തൃശൂർ: യാത്രക്കാരിയായ പെൺസുഹൃത്ത് വിളിച്ചുവരുത്തിയതിനെ തുടർന്ന് കാർ കുറുകെയിട്ട് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ യുവാവ് അറസ്റ്റിലായി. തൃശൂർ സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. ബസ് തടഞ്ഞതിനും ഡ്രൈവറെ മർദ്ദിച്ചതിനുമാണ് യുവാവിനെതിരെ കേസെടുത്തത്. പെൺകുട്ടിയെ ശല്യം ചെയ്തെന്ന പരാതിയിൽ ബസ് ഡ്രൈവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
തൃശൂർ ബസ് സ്റ്റാൻഡിൽ കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. തൊട്ടിൽപ്പാലത്തുനിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിന്റെ ഏറ്റവും മുൻ നിരയിലെ സീറ്റിലിരുന്ന പെൺകുട്ടി ഡ്രൈവറുടെ സീറ്റിൽ കാൽ വെച്ചതിനെ തുടർന്നുള്ള പ്രശ്നങ്ങളുടെ തുടക്കം. ബസ് വളാഞ്ചേരിയിൽ എത്തിയപ്പോഴാണ് സംഭവം. കാൽ മാറ്റാൻ ഡ്രൈവർ ആവശ്യപ്പെട്ടതോടെ പെൺകുട്ടി അത് അനുസരിച്ചു.
എന്നാൽ ബസ് തൃശൂർ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന കവാടത്തിൽവെച്ച് ഒരു കാർ കുറുകെയിട്ട് ബസ് തടയുകയായിരുന്നു. കാറിൽനിന്ന് ചാടിയിറങ്ങിയ യുവാവ്, പുറത്തുനിന്ന് ബസ് ഡ്രൈവറെ മർദ്ദിക്കുകയും പെൺകുട്ടിയോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. യുവാവിന്റെ ആക്രമണത്തിൽ തൊട്ടിൽപ്പാലം ഡിപ്പോയിലെ ഡ്രൈവർ രതീഷിന് പരിക്കേറ്റു. യുവാവ് നടത്തിയ അതിക്രമത്തിനിടെ സ്റ്റിയറിങ്ങിനും ഡ്രൈവർ സീറ്റിനും കേടുപാട് സംഭവിച്ചു. ബസിന്റെ താക്കോൽ ഊരിയെടുക്കുന്നതിനുള്ള ശ്രമത്തിനിടെ അത് ഒടിയുകയും ചെയ്തു.
താക്കാൽ ഒടിഞ്ഞതോടെ ഓട്ടോമാറ്റിക് ഡോർ തുറക്കാൻ സാധിച്ചില്ല. യുവാവുമായി കാറിൽ രക്ഷപ്പെടാനുള്ള പെൺകുട്ടിയുടെ ശ്രമം ഇതോടെ വിഫലമായി. പിന്നീട് മെക്കാനിക്കൽ വിഭാഗം ജീവനക്കാരെത്തി ബസ് സ്റ്റാൻഡിനുള്ളിലേക്ക് കൊണ്ടിടുകയും ഡോർ തുറക്കുകയുമായിരുന്നു. ഇതിനിടെ പെൺകുട്ടി ചാടിയിറങ്ങി കാറിനടുത്തേക്ക് ഓടിയപ്പോൾ യാത്രക്കാർ ഇരുവരെയും തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.