തിരുവനന്തപുരം: ഗുരുവായൂരിൽ ഹോട്ടൽ ഉടമയെ ഫോണിൽ വിളിച്ച് സോഷ്യൽ മീഡിയ ചാനൽ റിപ്പോർട്ടറാണെന്ന് അവകാശപ്പെട്ട് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട യുവാവ് പിടിയിൽ. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി കയറാതിരിക്കണമെങ്കിൽ 15000 രൂപ തരണമെന്നാവശ്യപ്പെട്ടാണ് ഭീഷണിപ്പെടുത്തിയത്.
തിരുവനന്തപുരം തൈക്കാട് കുക്കിലിയാർ ലൈനിൽ ശിവ കൃപ വീട്ടിൽ ബേബിയുടെ മകൻ ശിവപ്രസാദിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ മറ്റ് സ്ഥലങ്ങളിൽ ഇത്തരം തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്. ആരോഗ്യ-ഹെൽത്ത് വിഭാഗം ഗുരുവായൂരിലെ ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തിയിരുന്നു. ഇതിനിടയിലാണ് ഇയാൾ ഹോട്ടലുടമയെ വിളിച്ച് പണം ചോദിച്ചത്.
വിശദമായ അന്വേഷണം നടത്തിയതിൽ നിന്നും ഇയാൾ റിപ്പോർട്ടർ അല്ലെന്ന് തെളിയുകയായിരുന്നു. ഉടനെ പോലീസിൽ പരാതി നൽകി. ഒളിവിൽ പോയ ശിവപ്രസാദ് ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടി. അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായ പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime, Impersonation