വഴിയിൽ നിന്ന കാട്ടാനയെശല്യം ചെയ്ത തമിഴ്‌നാട് ധർമ്മപുരി സ്വദേശിയെഅറസ്റ്റ് ചെയ്തു. ഇയാൾ ആനയെ ശല്യം ചെയ്യുന്ന വിഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെയാണ് തമിഴ്നാട് വനം വകുപ്പ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. സമൂഹമാധ്യമങ്ങളിൽ ഇയാൾക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. ഇതിനെ തുടർന്ന് ധർമ്മപുരി ജില്ലാ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്‌ഒ) ഇയാളെ കസ്റ്റഡിയിലെടുത്തതായി ഐഎഎസ് ഓഫീസർ സുപ്രിയ സാഹ ട്വീറ്ററിലൂടെ അറിയിച്ചു.
ഇയാൾ ആനയെ ശല്യം ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസം ഐഎഫ്‌എസ് ഓഫീസർ സാകേത് ബഡോല ട്വീറ്റ് ചെയ്തിരുന്നു. അദ്ദേഹത്തിന് അത് “വാട്ട്‌സ്ആപ്പ് ഫോർവേഡ്” ആയി ലഭിച്ചതായിരുന്നുവത്രേ. ആ ട്വീറ്റിൽ ഇയാളെ ഒരു “വിഡ്ഢി” എന്നാണ് ബഡോല വിശേഷിപ്പിച്ചത്. റോഡരികിൽ വന്ന കാട്ടാനയെ പ്രകോപിപ്പിച്ചതിന് അയാളെ വിമർശിക്കുകയും ചെയ്തിരുന്നു. “ഇത്തരം പ്രകോപനപരമായ പ്രവർത്തി ചെയ്യുന്ന വിഡ്ഢികളെ സഹിക്കുക എളുപ്പമല്ല. അതുകൊണ്ടാണ് അവർ (ആനകൾ) സൗമ്യരായ ഭീമൻമാരായി ബഹുമാനിക്കപ്പെടുന്നത്.” എന്നായിരുന്നു ട്വീറ്റ്. #elephants #respect #WhatsappForward” ഈ ഹാഷ്ടാഗുകളും അദ്ദേഹം ട്വീറ്റിൽ കുറിച്ചിരുന്നു.
റോഡരികിൽ കുറ്റിക്കാട്ടിൽ നിൽക്കുന്ന കാട്ടാനയുടെ അടുത്തേക്ക് ഒരാൾ നടന്ന് അടുക്കുന്നത് വീഡിയോ ക്ലിപ്പിൽ കാണാം. അയാളുടെ സാന്നിധ്യത്തിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്ന ആനയുടെ മുന്നിൽ ചെന്ന് നിന്ന് കൈകൾ ഉയർത്തി തൊഴുകയാണ് ചെയ്യുന്നത്. പരിഭ്രാന്തിയോടെ ആന പുറകിലോട്ട് നീങ്ങുന്നുണ്ട്. എന്നാൽ അയാൾ ആനയുടെ മുന്നിൽ തന്നെ നിൽക്കുകയാണ് ചെയ്തത്. ഒരുവേള കാട്ടാന ആക്രമിക്കാൻ ഒരുങ്ങുന്നത് പോലെ മുന്നോട്ട് കുതിക്കാൻ തുടങ്ങുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. അതിന് ശേഷം വീണ്ടും ആനയുടെ മുന്നിൽ നിന്ന് ചേഷ്ടകൾ കാണിക്കുന്നത് അയാൾ തുടർന്നു. ഒടുവിൽ ആനയെ താണ് വാണങ്ങിയ ശേഷമാണ് അയാൾ അവിടെ നിന്ന് പോയത്. അപ്പോഴും ആന ഉച്ചത്തിൽ വിളിക്കുന്നുണ്ടായിരുന്നു.
Tolerating such irritating morons is not easy. This is the precisely why they are revered as the gentle giants. #Elephants #Respect#WhatsappForward pic.twitter.com/UwWUFVsGX3
— Saket Badola IFS (@Saket_Badola) May 11, 2023
ട്വിറ്ററിൽ ഈ വീഡിയോ ക്ലിപ്പ് വന്നതോടെ നിരവധിപേർ കടുത്ത വിമർശനവുമായി രംഗത്തെത്തുകയായിരുന്നു. “അയാൾ എന്താണ് തെളിയിക്കാൻ ശ്രമിച്ചത്” എന്നായിരുന്നു ഒരാളുടെ കമന്റ്. “ഒരുപക്ഷേ അയാൾ മദ്യപിച്ചിരിക്കാം,”എന്ന് മറ്റൊരാൾ കമന്റ് ചെയ്തു. “അധികൃതർ ആ വ്യക്തിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.” എന്ന് മറ്റൊരാൾ കുറിച്ചു. പിന്നീട് കേസിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ച സുപ്രിയ സാഹു ഇയാളെ അറസ്റ്റ് ചെയ്തതായി അറിയിച്ചു. “ഈ വ്യക്തിയെ അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. കൊള്ളാം, ധർമ്മപുരി ഡിഎഫ്ഒ. ഇത് മറ്റുള്ളവർക്ക് ഒരു പാഠമാകണം. ” എന്നും ട്വീറ്റ് ചെയ്തു. ഇയാളുടെ അറസ്റ്റിനെ ഒരു വിഭാഗം ട്വിറ്റർ ഉപയോക്താക്കൾ സ്വാഗതം ചെയ്തിട്ടുമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: ARRESTED, Viral video