പാലാ: നിരവധി വഞ്ചനാ കേസുകളിലെ പ്രതി വിവാഹ തട്ടിപ്പ് കേസിൽ അറസ്റ്റിൽ. പാലാ പോണാട് കരിങ്ങാട്ട് രാജേഷ് (49) ആണ് അറസ്റ്റിലായത്. വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് വീണ്ടും വിവാഹം കഴിച്ച് യുവതിയുടെ 20 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ രാജേഷിനെതിരെ കാസർഗോഡ്, കണ്ണൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി 2007 മുതൽ നിരവധി കേസുകൾ നിലവിലുണ്ട്. 2017 ൽ വിദേശജോലി വാഗ്ദാനം ചെയ്ത് 45 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ പാലാ, കുറവിലങ്ങാട് പോലീസ് സ്റ്റേഷനുകളിലും രാജേഷിനെതിരെ കേസുണ്ട്.
2007 ൽ കണ്ണൂരിലായിരുന്ന രാജേഷ് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിരവധി തട്ടിപ്പുകൾ നടത്തിയിരുന്നു. തുടർന്ന് ഭാര്യയുമായി ഇയാൾ എറണാകുളത്തേക്ക് താമസം മാറ്റി. ഇവിടേയും കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്ന് 2012 ലാണ് പാലായിൽ എത്തുന്നത്. കരൂരിൽ ചിട്ടിക്കമ്പനി നടത്തി വരികയായിരുന്നു.
ഇവിടെ ജോലിക്കെത്തിയ സ്ത്രീയെയാണ് ഇയാൾ വിവാഹം ചെയ്ത കാര്യം മറച്ചുവെച്ച് വീണ്ടും വിവാഹം കഴിച്ചത്. 2020 ലാണ് യുവതി ചിട്ടിക്കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുന്നത്. ഇവരുടെ ഭർത്താവ് അഞ്ച് വർഷം മുമ്പ് മരണപ്പെട്ടിരുന്നു. രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീയെ വിവാഹ മോചിതനാണെന്നും മാതാപിതാക്കൾ മരിച്ചുവന്നും ധരിപ്പിച്ച് വിവാഹം ചെയ്യുകയായിരുന്നു.
Also Read-18 സ്ത്രീകളെ വിവാഹം ചെയ്ത വയോധികന്റെ തട്ടിപ്പ് കേരളത്തിലും; വലയിൽ വീണവരിലേറെും ഡോക്ടർമാർ
2021 ഓഗസ്റ്റ് പതിനേഴിനാണ് യുവതിയുടെ മാതാപിതാക്കളുടെ അനുവാദത്തോടെ രജിസ്റ്റർ വിവാഹം ചെയ്തത്. പിന്നീട് യുവതിക്കും കുട്ടികൾക്കുമൊപ്പം കുറ്റില്ലത്തെ വാടകവീട്ടിൽ താമസം തുടങ്ങി. ചിട്ടിക്കമ്പനിയിൽ യുവതിയുടെ സഹോദരന് ഷെയർ നൽകാൻ രാജേഷിന്റെ നിർദേശപ്രകാരം യുവതിയുടെ അമ്മയുടെ പേരിലുള്ള സ്ഥലം പണയപ്പെടുത്തുവാൻ തീരുമാനിക്കുകയായിരുന്നു.
Also Read-Theft | ഏഴു ജില്ലകളിലായി 80 ലധികം മോഷണക്കേസുകളിൽ പ്രതിയായ മോഷ്‌ടാവ് മലപ്പുറത്ത് പിടിയിൽ
തുടർന്ന് അമ്മയുമായി എലിക്കുളം കെഎസ്എഫ്ഇ ബ്രാഞ്ചിലെത്തിയ രാജേഷ് തന്റെ പേരിലുണ്ടായിരുന്ന ചിട്ടിയുടെ ജാമ്യപേപ്പറിൽ ഒപ്പിടുവിച്ച് 20 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. ഇതിനു ശേഷം ആദ്യ ഭാര്യയ്ക്കും 18 വയസ്സുള്ള മകൾക്കുമൊപ്പം പാലായിൽ വാടക വീട്ടിലേക്ക് താമസം മാറ്റി.
രാജേഷിന്റെ വഞ്ചന മനസ്സിലാക്കിയ യുവതി കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പ IPS ന് പരാതി നൽകുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ രാജേഷിനെ കൂവപ്പള്ളിയിൽവെച്ചാണ് പിടികൂടുന്നത്. ചോദ്യം ചെയ്യലിൽ നിരവധി ആളുകളിൽ നിന്ന് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കാര്യം രാജേഷ് സമ്മതിച്ചു.
എസ് ഐ അഭിലാഷ് എംഡി, എ എസ് ഐമാരായ ഷാജി എ റ്റി, ബിജു കെ തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ, സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് സി എന്നിവർ ചേർന്നാണ് രാജേഷിനെ പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Marriage fraudster