news18-malayalam
Updated: September 15, 2019, 11:03 AM IST
തളിപ്പറമ്പ് നഗരത്തിൽ ദേശീയപാതയോട് ചേർന്ന് അഞ്ചേക്കർ സ്ഥലവും മൂന്നുനില ഷോപ്പിങ് കോംപ്ലക്സുമുള്ളയാളാണ് കവർച്ച നടത്തിയത്
കണ്ണൂർ: ഒമ്പത് മാസത്തിനിടെ 25ഓളം കാറുകളുടെ ഗ്ലാസ് തകർത്ത് കവർച്ച നടത്തിയയാൾ കോടീശ്വനായ വ്യാപാരി. തളിപ്പറമ്പ് പുഷ്പഗിരിയിലെ മാടാളൻ പുതിയപുരയിൽ അബ്ദുൽ മുജീബിനെയാണ്(41) കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന് തലവേദനയായി മാറിയ നിർത്തിയിട്ട കാറുകളിലെ കവർച്ച നടത്തിയ പ്രതിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങളാണ്. രാജരാജേശ്വര ക്ഷേത്രം, പറശിനിക്കടവ് ആയുർവേദ കോളേജ് എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് മോഷണം നടത്തുന്നത് മുജീബ് ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. തളിപ്പറമ്പ് നഗരത്തിൽ ദേശീയപാതയോട് ചേർന്ന് അഞ്ചേക്കർ സ്ഥലവും മൂന്നുനില ഷോപ്പിങ് കോംപ്ലക്സുമുള്ളയാളാണ് കവർച്ച നടത്തിയത്. ആർഭാടജീവിതവും വഴിവിട്ട ബന്ധവും മൂലം ഉണ്ടായ ബാധ്യത തീർക്കുന്നതിനാണ് മോഷണം നടത്തിയതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു.
വെള്ളിയാഴ്ച ജുമുഅ നമസ്ക്കാരം നടക്കുന്ന പള്ളി പരിസരം, ഫുട്ബോൾ മത്സരവേദികൾ, പറശിനിക്കടവ് ക്ഷേത്രപരിസരം, വിവാഹസ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് മുജീബ് മോഷണം നടത്തിയിരുന്നത്. കാറുകളിൽ മോഷണം നടന്നതുമായി ബന്ധപ്പെട്ട് 11 കേസുകളാണ് ഇതുവരെ തളിപ്പറമ്പ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പറശിനിക്കടവ് ക്ഷേത്രപരിസരത്തുനിന്ന് അയൽജില്ലാക്കാരും കവർച്ചയ്ക്ക് ഇരയായിട്ടുണ്ട്.
കുസാറ്റ് മുൻ വി സി നെറ്റ് ബാങ്കിങ് തട്ടിപ്പിനിരയായി; നഷ്ടമായത് രണ്ടുലക്ഷത്തോളം രൂപ
ജനുവരി 17 മുതലാണ് മുജീബ് കാറിന്റെ ഗ്ലാസോ ഡോറോ തകർത്തുള്ള കവർച്ച ആരംഭിക്കുന്നത്. ഏഴര ലക്ഷത്തിലേറെ രാപയും മൂന്നര പവന്റെ സ്വർണാഭരണങ്ങളും ഇത്തരത്തിൽ മുജീബ് മോഷ്ടിച്ചതായാണ് പൊലീസ് പറയുന്നത്. ഇയാൾ മോഷ്ടിച്ച സ്വർണാഭരണങ്ങൾ തളിപ്പറമ്പിലെ ജ്വല്ലറിയിൽ വിറ്റതായും പൊലീസ് കണ്ടെടുത്തു. കൂടാതെ മുജീബ് മോഷ്ടിച്ച വിദേശ കറൻസി തളിപ്പറമ്പിലെ ഒരു കടയിൽനിന്ന് കണ്ടെടുത്തിട്ടുമുണ്ട്.
ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് മുജീബിനെ പൊലീസ് കുടുക്കിയത്. ജനുവരി മുതൽ കാറിനുള്ളിലെ മോഷണം പതിവാക്കിയെങ്കിലും പൊലീസിന് തെളിവൊന്നും ലഭിച്ചിരുന്നില്ല. ഇക്കഴിഞ്ഞ ഓഗസ്റ്റ് 31ന് രാജരാജേശ്വര ക്ഷേത്രപരിസരത്തുനിന്നുള്ള മോഷണത്തിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിക്കുന്നത്. തടിച്ച് നീളം കുറഞ്ഞയാളാണ് മോഷണം നടത്തുന്നതെന്ന് വ്യക്തമായെങ്കിലും ആളെ തിരിച്ചറിയാൻ പൊലീസിന് സാധിച്ചില്ല. ഇതേത്തുടർന്ന് സംശയമുള്ള സ്ഥലങ്ങളിൽ നിരീക്ഷണത്തിനായി പൊലീസ് ആളെ നിയോഗിച്ചു. ഒടുവിൽ സെപ്റ്റംബർ 12ന് പറശിനിക്കടവ് ക്ഷേത്രപരിസരത്ത് പാർക്ക് ചെയ്തിരുന്ന കാർ കുത്തിത്തുറക്കാൻ ഒരാൾ ശ്രമിക്കുന്നത് കണ്ട പൊലീസിന്റെ നിരീക്ഷകൻ ഫോട്ടെയെടുത്ത് കൈമാറി. ഈ ചിത്രത്തിൽനിന്നാണ് അബ്ദുൽ മുജീബാണ് മോഷ്ടാവെന്ന് വ്യക്തമായത്. വൻ സാമ്പത്തികശേഷിയുള്ള കുടുംബത്തിലെ അംഗമായതിനാൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചശേഷമാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ആദ്യം കുറ്റം നിഷേധിച്ചെങ്കിലും ടവർ ലൊക്കേഷൻ ഉൾപ്പടെയുള്ള തെളിവുകൾ പൊലീസ് നിരത്തിയതോടെ മുജീബ് എല്ലാം സമ്മതിക്കുകയായിരുന്നു.
First published:
September 15, 2019, 11:03 AM IST