തിരുവനന്തപുരം: കഴക്കൂട്ടം ടെക്നോപാർക്കിൽ രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്ന യുവതികളെ കയറിപ്പിടിച്ച് ആക്രമിക്കുന്ന പ്രതി പിടിയിൽ. കാച്ചാണി അയണിക്കാട് വിജി ഭവനിൽ വിഷ്ണു (33) ആണ് തുമ്പ പോലീസിന്റെ പിടിയിലായത്. നിരവധി ടെക്കി യുവതികളെയാണ് ഇയാൾ ആക്രമിച്ചത്.
ഒരു മാസം മുൻപ് രാതി ഒരു മണിക്ക് ഇൻഫോസിസിനു മുന്നിൽ വച്ച് ഒരു യുവതിയെ സ്വകാര്യ ഭാഗങ്ങളിൽ ഇയാൾ കടന്നു പിടിച്ചിരുന്നു. കഴക്കൂട്ടം ശ്രീകാര്യം പോലീസ്റ്റേഷൻ പരിധിയിലും സമാനരീതിയിൽ ഇയാൾ യുവതികളെ ആക്രമിച്ചിട്ടുണ്ട്.
ഡ്രൈവറായ വിഷ്ണു ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിയിലാണ് പതിവായി യുവതികളെ കടന്നു പിടിച്ചിരുന്നത്. പലരും പരാതി പോലീസിൽ വിളിച്ചറിയിക്കുമെങ്കിലും തുടർ നടപടികൾക്ക് പോകാറില്ല. പല കോണുകളിൽ നിന്നും പരാതി ഉയർന്നെങ്കിലും ആളെ പിടികിട്ടാത്തത് പൊലീസിന് തലവേദനയായിരുന്നു.
ആളെ തിരിച്ചറിയാതിരിക്കാൻ ബൈക്കിന്റെ നമ്പർ പ്ലേറ്റ് ഇളക്കി നമ്പർ കാണാത്ത വിധം തിരിച്ചു വച്ചാണ് ഇയാൾ സഞ്ചരിച്ചിരുന്നത്. യുവതികളെ കടന്നു പിടിച്ച ശേഷം ഒഴിഞ്ഞ സ്ഥലത്തെത്തി നമ്പർ പ്ലേറ്റ് തിരികെ വച്ച ശേഷം രക്ഷപ്പെടുന്നതാണ് ഇയാളുടെ രീതി.
Also Read-പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ അമ്മയുടെ ഫോണിലേക്ക് അയച്ച യുവാവ് പീഡനശ്രമത്തിന് അറസ്റ്റിൽ
നിരവധി സംഭവങ്ങൾ ഉണ്ടായതോടെ പ്രതി സഞ്ചരിച്ചത് ഹോണ്ട ഡ്രീംസ് ബൈക്കാണെന്ന് തിരിച്ചറിഞ്ഞ പോലീസ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെന്റിന്റെ സഹായത്തോടെ ഈ തരത്തിലുള്ള ബൈക്ക് ഉടമകളുടെ വിലാസം ശേഖരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
വെള്ളിയാഴ്ച കുളത്തൂർ ഭാഗത്ത് വച്ച് ഇയാൾ ഒരു യുവതിയെ കടന്നു പിടിച്ചിരുന്നു. പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇയാളെ പിടികൂടാൻ കഴിഞ്ഞില്ല. ഒരു മണിക്കൂറിനു ശേഷം വീണ്ടും മറ്റൊരു യുവതിയെ കടന്നു പിടിച്ച ഇയാളെ യുവതിയും നാട്ടുകാരും ചേർന്ന് തടഞ്ഞുവച്ചതിന് ശേഷം തുമ്പ പോലീസിനു കൈമാറുകയായിരുന്നു.
തുമ്പ പോലീസ് കസ്റ്റഡിയിലെടുത്ത ഇയാൾക്കെതിരെ മൂന്നു കേസുകളാണ് രജിസ്റ്റർ ചെയ്തത്.പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് തുമ്പ പോലീസ് പറഞ്ഞു. പ്രതി സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.