കോട്ടയം: മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. ഏറ്റുമാനൂർ തെള്ളകം നെടുമലക്കുന്നേൽ ടോമിയുടെ ഭാര്യ മേരിയാണ്(50) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ടോമിയെ ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. മദ്യപിച്ചെത്തിയ ടോമി ഭാര്യയുമായി വഴക്കുണ്ടാക്കി. ഇരുവരുടെയും വാക്കുവാദങ്ങൾ മുറുകന്നതിനിടെ സമീപത്തിരുന്ന ചുറ്റികയെടുത്ത് ടോമി, മേരിയുടെ തലയ്ക്കടിച്ചു. അടിയേറ്റ് ബോധരഹിതയായി വീണ മേരിയുടെ തലയുടെ പിന്നിൽ ഇരുമ്പുദണ്ഡ് ഉപയോഗിച്ച് വീണ്ടും അടിച്ചു മരണം ഉറപ്പാക്കി.
Also See - വാക്കു തർക്കം; 17കാരിയെ യുവാവ് തിരക്കേറിയ റോഡിൽ കഴുത്തറുത്ത് കൊലപ്പെടുത്തി
സംഭവശേഷം കണ്ണൂർ ഇരിട്ടിയിലുള്ള സഹോദരനെ വിളിച്ച് ടോമി വിവരം പറഞ്ഞു. ഇദ്ദേഹം അതിരമ്പുഴ വേദഗിരിയിലുള്ള മറ്റൊരു സഹോദരനെ വിവരം അറിയിച്ചു. ഇവർ അറിയിച്ചതിനെ തുടർന്ന് സിഐ ടി.ആർ രാജേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിലെത്തി ടോമിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് വീട്ടിലെത്തുമ്പോൾ, വീട്ടിലെ ഹാളിലായിരുന്നു മേരിയുടെ മൃതദേഹം കിടന്നിരുന്നത്.
നിർമ്മാണ തൊഴിലാളിയായ ടോമി സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കുണ്ടാക്കിയിരുന്നതായി നാട്ടുകാർ പറയുന്നു. മേരിയുടെ മൃതദേഹം ഇന്ന് ഇൻക്വസ്റ്റ് നടത്തി മോർച്ചറിയിലേക്കു മാറ്റു. പോസ്റ്റുമോർട്ടവും കോവിഡ് പരിശോധനയും നടത്തിയശേഷമായിരിക്കും മൃതദേഹം വിട്ടുകൊടുക്കുക. ടോമി-മേരി ദമ്പതികൾക്ക് മക്കളില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Ettumanoor, Kottayam, Man killed wife, Murder, കൊലപാതകം, കോട്ടയം