പാലക്കാട്: സ്കൂളിൽ പഠിക്കുന്ന കാലത്ത് ശിക്ഷിച്ച അധ്യാപകനെ വർഷങ്ങൾക്ക് ശേഷം സോഡാകുപ്പികൊണ്ട് തലയ്ക്കടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പാലക്കാട് മണ്ണാർക്കാട് അലനല്ലൂരിലാണ് സംഭവം. സംഭവത്തില്‍ പ്രതിയായ കൂമന്‍ചിറ നിസാറിനെ നാട്ടുകല്‍ പൊലീസ് അറസ്റ്റ് ചെയ്തു. പഠിയ്ക്കുന്ന കാലത്ത് അധ്യാപകന് ശിക്ഷിച്ചതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പരിക്കേറ്റ അധ്യാപകന് ചികിത്സയിലാണ്. അലനല്ലൂര്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ അധ്യാപകന് കെ എ അബ്ദുള്‍ മനാഫിനാണ് മര്‍ദനമേറ്റത്.
കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ അബ്ദുൾ മനാഫ് അലനല്ലൂര്‍ ചന്തപ്പടിയില്‍ നില്ക്കുമ്പോള് അവിടേക്ക് എത്തിയ നിസാർ സോഡാകുപ്പികൊണ്ട് തലയ്ക്കടിയ്ക്കുകയായിരുന്നു. തലയ്ക്കടിയേറ്റ് മനാഫ് നിലത്തുവീണു. കണ്ടുനിന്നവര്‍ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഒരു പ്രകോപനവുമില്ലാതെയാണ് തന്നെ മര്‍ദിച്ചതെന്ന് മനാഫ് പറഞ്ഞു. നിസാറിനെതിരെ വധശ്രമത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. ഹൈസ്കൂള്‍ കാലത്ത് അധ്യാപകന് ശിക്ഷിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലിസ് പറഞ്ഞു.
ഗൾഫിൽനിന്ന് തിരുവനന്തപുരത്തെത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
കൊല്ലം: ഗൾഫിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. പാലക്കാട്ട് മണ്ണാർക്കാട് മണലടി കുന്നത്ത് ഹൗസിൽ മുഹമ്മദലിയുടെ അബൂബക്കർ സിദ്ധിഖ്(24) എന്നയാളാണ് അറസ്റ്റിലായത്. കൊട്ടാരക്കര പോലീസാണ് പോക്സോ നിയമ പ്രകാരം ഇയാളെ അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര സ്വദേശിനിയായ പെൺകുട്ടിയെയാണ് ഇയാൾ വിവാഹവാഗ്ദാനം നൽകി തമിഴ്നാട്ടിലേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.
ഗൾഫിൽ ജോലി ചെയ്തു വരികയായിരുന്ന പ്രതി സോഷ്യൽ മീഡിയ വഴിയാണ് പെൺകുട്ടിയുമായി പരിചയത്തിലായാത്. ഇതേത്തുടർന്ന് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി, പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകകയായിരുന്നു. ഫെബ്രുവരി പന്ത്രണ്ടാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. സ്കൂളിലേക്ക് എന്നും പറഞ്ഞു വീട് വിട്ട പെൺകുട്ടിയെ വൈകുന്നേരമായിട്ടും കാണാതായതോടെയാണ് മാതാപിതാക്കൾ കൊട്ടാരക്കര പോലീസിൽ പരാതി നൽകിയത്.
ഉടനടി പെൺകുട്ടിയെ കണ്ടെത്തുന്നതിന് കൊട്ടാരക്കര ഡി.വൈ.എസ്.പി ആർ സുരേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു തിരച്ചിൽ ആരംഭിച്ചു. കാണാതായ പെൺകുട്ടി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. എന്നാൽ അവിടെ നിന്നും എവിടേക്കു പോയി എന്നോ, ആരോടൊപ്പം പോയി എന്നോ യാതൊരു വിവരവും ലഭിച്ചില്ല. തുടർന്ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതി അബൂബക്കർ സിദ്ധിഖ് കഴിഞ്ഞ മാസം 12 തീയതി യുഎഇയിൽ നിന്നും വിമാന മാർഗ്ഗം തിരുവനന്തപുരം രാജ്യാന്തര വിമാനതാവളത്തിൽ എത്തിയതായി പൊലീസ് കണ്ടെത്തി. പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അബൂബക്കർ സിദ്ദിഖുമായി ബന്ധമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയത്.
