• HOME
 • »
 • NEWS
 • »
 • crime
 • »
 • കൊലക്കേസില്‍ കോടതി വെറുതേവിട്ടയാള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയതിന് പിടിയില്‍; ടോവിനോയുടെ കഥാപാത്രത്തിന് പ്രേരണയായ 'കുപ്രസിദ്ധ പയ്യന്‍'

കൊലക്കേസില്‍ കോടതി വെറുതേവിട്ടയാള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയതിന് പിടിയില്‍; ടോവിനോയുടെ കഥാപാത്രത്തിന് പ്രേരണയായ 'കുപ്രസിദ്ധ പയ്യന്‍'

സുന്ദരിയമ്മ എന്ന വയോധിക വെട്ടേറ്റ് കൊല്ലപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് പിടികൂടുകയും പിന്നീട് കോടതി വെറുതെ വിടുകയും ചെയ്തിരുന്നു.

 • Share this:
  കോഴിക്കോട് കുറ്റിച്ചിറയില്‍ കുട്ടികളെ(children) തട്ടിക്കൊണ്ടു(kidnapping) പോയ കേസിലെ പ്രതിയെ ടൗണ്‍ പോലീസ് പിടികൂടി. എട്ടും, പത്തും, പന്ത്രണ്ടും വയസ്സുള്ള കുട്ടികളെ തട്ടിക്കൊണ്ടു പോയ കേസില്‍ ചക്കുംകടവ് നായ് പാലം സ്വദേശിയായ ജയേഷ് എന്ന ജബ്ബാറിനെയാണ് പോലീസ് പിടികൂടിയത്. ഏറെ കോളിളക്കം സൃഷ്ടിച്ച സുന്ദരിയമ്മ കൊലക്കേസില്‍(Sundari Amma murder case) കോടതി വെറുതെ വിട്ടയാളാണ്(acquitted) ജയേഷ്.

  കഴിഞ്ഞ മാസം 26ആം തിയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ട്യൂഷന്‍ ക്ലാസിലേക്ക് പോയ കുട്ടികളെ പ്രതി വളര്‍ത്തു മീനിനെ വാങ്ങി തരാമെന്ന് പറഞ്ഞു കുറ്റിച്ചിറയില്‍ നിന്നും ഗുജറാത്തി സ്ട്രീറ്റിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് തട്ടി കൊണ്ടുപോവുകയായിരുന്നു. ഇതില്‍ രണ്ടു കുട്ടികള്‍ അവിടെ നിന്നും ഓടി പോവുകയും 10 വയസ്സുകാരനെ ഇയാള്‍ നിര്‍ത്തിയിട്ട ഗുഡ്സ് വണ്ടിയില്‍ കയറ്റിയിരുത്തുകയുമായിരുന്നു. ഒരു കാര്‍ വരുമെന്നും അതില്‍ കയറി ബീച്ചിലൂടെ കറങ്ങാം എന്നും പറഞ്ഞപ്പേള്‍ കുട്ടി പേടിച്ച് ഗുഡ്സില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.

  കുട്ടികളുടെ മൊഴിയില്‍ നിന്നും സിസിടിവി പരിശോധനയിലൂടെയും പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് മുഖദാറില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു. ടൗണ്‍ പൊലീസ് സ്റ്റേഷനിലെ എസ് ഐ മാരായ ഷൈജു. സി, സുനില്‍കുമാര്‍, സീനിയര്‍ സിപിഒ സജേഷ് കുമാര്‍, സിപിഒ മാരായ, പ്രബീഷ്, ഷിജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

