• HOME
  • »
  • NEWS
  • »
  • crime
  • »
  • Liquor | അഞ്ചിരട്ടി വിലയ്ക്ക് മറിച്ചുവിൽക്കാനായി മാഹിയിൽ നിന്നും മദ്യം കൊണ്ടുപോകവെ യുവാവ് എക്സൈസ് പിടിയില്‍

Liquor | അഞ്ചിരട്ടി വിലയ്ക്ക് മറിച്ചുവിൽക്കാനായി മാഹിയിൽ നിന്നും മദ്യം കൊണ്ടുപോകവെ യുവാവ് എക്സൈസ് പിടിയില്‍

80 കുപ്പികളിലായി 24.640 ലിറ്റർ മദ്യമാണ് പിടികൂടിയത്.

  • Share this:
    കണ്ണൂർ: പണിമുടക്ക് ദിവസം മദ്യശാലകൾ (liquor outlets) അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ കരിഞ്ചന്തയിൽ അഞ്ചിരട്ടിക്ക് വിൽപന നടത്താനായി മാഹിയിൽ (Mahe) നിന്നും കടത്തിയ മദ്യം വിൽക്കാനായി കൊണ്ടുപോകവെ ഓട്ടോറിക്ഷയുമായി യുവാവ് എക്സൈസ് (Excise) പിടിയിