• HOME
 • »
 • NEWS
 • »
 • crime
 • »
 • വീട്ടിൽ അതിക്രമിച്ചുകയറി ഏഴുവയസുകാരിയെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ

വീട്ടിൽ അതിക്രമിച്ചുകയറി ഏഴുവയസുകാരിയെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ

അക്രമിയായ അബൂബക്കർ സിദ്ദിഖ് കുട്ടിയെ വലിച്ചിഴച്ച് മുറിയിലേക്ക് കൊണ്ടുപോയി കതക് അടയ്ക്കുകയായിരുന്നു. അതിനുശേഷം, ബാത്ത് റൂമിൽ കയറി, കുട്ടിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ചു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Last Updated :
 • Share this:
  കൊച്ചി: വീട്ടില്‍ അതിക്രമിച്ചു കയറി ഉറങ്ങിക്കിടന്ന ഏഴ് വയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമം. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശി അബൂബക്കർ സിദ്ദിഖ് എന്നയാളെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ തൃശ്ശൂര്‍ ഒല്ലൂര്‍ വിഎംവി അനാഥാലയത്തിലെ അന്തേവാസിയാണ്. കൊച്ചി, അയ്യപ്പന്‍കാവില്‍ വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. തെലങ്കാന സ്വദേശിയായ യുവതിയുടെ ഇളയ മകളെയാണ് അബൂബക്കർ സിദ്ദിഖ് കൊല്ലാൻ ശ്രമിച്ചത്. കാക്കാനാട് സ്മാർട്ട് സിറ്റിയിലെ ജീവനക്കാരനാണ് യുവതിയുടെ ഭർത്താവ്.

  സംഭവത്തെക്കുറിച്ച് പൊലസ് പറയുന്നത് ഇങ്ങനെ. വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെ യുവതിയും മൂത്ത മകളും വീടിന്റെ സിറ്റൗട്ടില്‍ ഇരിക്കുമ്പോളാണ് സംഭവം. അക്രമി പാഞ്ഞടുത്തു വരുന്നതു കണ്ട് യുവതി 12 വയസുകാരിയായ മൂത്ത മകളെയും കൊണ്ട് നിലവിളിച്ചു പുറത്തേക്കോടി. ഈ സമയം അകത്ത് ഉറങ്ങിക്കിടന്ന ഇളയ മകൾ അമ്മയുടെ കരച്ചിൽ കേട്ട് ഉണർന്നു പുറത്തേക്ക് വന്നു. എന്നാൽ അബൂബക്കർ സിദ്ദിഖ് ഈ കുട്ടിയെ വലിച്ചിഴച്ച് മുറിയിലേക്ക് കൊണ്ടുപോയി കതക് അടയ്ക്കുകയായിരുന്നു. അതിനുശേഷം, ബാത്ത് റൂമിൽ കയറി, കുട്ടിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ചു. ഈ സമയം അക്രമിയുടെ കൈയിൽ കടിച്ചതാണ് കുട്ടിക്ക് രക്ഷയായത്. കൂടാതെ അമ്മയുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാരും ബഹളമുണ്ടാക്കി. ഇതോടെയാണ് അക്രമി കതക് തുറന്ന് പുറത്തുവന്നത്. ഇയാളെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു.

  പൊലീസ് എത്തി അബൂബക്കറിനെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ തിരുവനന്തപുരം മാനസികാരോഗ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. നിരവധി തവണ ബക്കറ്റിലെ വെള്ളത്തിൽ മുക്കിയ കുട്ടി അക്രമിയുടെ കൈയിൽ കടിച്ചെങ്കിലും പിന്നീട് ബോധരഹിതയാകുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കഴുത്തിൽ പരിക്കേറ്റ കുട്ടിക്ക് പ്രാഥമിക ചികിത്സ നൽകിയശേഷം വീട്ടിലേക്ക് വിട്ടു.

  തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തിലെ ചികിത്സയ്ക്കുശേഷം അങ്കമാലിയിലായിരുന്ന അബൂബക്കര്‍ കഴിഞ്ഞ ആഴ്ചയാണ് കൊച്ചിയിലെത്തിയത്. നഗരത്തിലൂടെ അലഞ്ഞു നടക്കുന്നതിനിടെയാണ് ഇയാൾ വീട്ടില്‍ കയറി ആതിക്രമം കാട്ടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിക്കെതിരെ വധശ്രമം ഉൾപ്പടെ വിവിധ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.

  ജയില്‍ ചാടിയ കൊലക്കേസ് പ്രതി ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തി; മറഞ്ഞിരുന്നു പിടികൂടി പോലീസ്

  കോട്ടയം ജില്ലാ ജയിലില്‍ നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതിയെ വീടിന് സമീപത്തുനിന്ന് പിടികൂടി. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ പേരിൽ യുവാവിനെ കൊന്ന് ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ കൊണ്ടിട്ട കേസിലെ അഞ്ചാം പ്രതി ഓട്ടോ ഡ്രൈവർ മീനടം സ്വദേശി ബിനുമോനെ(38)യാണു ഇന്നലെ രാത്രി 8.45 ഓടെ പിടികൂടിയത്.

