• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പണമിടപാട് സ്ഥാപന ഉടമയെ തീവെച്ചുകൊന്നയാൾ പിടിയിൽ


Updated: July 15, 2018, 11:45 AM IST
പണമിടപാട് സ്ഥാപന ഉടമയെ തീവെച്ചുകൊന്നയാൾ പിടിയിൽ

Updated: July 15, 2018, 11:45 AM IST
മലപ്പുറം: കോഴിക്കോട് പുതുപ്പാടിയില്‍ സ്വകാര്യധനകാര്യസ്ഥാപന ഉടമയെ തീവെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. ആലപ്പുഴ വള്ളികുന്നം കടുവിനാൽ സ്വദേശി സുമേഷ് കുമാറിനെയാണ് തിരൂരിൽ വെച്ച് പിടികൂടിയത്. കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ സുമേഷ് കുമാർ മലബാര്‍ ഫൈനാന്‍സിയേഴ്സ് ഉടമ കുപ്പായക്കോട് ഒളവക്കുന്നേല്‍ ഷാജു കുരുവിളയെ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഷാജു കുരുവിള കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ഇന്നലെ പുലർച്ചെ മരിച്ചു. മരിക്കുന്നതിന് മുമ്പ് ഷാജു നൽകിയ സൂചന അനുസരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ദിവസങ്ങൾക്ക് മുമ്പ് സ്ഥാപനത്തിലെത്തി വായ്പ ചോദിച്ച സുമേഷ് കുമാറിന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഷാജു ഇയാളുടെ ദൃശ്യം മൊബൈലിൽ ചിത്രീകരിച്ചിരുന്നു. ഈ മൊബൈൽ ദൃശ്യമാണ് പ്രതിയെ വേഗത്തിൽ പിടികൂടാൻ പൊലീസിനെ സഹായിച്ചത്.

ദേശീയ പാതയോരത്ത് ഇരുനിലക്കെട്ടിടത്തിന്റെ മുകള്‍നിലയിലെ സ്ഥാപനത്തില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് സംഭവം. ഈ സമയം കുരുവിള മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്. ദേഹത്ത് തീപടര്‍ന്ന കുരുവിള പുറത്ത് വരാന്തയിലൂടെ ഓടി കെട്ടിടത്തിനു മുകളില്‍നിന്ന് താഴേക്ക് ചാടി. റോഡരികിലെ ഓവുചാലിലേക്ക് വീണ ഇദ്ദേഹത്തെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ബൈക്കിലെത്തിയ, ചുവന്ന ടീ ഷര്‍ട്ട് ധരിച്ചയാളാണ് ആക്രമണം നടത്തിയതെന്ന് സമീപത്തെ കടക്കാര്‍ പറഞ്ഞു. അക്രമിയുടേതെന്നു കരുതുന്ന ഹെല്‍മെറ്റും കോട്ടും കെട്ടിടത്തിന്റെ പുറകിൽ നിന്ന് കണ്ടെത്തി.

പണമിടപാട് സ്ഥാപനത്തിനകത്തും തീപടര്‍ന്ന് നാശനഷ്ടങ്ങളുണ്ട്. കുരുവിള ഇരുന്ന കസേര കത്തിനശിച്ചു. ഭിത്തിയിലെ ഫാനും വയറിങ്ങും കത്തിയിട്ടുണ്ട്. രണ്ട് ലിറ്ററിന്റെ കുപ്പി നിറയെ പെട്രോള്‍ സ്ഥാപനത്തിനു പുറത്തെ വരാന്തയില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. രണ്ടുദിവസം മുമ്പ് സ്ഥാപനത്തില്‍ വായ്പ ആവശ്യപ്പെട്ട് എത്തിയയാളെയാണ് പൊലീസ് സംശയിക്കുന്നത്. ഈട് ഹാജരാക്കാത്തതിനാല്‍ അന്ന് പണം നല്‍കിയില്ല. പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനാല്‍ കുരുവിള ഇയാളുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇയാളാണ് ആക്രമണം നടത്തിയതെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കുരുവിള പറഞ്ഞതായി പൊലീസ് പറഞ്ഞിരുന്നു. ഈ വീഡിയോ പൊലീസിനു കൈമാറിയിട്ടുണ്ട്. ഇതു കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.
First published: July 15, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