ അടിയിൽ ഒളിച്ചിരിക്കുകയായിരുന്നു.
കമ്പിപ്പാര, ഉളി, ഇരുമ്പുപൈപ്പ്, ചെറിയടോർച്ച് എന്നിവ കൈയിലുണ്ടായിരുന്നു. സ്കൂട്ടർ സമീപത്തെ വസ്ത്രക്കടയുടെ അടുത്ത് ഒളിപ്പിച്ചിരിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി. റിമാൻഡ് ചെയ്ത പ്രതിയെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പരിശോധന ഫലം വന്ന ശേഷം കസ്റ്റഡിയിൽ വാങ്ങി വിശദമായി തെളിവെടുക്കും.
സിപിഎം ഈരേഴവടക്ക് ബ്രാഞ്ച് മുൻസെക്രട്ടറിയാണ് ഓമനക്കുട്ടൻ. എന്നാൽ, ഇയാൾക്ക് നിലവിൽ പാർട്ടിയുമായി ബന്ധമില്ലെന്ന് സിപിഎം മാവേലിക്കര ഏരിയ സെക്രട്ടറി കെ.മധുസൂദനൻ അറിയിച്ചു.
TRENDING രാജസ്ഥാനിലെ കൂട്ടമരണം; പൊലീസ് അതിക്രമങ്ങൾക്ക് നേരെ വിരൽ ചൂണ്ടി ആത്മഹത്യാ കുറിപ്പ്
[NEWS]Shooting outside White House| ട്രംപിന്റെ വാർത്താസമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്പ് [NEWS] Sushant Singh Rajput Case | 'മാധ്യമ വിചാരണ അന്യായം' സുപ്രീം കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ച് റിയ ചക്രബർത്തി
[NEWS]നേരത്തെയും ഓമനക്കുട്ടൻ മോഷണശ്രമത്തിനിടെ പിടിയിലായിരുന്നു. അന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.2019 ജനുവരി ഒന്നിന് പുലർച്ചേ സമീപവാസിയുടെ വീട്ടിൽ മോഷണത്തിന് ഓമനക്കുട്ടൻ ശ്രമിച്ചത്. ഇതിനായി യന്ത്രമുപയോഗിച്ച് തെങ്ങിൽക്കയറിയ ഓമനക്കുട്ടന്റെ കാൽ യന്ത്രത്തിൽകുടുങ്ങി. തൂങ്ങിക്കിടന്ന ഇയാളെ നാട്ടുകാരാണ് താഴെയിറക്കിയത്. മോഷണശ്രമത്തിന് മാവേലിക്കര പൊലീസ് കേസെടുക്കുകയുംചെയ്തു. യന്ത്രത്തിന്റെ കാര്യക്ഷമത പരിശോധിക്കാൻ കയറിയതെന്നായിരുന്നു അന്ന് ഇയാളുടെ വാദം.
എന്നാൽ മോഷണശ്രമവുമായി ബന്ധപ്പെട്ട് മാവേലിക്കര പോലീസ് പിടികൂടിയ വ്യക്തി സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് എന്നത് വസ്തുതാപരമല്ലെന്ന് സിപിഎം അറിയിച്ചു.
ഈ വ്യക്തിക്ക് നിലവിൽ സിപിഎമ്മുമായി ഒരു തരത്തിലുള്ള ബന്ധവുമില്ല. രാഷ്ട്രീയ ദുരുദ്ദേശത്തോടെ ആർഎസ്എസ് വ്യാജവാർത്ത പ്രചരിപ്പിക്കുകയാണ്. 2019 ഡിസംബറിൽ മാവേലിക്കര ഏരിയാ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജി ഹരിശങ്കറും ജില്ലാ കമ്മിറ്റി അംഗം മുരളി തഴക്കരയും പങ്കെടുത്ത ചെട്ടികുളങ്ങര വടക്ക് ലോക്കൽ കമ്മിറ്റിയിൽ ലോക്കൽ സെക്രട്ടറി ശ്രീപ്രകാശ് 15 ബ്രാഞ്ചുകളെ സംബന്ധിച്ച് അവതരിപ്പിച്ച റിപ്പോർട്ടിൽ ഈരേഴ വടക്ക് ബ്രാഞ്ച് സെക്രട്ടറി ഓമനക്കുട്ടനെ കുറിച്ച് ഗൗരവമുള്ള ചില കാര്യങ്ങൾ സൂചിപ്പിച്ചിരുന്നു. ഇക്കാര്യങ്ങൾ കമ്മിറ്റി ചർച്ച ചെയ്തു. ഓമനക്കുട്ടന്റെ ഭാഗത്ത് ഗുരുതരമായ പാർട്ടി അച്ചടക്ക ലംഘനം നടക്കുന്നതായി ബോധ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ ഓമനക്കുട്ടനെ പാർട്ടി അംഗത്വത്തിൽ നിന്ന് അന്വേഷണം നടത്തി ഒഴിവാക്കാൻ ലോക്കൽ കമ്മിറ്റിയെ ചുമതലപ്പെടുത്തി. തുടര്ന്ന് ജനുവരിയിൽ ഈരേഴ വടക്ക് ബ്രാഞ്ച് പാർട്ടി അംഗത്വത്തിൽ നിന്ന് ഓമനക്കുട്ടനെ ഒഴിവാക്കി ലോക്കൽ കമ്മിറ്റി അംഗമായ സുരേന്ദ്രകുമാർ ബ്രാഞ്ച് സെക്രട്ടറിയായി. ഓമനക്കുട്ടന് നിലവിൽ സിപിഎമ്മുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ല എന്നും മറിച്ചുള്ള ദുഷ്പ്രചരണങ്ങൾ തള്ളിക്കളയാൻ അഭ്യർത്ഥിക്കുന്നതായും മാവേലിക്കര ഏരിയ സെക്രട്ടറി കെ മധുസൂദനൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.