• HOME
  • »
  • NEWS
  • »
  • crime
  • »
  • മനുഷ്യ ശരീരം ഭക്ഷിക്കുന്ന തെരുവുനായ്ക്കൾ; ഭാര്യയെ കൊന്ന് കഷണങ്ങളായി ഉപേക്ഷിച്ച ഭർത്താവ് പിടിയിലായത് ഇങ്ങനെ

മനുഷ്യ ശരീരം ഭക്ഷിക്കുന്ന തെരുവുനായ്ക്കൾ; ഭാര്യയെ കൊന്ന് കഷണങ്ങളായി ഉപേക്ഷിച്ച ഭർത്താവ് പിടിയിലായത് ഇങ്ങനെ

തെരുവുനായ്ക്കൾ മനുഷ്യ ശരീരഭാഗങ്ങൾ ഭക്ഷിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്

  • Share this:

    ഭാര്യയെ കൊന്ന് കഷണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തിൽ ഭർത്താവ് പൊലീസ് പിടിയിൽ. ഡൽഹിയിൽ ശ്രദ്ധ വാക്കർ കൊലപാതകത്തിനു പിന്നാലെ സമാന സംഭവങ്ങൾ വീണ്ടും രാജ്യത്ത് റിപ്പോർ‌ട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. പിതാവിന്റെ സഹോദരഭാര്യയെ കൊന്ന് കഷണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തിൽ 33 കാരൻ പിടിയിലായ വാർത്ത വന്നതും ഇന്നാണ്. ഇതിനു പിന്നാലെയാണ് ജാർഖണ്ഡിൽ നിന്നും സമാനമായ മറ്റൊരു വാർത്തയും വരുന്നത്.

    ജാർഖണ്ഡിലെ സാഹിബ്ഘഞ്ച് സ്വദേശിയായ അൻസാരിയാണ് ഭാര്യയെ കൊലപ്പെടുത്തി കഷണങ്ങളാക്കി മൃതദേഹം പലയിടങ്ങളിലായി ഉപേക്ഷിച്ചത്. തെരുവുനായ്ക്കൾ മനുഷ്യ ശരീരഭാഗങ്ങൾ ഭക്ഷിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. സാഹിബ്ഘഞ്ചിൽ പുതുതായി നിർമിച്ച അംഗനവാടി കെട്ടിടത്തിന് പിന്നിലാണ് നായ്ക്കൾ മനുഷ്യശരീര ഭാഗങ്ങൾ ഭക്ഷിച്ചത്.

    നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഷണങ്ങളാക്കിയ മനുഷ്യശരീര ഭാഗങ്ങൾ ഇവിടെ നിന്നും പൊലീസ് കണ്ടെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റബിത പഹാദീൻ (22) എന്ന യുവതിയുടേതാണ് മൃതദേഹം എന്ന് കണ്ടെത്തിയത്. ദിൽദാർ അൻസാരിയുടെ (28) രണ്ടാം ഭാര്യയായിരുന്നു റബിത.

    Also Read- അച്ഛന്റെ സഹോദരഭാര്യയെ കൊന്ന് കഷണങ്ങളാക്കി; പലയിടങ്ങളിലായി ഉപേക്ഷിച്ചു; യുവാവ് പിടിയിൽ

    റബിതയുടെ 13 ശരീര ഭാഗങ്ങളാണ് വിവിധ സ്ഥലങ്ങളിൽ നിന്ന് കണ്ടെത്തിയത്. കണ്ടെത്തിയ ശരീരഭാഗങ്ങൾ 22 വയസ്സുള്ള യുവതിയുടേതാണെന്ന് തിരിച്ചറിഞ്ഞതോടെ കാണാതായ സ്ത്രീകളെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. തുടർന്ന് അന്വേഷണം അൻസാരിയിലേക്ക് എത്തുകയായിരുന്നു.

    കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് റബിത കൊല്ലപ്പെട്ടതെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച്ച റബിതയേയും കൂട്ടി അൻസാരിയുടെ മാതാവ് സഹോദരന്റെ വീട്ടിൽ പോയിരുന്നു. ഇവിടെ വെച്ചാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. റബിദയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി പലഭാഗങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു.

    Also Read- തിരുവനന്തപുരത്ത് പങ്കാളിയെ നടുറോഡിൽ വെട്ടിക്കൊന്ന കേസിലെ പ്രതി ജയിലിലെ ടോയ്ലറ്റിൽ തൂങ്ങിമരിച്ച നിലയിൽ

    ഇന്നലെ പോലീസ് നടത്തിയ പരിശോധനയിൽ വിരൽ, തോൾ, ഇടുപ്പ്, കൈ, ശ്വാസകോശം, ആമാശയം എന്നിവയുടെ ഭാഗങ്ങൾ കണ്ടെടുത്തിരുന്നു. അംഗനവാടി പരിസരത്തു നിന്ന് രണ്ട് വിരലുകളും വയറിന്റെ ഭാഗവുമാണ് കണ്ടെത്തിയത്. റബിദ അവസാനമായി എത്തിയ അൻസാരിയുടെ അമ്മാവന്റെ വീട്ടിലും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്.

    കൊലപാതകത്തിൽ അൻസാരിയുടെ അമ്മാവനും പങ്കുണ്ടെന്നാണ് സംശയം. ഇയാളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണമെന്താണ് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പ്രണയിച്ച് വിവാഹം ചെയ്തവരാണ് അൻസാരിയും റബിദയും. വിവാഹശേഷം ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. വഴക്കിനെ തുടർന്നാണ് കൊലപാതകം എന്നാണ് കരുതുന്നത്.

    Published by:Naseeba TC
    First published: