മലപ്പുറം മങ്കടയില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തിലൂടെ പണം വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവ് അറസ്റ്റിലായി. വളാഞ്ചേരി എടയൂര്‍ പട്ടമ്മര്‍തൊടി മുഹമ്മദ് റാഷിദിനെ (22) യാണ് മങ്കട പോലീസ് അറസ്റ്റുചെയ്തത്. അഞ്ചുലക്ഷം രൂപ തട്ടിയെടുത്തെന്ന മങ്കട വടക്കാങ്ങര സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.
യൂട്യൂബ് വീഡിയോ ലിങ്ക് വഴി പരസ്യം നല്‍കിയാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. യുവതിയില്‍നിന്ന് ഒരുലക്ഷം വാങ്ങി എട്ടു മണിക്കൂറിന് ശേഷം മുടക്കുമുതലും ഒരു ലക്ഷത്തി നാല്‍പ്പതിനായിരം രൂപ ലാഭവും തിരികെ ലഭിക്കുമെന്നാണ് ഇയാള്‍ പറഞ്ഞ് വിശ്വസിപ്പിച്ചത്. നവംബര്‍ 30 മുതല്‍ ഡിസംബര്‍ മൂന്ന് വരെ ഇങ്ങനെ അഞ്ചുലക്ഷം രൂപ തട്ടിയെടുത്തു. പറഞ്ഞ തുക കിട്ടാത്തതിനെത്തുടര്‍ന്ന് യുവതി മങ്കട പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
റാഷിദിനെതിരേ സമാനമായ മറ്റ് പരാതികളുമുണ്ട്. ഇയാള്‍ ഗോവയില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പങ്കെടുത്തതായും പണം നഷ്ടമായതായും പോലീസ് പറഞ്ഞു. മങ്കട എസ്.ഐ. സി.കെ. നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘവും പെരിന്തല്‍മണ്ണ ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് അറസ്റ്റുചെയ്തത്. കൂടുതല്‍ പേരില്‍നിന്ന് പണം തട്ടിയതിനെക്കുറിച്ച് അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.