നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • വിവാഹം നിശ്ചയിച്ചത് ഇഷ്ടമായില്ല; ഗൃഹനാഥൻ മക്കളെയും അമ്മയെയും വെട്ടിപ്പരിക്കേൽപിച്ചു; തലയ്ക്കേറ്റ പരിക്കുമായി മകളുടെ വിവാഹം

  വിവാഹം നിശ്ചയിച്ചത് ഇഷ്ടമായില്ല; ഗൃഹനാഥൻ മക്കളെയും അമ്മയെയും വെട്ടിപ്പരിക്കേൽപിച്ചു; തലയ്ക്കേറ്റ പരിക്കുമായി മകളുടെ വിവാഹം

  തലയ്‌ക്കേറ്റ പരിക്കുമായി കതിര്‍മണ്ഡപത്തിലെത്തിയ യുവതിയുടെ വിവാഹം നടന്നു.

  News18 Malayalam

  News18 Malayalam

  • Share this:
   തിരുവനന്തപുരം (Thiruvananthapuram) നെയ്യാറ്റിന്‍കരയിൽ (Neyyattinkara) പ്രണയിച്ച യുവാവുമായി മകളുടെ വിവാഹം നടത്തുന്നതില്‍ പ്രകോപിതനായ ഗൃഹനാഥന്‍ ഭാര്യയെയും മകളെയും മകനെയും വിവാഹത്തലേന്ന് വെട്ടിപ്പരിക്കേൽപിച്ചു. തലയ്‌ക്കേറ്റ പരിക്കുമായി കതിര്‍മണ്ഡപത്തിലെത്തിയ യുവതിയുടെ വിവാഹം നടന്നു. ഒളിവില്‍പ്പോയ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

   ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. ആറാലുംമൂട് പൂജാ നഗര്‍ മണ്ണറത്തല വീട്ടില്‍ പ്രദീപ് ചന്ദ്രന്‍ (57) ആണ് ഭാര്യയെയും മക്കളെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഭാര്യ ശ്രീലത(47), മകള്‍ ലിജ(25), മകന്‍ ബെന്‍(20) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ലിജയുടെ വിവാഹം തന്റെ ഇഷ്ടമില്ലാതെ നടത്തുന്നതിലുള്ള ദേഷ്യവും മനോവിഷമവും കാരണമാണ് പ്രദീപ് ആക്രമണം നടത്തിയതെന്ന് നെയ്യാറ്റിന്‍കര പൊലീസ് പറഞ്ഞു.

   ബെംഗളൂരുവിലെ സ്വകാര്യ കമ്പ്യൂട്ടർ കമ്പനിയിലെ ജീവനക്കാരിയാണ് ലിജ. ഒപ്പം ജോലി ചെയ്ത തൃശൂര്‍ സ്വദേശിയുമായി പ്രണയത്തിലായി. ഇവരുടെ വിവാഹം ബുധനാഴ്ച ബാലരാമപുരത്തെ കല്യാണ മണ്ഡപത്തില്‍വെച്ച് നടത്താന്‍ തീരുമാനിച്ചിരുന്നു. ഈ വിവാഹത്തോട് പ്രദീപിന് സമ്മതമില്ലായിരുന്നു. ഇതിനെ എതിര്‍ത്ത് വീട്ടില്‍ സംസാരിക്കുന്നതിനിടെയാണ് പ്രകോപിതനായി കത്തിയെടുത്ത് ഇയാള്‍ ആക്രമണം നടത്തിയത്.

   കത്തികൊണ്ടുള്ള വെട്ടേറ്റ് ശ്രീലതയുടെ കൈയ്ക്കും മക്കളായ ലിജയുടെയും ബെന്നിന്റെയും തലയ്ക്കും പരിക്കേറ്റു. പരിക്കേറ്റ മൂവരും നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. പരിക്കേറ്റെങ്കിലും നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍തന്നെ ബുധനാഴ്ച രാവിലെ ലിജയും തൃശൂര്‍ സ്വദേശിയുമായുള്ള വിവാഹം നടന്നു.

   യുവതി വിഷക്കായ കഴിച്ച് മരിച്ച സംഭവം; ഭർത്താവും കുടുംബവും അറസ്റ്റിൽ

   വിഷക്കായ കഴിച്ച് യുവതി മരിച്ച സംഭവത്തിൽ ഭര്‍ത്താവും കുടുംബവും അറസ്റ്റിലായി. പത്തനംതിട്ട തിരുവല്ല മേപ്രാലില്‍ ശാരിമോള്‍(30) മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് കൃഷ്ണദാസ്, സഹോദരന്‍ ജിഷ്ണുദാസ്, മാതാപിതാക്കളായ മായാദാസ്, ഗുരുദാസ് എന്നിവരെ പൊലീസ് പിടികൂടിയത്. ഇവരുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തി.

   സ്ത്രീധന പീഡനത്തെ തുടർന്നാണ് ശാരിമോൾ ആത്മഹത്യ ചെയ്തത്. അറസ്റ്റിലായവർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്തു. യുവതിയുടെ സഹോദരന്റെ ഭാര്യ സ്മിതയും കേസില്‍ പ്രതിയാണ്. സ്മിതയെ കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നതിനാല്‍ നാലുപേരെയും ജാമ്യത്തില്‍ വിട്ടു.

   കേസിന് ആസ്പദമായ സംഭവം നടന്നത് 2021 മാര്‍ച്ചിലായിരുന്നു. സ്ത്രീധനത്തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ യുവതിയുടെ വീട്ടിലെത്തി സംഘര്‍ഷമുണ്ടാക്കിയതിന് പിന്നാലെയാണ് മാർച്ച് 30ന് വൈകിട്ടോടെ യുവതി ഒതളങ്ങ കഴിച്ചത്. ചികിത്സയിലിരിക്കെ അടുത്ത ദിവസം ശാരി മരിച്ചു.

   ശാരിമോളുടെ പേരിലുള്ള ഫിക്‌സഡ് ഡെപ്പോസിറ്റ് ആവശ്യപ്പെട്ട് ഭര്‍ത്താവും കുടുംബവും മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി. 2019 നവംബര്‍ 21ന് ആയിരുന്നു കൈനകരി സ്വദേശിയായ കൃഷ്ണദാസുമായി ശാരിമോളുടെ വിവാഹം. ബഹ്‌റൈനില്‍ നഴ്‌സായിരുന്ന ശാരിമോള്‍ അവധിക്ക് നാട്ടിലെത്തിയപ്പോഴായിരുന്നു സംഘര്‍ഷവും ആത്മഹത്യയും നടന്നത്.
   Published by:Rajesh V
   First published:
   )}