• HOME
 • »
 • NEWS
 • »
 • crime
 • »
 • MAN GETS LIFE TERM IMPRISONMENT AFTER RAPED A GIRL IN KOZHIKODE

വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിന് മരണം വരെ കഠിനതടവും 1.6 ലക്ഷം രൂപ പിഴയും

2020 മേയ് ഒന്നിന് കുട്ടി ശുചിമുറിയിൽ പ്രസവിച്ചപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. പ്രണയം നടിച്ച് പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് യുവാവ് ലൈംഗികമായി പീഡിപ്പിച്ചത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  കോഴിക്കോട്: പതിനാറുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണായിക്കിയ യുവാവിന് മരണം വരെ കഠിന തടവിന് ശിക്ഷിച്ച് കോടതി. കോഴിക്കോട് കല്ലായി കപ്പക്കല്‍ മുണ്ടിപ്പറമ്പ് മുഹമ്മദ് ഹര്‍ഷാദിനാണ് (29) പോക്സോ പ്രത്യേക കോടതി ജഡ്ജി സി.ആര്‍. ദിനേഷ് കഠിനതടവ് വിധിച്ചത്. പ്രതിക്ക് വിവിധ വകുപ്പുകളിലായി 27 വര്‍ഷം കഠിനതടവ് വേറെയും വിധിച്ചു. ഇതു കൂടാതെ 1.6 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പ്രതി പിഴ ഒടുക്കിയാൽ ഒരു ലക്ഷം രൂപ ലീഗൽ സർവീസസ് അതോറിറ്റി വഴി പെൺകുട്ടിക്ക് കൈമാറാനും കോടതി ഉത്തരവിട്ടു. സംഭവത്തിന് ശേഷം പെൺകുട്ടിക്ക് നേരിട്ട മാനസികാഘാതത്തിന് നഷ്ടപരിഹാരമായാണ് പിഴത്തുകയെന്നും കോടതി വ്യക്തമാക്കി. പ്രണയം നടിച്ച് പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് യുവാവ് ലൈംഗികമായി പീഡിപ്പിച്ചത്.

  2020 മേയ് ഒന്നിന് കുട്ടി ശുചിമുറിയിൽ പ്രസവിച്ചപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ആശുപത്രി വഴിയാണ് വെള്ളയിൽ പൊലീസ് പീഡനക്കേസ് രജിസ്റ്റർ ചെയ്തത്. കേസ് അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടുകൂടുകയും വിവിധ വകുപ്പുകൾ പ്രകാരം കേസെടുക്കുകയുമായിരുന്നു. ആശുപത്രി വഴി ലഭിച്ച പരാതിയില്‍ ഡി.എന്‍.എ പരിശോധനാഫലം അടക്കം കുറ്റപത്രം 90 ദിവസത്തിനകം പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചതിനാല്‍ പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നില്ല.

  പ്രതിക്കെതിരെ സമാനമായ മറ്റ് പരാതികളുണ്ടെന്നും കേസുകൾ നിലവിലുണ്ടെന്നും വ്യക്തമായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ചതിന് പ്രതിക്കെതിരെ കേസ് ഉണ്ട്. സ്കൂളുകള്‍ക്ക് മുന്നില്‍ ബൈക്കില്‍ കറങ്ങി പെണ്‍കുട്ടികളെ വലയിലാക്കുന്ന പ്രതി, കുട്ടിയുടെ വീട്ടിലാളില്ലാത്ത സമയം പീഡിപ്പിച്ചെന്നാണ് കേസ്.

  Also Read- മരിക്കുന്നതിന് മുമ്പ് നഗ്നനായി ഓടുന്ന ദൃശ്യം സിസിടിവിയിൽ; കൊച്ചിയിൽ യുവാവിന്‍റെ മരണത്തിൽ ദുരൂഹത

  കോവിഡ് സമയമായിരുന്നിട്ടും വളരെ വേഗം അന്വേഷണം പൂർത്തിയാക്കാൻ പൊലീസിന് സാധിച്ചു. 2021 മാർച്ചിൽ ആരംഭിച്ച വിചാരണ നടപടികൾക്കൊടുവിലാണ് ഇന്ന് കോടതി വിധി പറഞ്ഞത്. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കെ. സുനില്‍കുമാര്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. കേസില്‍ ഇരയായ പെണ്‍കുട്ടിയടക്കം 52 സാക്ഷികളെ വിസ്തരിച്ചു. വെള്ളയില്‍ സ്റ്റേഷൻ ഹൌസ് ഓഫീസർ ജി. ഗോപകുമാറാണ് അന്വേഷിച്ചത്. കണ്ണൂര്‍ ഫോറന്‍സിക് ഡി.എന്‍.എ വിഭാഗം അസി. ഡയറക്ടര്‍ അജേഷ് തെക്കടവനാണ് ഡി. എന്‍. എ പരിശോധന നടത്തിയത്​.

  പതിമൂന്നു വയസുകാരി പീഡനത്തിന് ഇരയായ സംഭവത്തിൽ മാതാപിതാക്കൾ അറസ്റ്റിൽ

  ഉളിയത്തടുക്കയിൽ പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസിൽ മാതാവും പിതാവും അറസ്റ്റിലായി. പീഡന വിവരം മറച്ചു വെച്ചതിനാണ് അറസ്റ്റ്. കേസിൽ ഒൻപത് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.

  ജൂൺ 26ന് റഹ്മത്ത് നഗറിൽലെ ആളൊഴിഞ്ഞ വീട്ടില്‍ വച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് പോലീസ് ആദ്യം കേസ് എടുക്കുന്നത്. അഞ്ചാം ക്ലാസുകാരിയായ കുട്ടിയെ ആളൊഴിഞ്ഞ വീട്ടില്‍ വച്ച്‌ ലൈംഗികമായി ഉപദ്രവിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് മധൂരിലെ ഒരു പൊതുപ്രവര്‍ത്തകന്‍ ചൈല്‍ഡ് ലൈനിന്റെ ഹെല്‍പ്പ് ലൈനില്‍ വിവരം ധരിപ്പിച്ചു. ഇതോടെയാണ് പീഡന വിവരങ്ങള്‍ ആദ്യം പുറത്തുവന്നത്.
  ജൂലൈ അഞ്ചിന് കേസിലെ പ്രതികളായ നാല് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. എസ്. പി. നഗര്‍ സ്വദേശിയായ അമ്പത്തെട്ടുകാരന്‍ അബ്ബാസിനെയാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പിന്നീട് അഞ്ച് പേർ കൂടി അറസ്റ്റിലായി. കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് കുട്ടി പീഡനത്തിനിരയായത് മാതാപിതാക്കൾ മറച്ചുവെച്ച വിവരം പുറത്തു വരുന്നത്. പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

  പൊലീസ് അറസ്റ്റ് ചെയ്ത മാതാപിതാക്കളെ കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. സംഭവത്തിൽ കാസർഗോഡ് വനിതാ പോലീസ് സ്റ്റേഷനിൽ നിലവിൽ ഒൻപത് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് പെൺകുട്ടി കഴിയുന്നത്.
  Published by:Anuraj GR
  First published:
  )}