തിരുവനന്തപുരം: രണ്ട് ലക്ഷം രൂപയോളം വിലവരുന്ന ആന്തൂറിയം ചെടികൾ മോഷ്ടിച്ചയാൾ പിടിയില്‍. കൊല്ലം ചവറ പുതുക്കാട് കിഴക്കതിൽ മുടിയിൽ വീട്ടിൽ വിനീത് ക്ലീറ്റസാണ് (28) അറസ്റ്റിലായത്. അമരവിള കൊല്ലയിൽ മഞ്ചാംകുഴി ഗ്രീൻ ഹൗസിൽ ഐ.ആർ.ഇ റിട്ട. ഉദ്യോഗസ്ഥനായ ജപമണിയുടെ ഭാര്യ വിലാസിനിഭായി വീട്ടിൽ നട്ടുവളർത്തിയിരുന്ന പ്രത്യേക ഇനത്തിൽപ്പെട്ട 200 ഓളം ആന്തൂറിയം ചെടികളാണ് ഇയാൾ കവർന്നത്.
കഴിഞ്ഞ മൂന്ന് മാസങ്ങൾക്ക് മുൻപും പ്രതി സ്ത്രീവേഷം ധരിച്ചെത്തി മോഷണം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. 2011 മാർച്ചിലും ആന്തൂറിയം ചെടികൾ മോഷ്ടിക്കാനായി ഇയാൾ വേഷം മാറി വീട്ടിലെത്തിയിരുന്നു. സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഫെയ്സ്ബുക്ക് വഴിയാണ് പ്രതി ചെടികൾ വിറ്റഴിച്ചിരുന്നത്. മോഷണത്തിന് ശേഷം പ്രതി ബംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്നു. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി. ജപമണിയും ഭാര്യ വിലാസിനി ഭായിയും അലങ്കാരച്ചെടികളുടെ പരിപാലനത്തിന് 2017ൽ രാഷ്ട്രപതിയുടെ അവാർഡ് നേടിയവരാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.