കൊല്ലം: പട്ടാപ്പകൽ പൊതുനിരത്തിൽ യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. പുനലൂർ കോക്കാട് അച്ചു വിലാസത്തിൽ 35 കാരനായ അനിൽ ആണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം. വെഞ്ചേമ്പ് പുത്തൻപുര ജംഗ്ഷനിൽ ബസ് കയറാൻ എത്തിയതായിരുന്നു യുവതി. തൊട്ടുപിന്നാലെ ഇരുചക്രവാഹനത്തിൽ എത്തിയ ഇയാൾ ആരുമില്ലാത്ത തക്കം നോക്കി യുവതിയെ കടന്ന് പിടിക്കുകയായിരുന്നു.
യുവതി ബഹളം വെച്ചതോടെ ഇയാൾ വാഹനവുമായി കടന്നു. തുടർന്ന് പുനലൂർ പോലീസിൽ വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും വിവരം അഞ്ചൽ പോലീസിനും കുന്നിക്കോട് പോലീസിനും കൈമാറുകയും ചെയ്തു.
തുടർന്ന് പൊലീസ് സംഘങ്ങൾ നടത്തിയ സംയുക്ത പരിശോധനയിൽ കോക്കാട് നിന്നും പ്രതിയെ കുന്നിക്കോട് പൊലീസ് പിടികൂടുകയും പുനലൂർ പോലീസിന് കൈമാറുകയും ചെയ്യുകയായിരുന്നു. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇന്നു റിപ്പോർട്ട് ചെയ്ത മറ്റൊരു സംഭവത്തിൽ തലശ്ശേരിയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ വ്യവസായി അറസ്റ്റിൽ. തലശ്ശേരി സ്വദേശിയും പ്രമുഖ വ്യവസായിയുമായ ഷറഫുദ്ദീൻ ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മാർച്ചിലാണ് കേസിന് ആസ്പദമായ സംഭവം.
പെൺകുട്ടിയുടെ അമ്മയുടെ സഹോദരിയും ഭർത്താവും വ്യവസായിയുടെ അടുത്ത് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. യാത്രാമധ്യേ ഇയാൾ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ കുട്ടി അമ്മയോട് വിവരം പറയുകയായിരുന്നു.
കാസർകോട് ഉണ്ടായ മറ്റൊരു സംഭവത്തിൽ എട്ടുവയസ്സുള്ള മകള്‍ക്ക് ബിയര്‍ നല്കിയ സംഭവത്തിൽ കുട്ടിയുടെ അച്ഛൻ അറസ്റ്റിലായി. കാഞ്ഞങ്ങാട് സ്വദേശിയായ 45-കാരനെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
ബിയർ കുടിക്കുന്നതിനിടെയാണ് പ്രതി മകൾക്കും കൂടി നൽകിയത്. ബിയർ കുടിച്ച കുട്ടിക്ക് ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനുശേഷം ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇന്ത്യന്‍ ശിക്ഷാ നിയമം 328, ബാലനീതിനിയമം 75, 77 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.