കൊച്ചി: ഇ കൊമേഴ്സ് ആപ്പ് വഴി ഐഫോണ്‍ 12(IPhone 12) ബുക്ക് ചെയ്തയാൾക്ക് ലഭിച്ച് വിം സോപ്പും അഞ്ചു രൂപ നാണയവും. എറണാകുളം ആലുവ തോട്ടുമുഖം സ്വദേശിയായ നൂറുള്‍ അമീനാണ് കബളപ്പിക്കപ്പെട്ടത്. ആമസോണിൽ(Amazon) നിന്നാണ് ഇദ്ദേഹം ഫോൺ ബുക്ക് ചെയ്തത്. നൂറുള്‍ അമീനാണ് ഈ ദുരാനുഭവം നേരിട്ടത്. ആമസോണിന്‍റെ കസ്റ്റമർ കെയറിൽ വിളിച്ച് വിവരം പറഞ്ഞ ശേഷം നൂറുള്‍, ആലുവ സൈബര്‍ പൊലീസിലും(Kerala Police) പരാതി നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയോടെയാണ് ബുക്ക് ചെയ്ത ഫോൺ പാക്കറ്റുമായി ഡെലിവറി ബോയ് എത്തിയത്. ഡെലിവറി ബോയിയുടെ സാന്നിദ്ധ്യത്തിൽ പാക്കറ്റ് തുറന്നപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം നൂറുൾ അറിയുന്നത്. അടുത്തിടെയായി ഇത്തരം തട്ടിപ്പുകൾ വ്യാപകമായതിനാലാണ്, വിലപിടിപ്പുള്ള ഓർഡറുകൾ ഡെലിവറി ബോയിയുടെ സാന്നിദ്ധ്യത്തിൽ തുറന്നു നോക്കണമെന്ന വ്യവസ്ഥ ആമസോൺ നടപ്പാക്കിയത്.
ഉത്സവ കാല ഓഫർ വിൽപനയുടെ ഭാഗമായി കഴിഞ്ഞ ഒക്ടോബര്‍ 12നാണ് നൂറുൾ അമീൻ ഐഫോണ്‍ 12 സ്മാര്‍ട്ട്ഫോണ്‍ ഓർഡർ ചെയ്തത്. ഐസിഐസിഐ ബാങ്കിന്‍റെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് നൂറുൾ ഫോൺ വാങ്ങിയത്. ആമസോണിന്‍റെ പ്രൈം മെമ്പർഷിപ്പ് ഉള്ളയാളാണ് നൂറുൾ. കൂടാതെ 2015 മുതല്‍ സ്ഥിരമായി ആമസോണില്‍ നിന്നും സാധനങ്ങള്‍ വാങ്ങാറുണ്ടെന്നും ഇദ്ദേഹം പറയുന്നു. എന്നാല്‍ എഴുപതിനായിരത്തിന് മുകളിലുള്ള തുക മുടക്കി വലിയ പര്‍ച്ചേസിംഗ് നടത്തുന്നത് ആദ്യമാണെന്നും നൂറുൾ വ്യക്തമാക്കി.
ഖത്തറില്‍ പ്രവാസിയായ നൂറുള്‍ കഴിഞ്ഞ രണ്ട് മാസമായി അവധിയില്‍ നാട്ടിലുണ്ട്. നാട്ടിൽ പിതാവിന്‍റെ മേൽവിലാസത്തിലാണ് നൂറുൾ ഐഫോണ്‍ 12 ഓഡര്‍ ചെയ്തത്. ആമസോണ്‍ പരാതി പരിഹാര സേവനത്തില്‍ വിളിച്ചപ്പോള്‍ അന്വേഷണ സമയമായി രണ്ട് ദിവസം വേണമെന്നാണ് പറഞ്ഞതെന്ന് നൂറുള്‍ പറയുന്നു. തുടര്‍ന്നാണ് ആലുവ സൈബര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഐഎംഇഐ നമ്പര്‍ ഉപയോഗിച്ച് ഫോണ്‍ തട്ടിയെടുത്തവരെ കണ്ടെത്താനാകുമോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ആലുവ പൊലീസ് അറിയിച്ചു.
Mobile Phone | ഫോൺ വഴി പരിചയപ്പെട്ട യുവതിയെ കാണാൻ എറണാകുളത്ത് നിന്ന് കണ്ണൂരിലെത്തി 68കാരൻ; വണ്ടി കാശ് നൽകി മടക്കിയയച്ച് പൊലീസ്
കണ്ണൂർ: മൊബൈൽ ഫോൺ വിളികളിലൂടെ പരിചയത്തിലായ യുവതിയെ നേരിൽ കാണാൻ കിലോമീറ്ററുകൾ താണ്ടി എത്തിയ വയോധികൻ കബളിപ്പിക്കപ്പെട്ടു. എറണാകുളത്ത് നിന്ന് കണ്ണൂരിലെ കൂത്തുപറമ്പ് വരെ എത്തിയെങ്കിലും യുവതി ഫോൺ സ്വിച്ച് ഓഫ് ചെയ്തതോടെയാണ് വയോധികൻ കുടുക്കിലായത്. എറണാകുളത്തെ ഞാറക്കലിൽ നിന്നാണ് 68കാരൻ ട്രെയിനിൽ കണ്ണൂർ കൂത്തുപറമ്പിലെത്തിയത്. എന്നാൽ തലേദിവസം വരെ ഫോണിൽ സംസാരിച്ച യുവതി ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെക്കുകയായിരുന്നു. ഒടുവിൽ താൻ കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലായ വയോധികൻ പൊലീസിനെ സമീപിക്കുകയായിരുന്നു.
Also Read- Cannabis Arrest| കഞ്ചാവ് കച്ചവടം നടത്തി വന്ന ക്ഷേത്രപൂജാരി അറസ്റ്റിൽ
കഴിഞ്ഞ മൂന്നു മാസമായി എല്ലാ ദിവസവും യുവതിയുമായി സംസാരിക്കാറുണ്ടായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. വയോധികൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് യുവതിയെ കണ്ടെത്തിയെങ്കിലും അവർ സ്റ്റേഷനിലേക്ക് വരാൻ തയ്യാറായില്ല. തനിക്ക് വയോധികനെ അറിയില്ലെന്നും, താൻ ആരെയും വിളിച്ചിട്ടില്ലെന്നുമുള്ള നിലപാടിലായിരുന്നു യുവതി.
ഇതോടെ സംഭവത്തിൽ ഇടപെട്ട പൊലീസ് വെട്ടിലാകുകയായിരുന്നു. യുവതി പറഞ്ഞ കാര്യം വയോധികനെ അറിയിച്ചെങ്കിലും മടങ്ങിപ്പോകാൻ തയ്യാറല്ലെന്നും, യുവതിയെ കണ്ടാൽ മാത്രമെ പോകുകയുള്ളുവെന്നും ഇയാൾ അറിയിച്ചു. ഒടുവിൽ പൊലീസ് കാര്യങ്ങൾ പറഞ്ഞ് അനുനയിപ്പിച്ച് മടക്കി അയയ്ക്കുകയായിരുന്നു. തലശേരി റെയിൽവേ സ്റ്റേഷനിൽ വരെ പോകാനുള്ള വണ്ടി കാശും നൽകിയാണ് ഇയാളെ പൊലീസ് മടക്കി അയച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Amazon, Amazon Prime