തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിൽ പട്ടാള വേഷം ധരിച്ചെത്തിയ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. മധുര സ്വദേശിയായ മധു മോഹനാണ് മിലിട്ടറി ഇൻറ്റലിജൻസിന്റെ പിടിയിലായത്. ഇന്നലെ
രാത്രി സംശയകരമായ സാഹചര്യത്തിൽ മിലിട്ടറി ഏരിയയിൽ കണ്ടതിനെതുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സൈന്യത്തിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് മധു മോഹൻ രാജ് ഇരുപതോളം യുവാക്കളുമായി ഇന്നലെ രാത്രി പാങ്ങോട് സൈനിക ക്യാമ്പിലെത്തിയത്. പട്ടാളക്കാരുടെ സാദൃശ്യമുള്ള വേഷമായിരുന്നു ഇയാൾ ധരിച്ചിരുന്നത്. സംശയകരമായ സാഹചര്യത്തിൽ ഇയാളെ കണ്ടതോടെ മിലിട്ടറി ഇൻന്റലിജൻസ് വിഭാഗം പിടികൂടി ചോദ്യം ചെയ്യൽ ആരംഭിച്ചു.
ചോദ്യം ചെയ്തതിൽ നിന്ന് ഇയാൾ പട്ടാളക്കാരനല്ലെന്ന് തെളിഞ്ഞു. ഇതോടെ സൈന്യം മധുവിനെ പൂജപ്പുര പൊലീസിന് കൈമാറി. സൈനികവേഷം ദുരുപയോഗം ചെയ്തതിനും ആൾമാറാട്ടം നടത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. മധു തമിഴ്നാട്ടിൽ സൈന്യത്തിലേക്കുള്ള അനധികൃത റിക്രൂട്ട്മെന്റ് ഏജൻസി നടത്തുന്നുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചു.
കായിക പരീക്ഷയ്ക്കു ശേഷമുള്ള എഴുത്തു പരീക്ഷക്കായിട്ടാണ് യുവാക്കളോടൊപ്പം മധു സൈനിക ക്യാമ്പിലെത്തിയത്. ഇയാൾ മുന്‍പും ഇത്തരത്തിൽ സൈനിക ജോലി വാഗ്ദാനം ചെയ്ത് കേരളത്തിലും തമിഴ് നാട്ടിലും തട്ടിപ്പ് നടത്തിയിരുന്നതായി ചോദ്യം ചെയ്യലിൽ വ്യക്തമായി. ഇയാളുടെ അറസ്റ്റ് പൂജപ്പുര പൊലീസ് രേഖപ്പെടുത്തി.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.