  കീഴുക്കുന്ന് ഉറുമ്പേത്ത് വീട്ടിൽ ഷാൻ ബാബു(19)വിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ബിനുമോന്‍ ഇന്നലെ പുലർച്ചെയാണ് ജില്ലാ ജയിലിന്റെ മതിൽ ചാടി കടന്നുകളഞ്ഞത്. റിമാൻഡ് പ്രതിയായ ഇയാൾ ജില്ലാ ജയിലിന്റെ മുന്നിലെ 10 അടി ഉയരമുള്ള മതിൽ ചാടിക്കടന്നാണ് പോയത്.

  ജയിൽഭിത്തിയോടു ചേർന്നു ചാരിവച്ച പലകയിലൂടെ വയറിങ് പൈപ്പിൽ പിടിച്ചുകയറി മതിലിനു മുകളിലെത്തി പുറത്തേക്കു ചാടി കടന്നുകളയുകയായിരുന്നു.

  വീടിനോടു ചേർന്ന പാടത്തു രാത്രി എത്തിയ ഇയാൾ അടുക്കള വഴി അകത്തു കടക്കാൻ ശ്രമിക്കുന്നതിനിടെ ജയിൽ വാർഡർമാരുടെയും നാട്ടുകാരുടെയും സഹായത്തോടെ പൊലീസ് പിടികൂടുകയായിരുന്നു.

  ജയിലിൽ റിമാൻഡ് പ്രതികൾ ഷിഫ്റ്റ് അടിസ്ഥാനത്തിലാണു ഭക്ഷണം തയാറാക്കുന്നത്. ഭക്ഷണം തയാറാക്കുന്നതിനു വേണ്ടി ബിനുമോൻ ഉൾപ്പെടെയുള്ളവരെ ഇന്നലെ പുലർച്ചെ അഞ്ചിനു സെല്ലിൽ നിന്നു പുറത്തിറക്കിയിരുന്നു. ജയിൽ വളപ്പിലെ പൈപ്പിന്റെ ചുവട്ടിൽ പ്രതി പല്ലു തേച്ചുകൊണ്ടു നിൽക്കുന്നതു കണ്ടവരുണ്ട്. . സെല്ലിൽ നിന്നു പുറത്തിറക്കി 20 മിനിറ്റിനുള്ളിൽ ഇയാളെ കാണാനില്ലെന്ന വിവരം അറിഞ്ഞുവെന്നാണ് വാര്‍ഡന്‍മാരുടെ മൊഴി.

  ജയിൽ ചാടിയ ബിനുമോൻ അടുത്തുള്ള ഈസ്റ്റ് പൊലീസ് സ്റ്റേഷനോടു ചേർന്നുള്ള ബസ് സ്റ്റോപ്പ് വരെ നടന്നുപോയതായി സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. തുടർന്ന്  മുട്ടമ്പലം ഭാഗത്തുള്ള സുഹൃത്തിന്‍റെ വീട്ടിലെത്തിയ ഇയാൾ കതകിൽ മുട്ടിവിളിച്ചെങ്കിലും സുഹൃത്ത് വാതില്‍ തുറന്നില്ല.

  കയ്യിൽ പണമില്ലാത്ത ബിനുമോൻ ആഹാരം കഴിക്കാൻ മറ്റു മാർഗമില്ലാതെ വീട്ടിലെത്തുമെന്നു പൊലീസിനും ജയിൽ ഉദ്യോഗസ്ഥർക്കും ഉറപ്പായിരുന്നു. അതിനാൽ തന്നെ വീടിന്റെ പരിസരത്ത് പലയിടങ്ങളിലായി പോലീസ് സംഘം നിലയുറപ്പിച്ചിരുന്നു. പൊലീസ് അന്വേഷിക്കുമെന്ന് ഉറപ്പുള്ളതിനാൽ ഇടറോഡുകൾ വഴിയായിരുന്നു പ്രതി യാത്ര ചെയ്തത്. ഇയാളുടെ ഭാര്യ അടുത്തിടെയാണു ജോലിക്കായി വിദേശത്തേക്കു പോയത്. ആഹാരം കഴിക്കാനായാണു പ്രതി വീട്ടിൽ എത്തിയത്. പാടത്തു നിന്നു വീട്ടുപറമ്പിലേക്കു കയറിയ ഇയാൾ അടുക്കളയിലേക്കു കയറാൻ ശ്രമിക്കുന്നതിനിടെ മറഞ്ഞിരുന്ന ജയിൽ വാർഡർമാരും പൊലീസും ചേർന്നു നാട്ടുകാരുടെ സഹായത്തോടെ ബിനുമോനെ പിടികൂടി.

  തുടര്‍ന്ന് നേരെ ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിച്ച ശേഷം ഈസ്റ്റ് സ്റ്റേഷനിലേക്കു ചോദ്യം ചെയ്യാനായി കൊണ്ടുപോയി. സംഭവത്തില്‍ ഉത്തരമേഖല ജയില്‍ ഡിഐജി സാം തങ്കന്‍ അന്വേഷണം ആരംഭിച്ചു.
  Published by:Anuraj GR
  First published: