• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | സുബൈര്‍ വധത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ കലാപത്തിന് ആഹ്വാനം; SDPI പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Arrest | സുബൈര്‍ വധത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ കലാപത്തിന് ആഹ്വാനം; SDPI പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പ്രകോപനപരമായ രീതിയില്‍ ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ പ്രചരിപ്പിച്ചുവെന്നാണ് കേസ്

അറസ്റ്റിലായ സലിം

അറസ്റ്റിലായ സലിം

  • Share this:
    പാലക്കാട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ (Subair murder case )  പശ്ചാത്തലത്തില്‍ സാമൂഹികമാധ്യമങ്ങള്‍ വഴി കലാപത്തിന് ആഹ്വാനംചെയ്ത കേസില്‍ യുവാവ് പിടിയിലായി. കുറ്റിപ്പുളി കരുവത്തില്‍ സലീമിനെ(32)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.

    ഏപ്രില്‍ 19-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രകോപനപരമായ രീതിയില്‍ ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ പ്രചരിപ്പിച്ചുവെന്നാണ് കേസ്. തുടര്‍ന്ന് പോലീസ് സ്വമേധയാ കേസെടുത്ത് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു. എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് എന്നിവയുടെ സജീവ പ്രവര്‍ത്തകനാണ് സലീമെന്ന് പോലീസ് പറഞ്ഞു.

    സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ. റഫീഖിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ. മാരായ പി. സുനീഷ്‌കുമാര്‍, ഇ.എ. അരവിന്ദന്‍, എസ്.സി.പി.ഒ. അശോകന്‍, സി.പി.ഒ. മാരായ പി. അരുണ്‍, ഷമീര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

    Also Read- ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ അറസ്റ്റില്‍

    അതേസമയം, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെയും ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി. ആര്‍എസ്എസ് പ്രവര്‍ത്തകരായ കള്ളിമുള്ളി പാറുക്കുട്ടിനിവാസില്‍ രമേശ് (42), മേനോന്‍പാറ കരിമണ്ണ് എടുപ്പുകുളം ആറുമുഖന്‍ (ആറു-27), കല്ലേപ്പുള്ളി ആലമ്പള്ളം കുറുപ്പത്ത് വീട്ടില്‍ ശരവണന്‍ എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കിയത്.

    അറസ്റ്റിലായ മൂന്ന് പ്രതികളുമായും അന്വേഷണസംഘം കഴിഞ്ഞദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. കോരയാര്‍ ഒന്നാംപുഴയില്‍ മണ്ണുകാട്ട് നടത്തിയ തെളിവെടുപ്പില്‍ സംഘം സംഭവത്തിനുശേഷം ഒളിപ്പിച്ച നാല് വാളുകള്‍ കണ്ടെടുത്തു. തുടര്‍ന്ന്, എലപ്പുള്ളി പഞ്ചായത്ത് അതിര്‍ത്തിയിലെ മേലേപോക്കാംതോട് എന്ന സ്ഥലത്ത്, കൃത്യത്തിനുശേഷം സംഘം മൂന്നുദിവസം ഒളിവില്‍ക്കഴിഞ്ഞ കാട്ടിലും തെളിവെടുപ്പ് നടന്നു. ഇവിടെനിന്ന് രക്തംപുരണ്ട വസ്ത്രവും കണ്ടെടുത്തു. കോടതിയില്‍നിന്ന് കസ്റ്റഡിയില്‍ വാങ്ങിയശേഷമാവും അക്രമംനടന്ന സ്ഥലത്തുംമറ്റും തെളിവെടുപ്പ് നടത്തുകയെന്നും പോലീസ് പറഞ്ഞു.

    സംഘർഷ സാധ്യത: പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ 24 വരെ നീട്ടി


    പാലക്കാട്: 24 മണിക്കൂറിനുള്ളിൽ രണ്ട് കൊലപാതകങ്ങൾ നടന്ന ജില്ലയിൽ തുടർസംഘർഷ സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ ഈ മാസം 24 വരെ നീട്ടിയതായി ജില്ലാ കളക്ടർ അറിയിച്ചു. കൊലപാതകങ്ങളെ തുടർന്ന് ജില്ലയിൽ നടപ്പാക്കിയ നിരോധനാജ്ഞ ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടിയത്. സംഘര്‍ഷമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് അതിജാഗ്രത പാലിക്കാനാണ് പൊലീസ് സേനക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

    മൂന്ന് കമ്പനി സായുധ പൊലീസ് സേനയെ കൂടാതെ രാത്രി പട്രോളിങ്ങും പരിശോധനയും സജീവമാണ്. നഗരത്തിലേക്ക് പ്രവേശിക്കുന്ന യാക്കര, മണപ്പുള്ളിക്കാവ്, കൽമണ്ഡപം, വിക്ടോറിയ കോളജ്, ചക്കാന്തറ തുടങ്ങി പ്രധാന കവലകളിൽ ബാരിക്കേഡ് സ്ഥാപിച്ച് വാഹനങ്ങളുടെ വിവരശേഖര‍ണം നടത്തുന്നുണ്ട്. രാത്രി പട്രോളിങ്ങും പരിശോധനയും ഉൾപ്പെടെ ശക്തമാക്കി. സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതിനാല്‍ തമിഴ്‌നാട് പൊലീസിന്‍റെ സഹായവും ഉറപ്പുവരുത്തി. 90 പൊലീസുകാരാണ് തമിഴ്നാട്ടിൽനിന്ന് എത്തിയിട്ടുള്ളത്.
    Published by:Arun krishna
    First published: