ഉത്തർപ്രദേശിലെ (Uttar Pradesh) ബിജ്നോറിൽ (Bijnor) കാമുകിയെ കൊലപ്പെടുത്തി ശരീരം കുഴിച്ചിട്ട കേസിൽ യുവാവ് അറസ്റ്റിൽ. ബിജ്നോർ അഥ്വരിവാല സ്വദേശി പ്രവീൺ (21) ആണ് പൊലീസിന്റെ പിടിയിലായത്. ബർഹാർപുർ സ്വദേശിനിയായ 12-ാ൦ ക്ലാസ് വിദ്യാർഥിനിയെ കാണ്മാനില്ലെന്ന പരാതിയിന്മേൽ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. വിവാഹം കഴിക്കാൻ പെൺകുട്ടി യുവാവിനെ നിർബന്ധിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കൊലപാതകത്തിന് ശേഷം പെൺകുട്ടിയുടെ മൃതദേഹം മറവ് ചെയ്യാൻ ഒരു സുഹൃത്തും പ്രതിയെ സഹായിച്ചതായി പൊലീസ് പറഞ്ഞു.
ജൂൺ നാലിനാണ് 19-കാരിയായ പെൺകുട്ടിയെ കാണാതായത്. എന്നാൽ, ജൂൺ 16-നാണ് മാതാപിതാക്കൾ സംഭവത്തിൽ പരാതി നൽകിയതെന്ന് പൊലീസ് വിശദീകരിച്ചു. കോളേജിലേക്ക് പോയ മകൾ വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് കാണിച്ചായിരുന്നു മാതാപിതാക്കൾ പരാതി നൽകിയത്. മകളുടെ കാമുകനായ പ്രവീണിനെക്കുറിച്ചുള്ള വിവരങ്ങളും ഇവർ പൊലീസിന് നൽകിയിരുന്നു. പെൺകുട്ടിയും യുവാവും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉണ്ടെന്നും ഇയാൾ ഇടക്കിടെ വീട്ടിൽ വരാറുണ്ടെന്നും മാതാപിതാക്കൾ പൊലീസിൽ മൊഴി നൽകി. ഇതനുസരിച്ചായിരുന്നു പൊലീസ് യുവാവിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തത്.
തുടർന്നുള്ള ചോദ്യംചെയ്യലിലാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത് താനാണെന്ന് യുവാവ് സമ്മതിച്ചത്. താനും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നു. നാലിന് പെൺകുട്ടിയെ ഒരു ഹോട്ടലിൽ എത്തിച്ചെന്നും ഹോട്ടലിൽ വെച്ച് പെൺകുട്ടി യുവാവിനോട് വിവാഹക്കാര്യം ആവർത്തിച്ച് പറയുകയും എത്രയുംവേഗം തന്നെ വിവാഹം നടത്തണമെന്നും ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ കുട്ടിയുമായുണ്ടായ വഴക്കിനിടയിൽ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതി മൊഴി പൊലീസിൽ മൊഴി നൽകിയത്. കാമുകി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചതോടെ മൃതദേഹവുമായി സ്വന്തം ഗ്രാമത്തിലേക്ക് ചെന്ന യുവാവ്, സുഹൃത്തിന്റെ സഹായത്തോടെ ഒരു ഓവുചാലിന് സമീപം മൃതദേഹം കുഴിച്ചിടുകയായിരുന്നു.
യുവാവ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു. മൃതദേഹം മറവ് ചെയ്യാൻ സഹായിച്ച പ്രതിയുടെ സുഹൃത്ത് ഒളിവിലാണെന്നും ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും പ്രതിയുടെ ബൈക്ക് പിടിച്ചെടുത്തിട്ടുണ്ടെന്നും ബിജ്നോർ എസ്പി ധരംവീർ സിങ് പറഞ്ഞു. പ്രതിയും കാമുകിയും വ്യത്യസ്ത ജാതിയിൽ പെട്ടവരും രണ്ട് ഗ്രാമങ്ങളിൽ താമസിക്കുന്നവരായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.