Also Read-
Temple | സ്വർണമാല നഷ്ടമായ വീട്ടമ്മയ്ക്ക് ക്ഷേത്രത്തിൽ വെച്ച് വളകൾ നൽകിയ സ്ത്രീ സിസിടിവിയിൽ; തിരിച്ചറിയാനായില്ലെന്ന് ഭാരവാഹികൾ
ഇതോടെ പെൺകുട്ടിയെ അബൂബക്കർ സിദ്ദിഖ് തട്ടിക്കൊണ്ടുപോയതാണെന്ന് പൊലീസ് മനസിലാക്കി. തുടർന്ന് പ്രതിയുടെ പാലക്കാടുള്ള വീട്ടിലും, കേരളത്തിലും, തമിഴ്നാട്ടിലുമുള്ള പ്രതിയുടെ ബന്ധുവീടുകളിലും കൊട്ടാരക്കര പോലീസ് അന്വേഷണം നടത്തി. എന്നാൽ ഇവരെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഇതിനിടയിൽ പെൺകുട്ടിയെ കണ്ടെത്തുന്നതിനായി ഹൈക്കോടതിയിൽ പെൺകുട്ടിയുടെ രക്ഷിതാക്കൾ ഹേബിയസ് കോർപ്പ്സ് ഹർജി നൽകി. ഇതനുസരിച്ച് പെൺകുട്ടിയെ ഉടൻ കണ്ടെത്തി കോടതിയിൽ ഹാജരാക്കാൻ ഹൈക്കോടതി പൊലീസിന് നിർദേശം നൽകി.
പ്രതിയുടെ കേരളത്തിലും തമിഴ്നാട്ടിലുമുള്ള ബന്ധു വീടുകൾ ചുറ്റിപറ്റി കൊട്ടാരക്കര പോലീസ് ഒരു മാസത്തോളമായി നടത്തിയ വന്ന രഹസ്യ അന്വേഷണത്തിനൊടുവിൽ തമിഴ്നാട് തിരുപ്പൂരിൽ പെൺകുട്ടിയെ താമസിപ്പിച്ചിട്ടുള്ളതായി വിവരം കിട്ടി. തിരുപ്പൂരിലെ തുണി മില്ലുകൾ ഏറെയുള്ള പ്രദേശത്ത് തുണിമില്ലു തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ഒറ്റമുറി വീടുകളിൽ ഒന്നിൽ പ്രതി പെൺകുട്ടിയെ രഹസ്യമായി താമസിപ്പിച്ചിരിക്കുകയായിരുന്നു.
പൊലീസ് അവിടെയെത്തി പെൺകുട്ടിയെ രക്ഷിക്കുകയായിരുന്നു. അവിടെനിന്ന് അബൂബക്കർ സിദ്ദിഖിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. പിന്നീട് ഇയാളെ പോക്സോ വകുപ്പ് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര SHO ജോസഫ് ലിയോൺ, എസ്.ഐ ദീപു കെ എസ്, കൺട്രോൾ റൂം എസ്.ഐ ആഷിർ കോഹൂർ, സീനിയർ വനിതാ പോലീസ് ഓഫീസർ ജിജി മോൾ, സി പി ഒമാരായ ജയേഷ് ജയപാൽ, ഷിബു കൃഷ്ണൻ, ഹരി എം എസ് , സലിൽ. എസ്, നഹാസ് എ, അജിത് കുമാർ കെ, സുധീർ എസ്, സഖിൽ, എ.എസ്.ഐ സഞ്ജീവ് മാത്യു, സി പി ഒ മഹേഷ് മോഹൻ എന്നിവർ ചേർന്ന അന്വേഷണ സംഘം ഒരു മാസക്കാലമായി കേരളത്തിലും, തമിഴ്നാട്ടിലുമായി നടത്തിയ അന്വേഷണത്തിലാണ് അബൂബക്കർ സിദ്ദിഖിനെയും പെൺകുട്ടിയെയും കണ്ടെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.