തൃശൂർ: വിഷുക്കണി ഒരുക്കാൻ ഭാര്യയുടെ വിളക്ക് എടുത്തതിന് അമ്മയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിലായി. അന്തിക്കാട് കാരമുക്ക് വാലിപ്പറമ്പിൽ സുധീഷ്(38) ആണ് അറസ്റ്റിലായത്. വിഷുക്കണി ഒരുക്കാൻ ഭാര്യയുടെ വിളക്കും ഇടങ്ങഴിയും അമ്മ എടുത്തതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് ആക്രമണം ഉണ്ടായത്. സുധീഷ് വിളക്കുകൊണ്ടു അമ്മയുടെ കൈയിൽ അടിക്കുകയായിരുന്നു. ഇതേത്തുടർന്ന് അമ്മയുടെ കൈയ്ക്ക് പൊട്ടൽ ഉണ്ടായിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് സുധീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ക്യൂ നിൽക്കാതെ വയോധികന് 1200 രൂപയ്ക്ക് മൂന്ന് കുപ്പി; ഞെട്ടിയത് വിഷു ആഘോഷിക്കാനെടുത്തപ്പോൾ
ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റിന് സമീപം മദ്യത്തിന് പകരം കുപ്പിയിൽ കട്ടൻചായ നൽകി തട്ടിപ്പ്. ആലപ്പുഴ കായംകുളത്താണ് സംഭവം. ബിവറേജസ് കോർപറേഷനിൽ നിന്ന് മദ്യം വാങ്ങാനായി വരിനിന്ന വയോധികനാണ് തട്ടിപ്പിനിരയായത്. വരി നിൽക്കേണ്ടതില്ലെന്നും മൂന്ന് കുപ്പിക്ക് 1200 രൂപ തന്നാൽ മതിയെന്നും പറഞ്ഞാണ് ആറ്റിങ്ങൽ സ്വദേശിയായ വയോധികനെ കബളിപ്പിച്ചത്. കൃഷ്ണപുരം കാപ്പിൽ ഭാഗത്ത് പൈപ്പ് പണിക്കെത്തിയ ആളാണ് തട്ടിപ്പിന് ഇരയായത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് മദ്യം വാങ്ങാനായി എത്തിയപ്പോഴാണ് നീണ്ട ക്യൂ കണ്ടത്. ഏറ്റവും പിന്നിലായാണ് ആറ്റിങ്ങൽ സ്വദേശി നിന്നത്. പിറ്റേദിവസം ദുഃഖവെള്ളി ആയതിനാൽ ബിവറേജസ് ഷോപ്പുകൾക്ക് അവധിയായിരുന്നു. അതിനാലാണ് മദ്യം വാങ്ങാനായി വൻ തിരക്ക് അനുഭവപ്പെട്ടത്. ഇതിനിടെ ഏറ്റവും പിന്നിൽ നിന്ന വയോധികനെ ഒരാൾ സമീപിച്ച് 1200 രൂപയ്ക്ക് മൂന്ന് കുപ്പി നൽകാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. ബിവറേജസിലെ അതേ വിലയ്ക്ക് നൽകാമെന്ന് പറഞ്ഞതോടെ, പണം നൽകി അത് വാങ്ങുകയും ചെയ്തു.
പണിസ്ഥലത്തിനോട് ചേർന്ന വാടകവീട്ടിലെത്തി വിഷു ആഘോഷിക്കാനായി കുപ്പി പൊട്ടിയപ്പോഴാണ് ശരിക്കും ഞെട്ടിയത്. മദ്യമെന്ന പേരിൽ നൽകിയത് കട്ടൻചായ ആയിരുന്നു. ഇതേത്തുടർന്ന് പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.