മുംബൈ: വാലന്‍റൈൻസ് ഡേ സമ്മാനം നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 51 കാരിയായ സ്ത്രീയിൽനിന്ന് 3.68 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഇൻസ്റ്റാഗ്രാമിൽ സൌഹൃദം സ്ഥാപിച്ചശേഷമാണ് അലക്സ് ലോറെൻസോ എന്ന് പരിചയപ്പെടുത്തിയയാൾ പണം തട്ടിയെടുത്തത്.
വാലന്‍റൈൻസ് ഡേയ്ക്ക് ലക്ഷങ്ങൾ വിലപിടിപ്പുള്ള സമ്മാനം അയച്ചിട്ടുണ്ടെന്നും, സമ്മാനം കൈപ്പറ്റിയശേഷം കൊറിയർ ചാർജായി 66000 രൂപ നൽകണമെന്നും ഇയാൾ പരാതിക്കാരിയോട് പറഞ്ഞു. എന്നാൽ കൊറിയർ എത്തിയതോടെ, പരിധിയിൽ അധികം ഭാരമുള്ളതിനാൽ 66000 രൂപയ്ക്ക് പകരം 72000 രൂപയാണ് ആവശ്യപ്പെട്ടത്.
പാഴ്സലിൽ യൂറോപ്യൻ കറൻസി നോട്ടുകൾ കണ്ടെത്തിയെന്നും കള്ളപ്പണം വെളുപ്പിക്കുന്നതിന് 2,65,000 രൂപ നൽകേണ്ടിവരുമെന്നും പറഞ്ഞ് കൊറിയർ കമ്പനി പ്രതിനിധികൾ യുവതിയെ വീണ്ടും ബന്ധപ്പെട്ടു. ഇതോടെ ഭയപ്പെട്ടുപോയ സ്ത്രീ അവർ ആവശ്യപ്പെട്ട പണം അടയ്ക്കുകയും ചെയ്തു.
ഇതിനുശേഷം വീണ്ടും 98000 രൂപ ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ സ്ത്രീ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പണം നൽകുന്നത് വിസമ്മതിച്ചതോടെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് അലക്സ് ലോറെസൻസോ 51കാരിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് സ്ത്രീ ഖാർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ, പോലീസ് ഞായറാഴ്ച രണ്ട് അജ്ഞാതർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം 420 (വഞ്ചന), ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് വകുപ്പുകൾ എന്നിവ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി ഖാർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു. കേസിൽ അന്വേഷണം നടക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.