  ജയേഷ് എന്ന ജബ്ബാറിനെ 2012 ജൂലൈ 21ന് വട്ടക്കിണറിന് സമീപം സുന്ദരിയമ്മ എന്ന വയോധിക വെട്ടേറ്റ് കൊല്ലപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് പിടികൂടുകയും പിന്നീട് കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. തന്റെ ഒറ്റമുറി വീട്ടില്‍ തനിച്ച് താമസിച്ചിരുന്ന സുന്ദരിയമ്മ(69) പുലര്‍ച്ചെ ഒന്നര മണിയോടെ ഓടു പൊളിച്ച് കടന്ന അജ്ഞാതന്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വെട്ടുകത്തി കൊണ്ട് തലയ്ക്കും നെഞ്ചിനും ഇരുകൈകളിലും വെട്ടിയിരുന്നു. നാട്ടുകാര്‍ അവരെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മൂന്നു മണിക്കൂറിനുള്ളില്‍ അവര്‍ മരണമടഞ്ഞു. കോയമ്പത്തൂരില്‍ നിന്നും കേരളത്തിലെത്തിയ സുന്ദരിയമ്മ മക്കളുടെ വിവാഹ ശേഷം തനിച്ചു താമസിക്കുകയായിരുന്നു.

  ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്തതിന് പിന്നാലെയാണ് മീഞ്ചന്തയ്ക്ക് അടുത്തുള്ള ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ജയേഷ് അറസ്റ്റിലാവുന്നത്. കൊലയ്ക്ക് ഉപയോഗിച്ച കത്തി ഉള്‍പ്പെടെ ജയേഷിന്റെ അലമാരയില്‍ നിന്ന് കണ്ടെടുത്തു. അറസ്റ്റിലായ ജയേഷ് ഒന്നര വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞു. എന്നാല്‍ ക്രൈംബ്രാഞ്ച് വാദങ്ങളെ ജയേഷിന്റെ അഭിഭാഷകന്‍ പൊളിച്ചതോടെ ജയേഷിനെ കോടതി നിരപരാധിയായി പ്രഖ്യാപിച്ച് വെറുതെ വിടുകയായിരുന്നു.

  തെളിവുകളും സാക്ഷികളും പൊലീസിന്റെ വ്യാജ സൃഷ്ടിയാണെന്ന് വ്യക്തമായി മാറാട് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറാണ് ജയേഷിനെ വെറുതെ വിട്ടത്. നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നല്‍കണമെന്നും ഈ തുക കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായ ഡിവൈ എസ് പി പൃഥ്വിരാജ്, സി ഐ പ്രമോദ് എന്നിവരില്‍ നിന്നും ഈടാക്കണമെന്നും കോടതി ഉത്തരവിട്ടു.

  ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനോട് യോജിക്കുന്ന രീതിയില്‍ പുതിയ വെട്ടുകത്തി വാങ്ങി അതില്‍ തന്നെക്കൊണ്ട് മുറുകെ പിടിപ്പിച്ച് അമ്പലക്കുളത്തിലേക്ക് എറിയുകയായിരുന്നുവെന്നും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. ജയേഷ് ജോലി ചെയ്ത ഹോട്ടലുടമ സംഭവ ദിവസം തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും വ്യക്തമാക്കിയിരുന്നു.

  പിന്നീട് ജീവന്‍ ജോബ് തോമസിന്റെ തിരക്കഥയില്‍ ടോവിനോ തോമസിനെ നായകനാക്കി സുന്ദരിയമ്മ കൊലക്കേസ് ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന പേരില്‍ മധുപാല്‍ സിനിമയുമാക്കി. ജയേഷായി ടൊവിനോ വേഷമിട്ട ചിത്രം സുന്ദരിയമ്മ കൊലക്കേസും ജയേഷിന്റെ ജീവിതവും വീണ്ടും മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കി. സമൂഹവും പോലീസും ചേര്‍ന്ന് എങ്ങിനെ ഒരു നിരപരാധിയെ കൊലപാതകിയായി ചിത്രീകരിക്കുന്നു എന്നായിരുന്നു ചിത്രം വിശദീകരിച്ചത്.
  Published by:Sarath Mohanan
  First published: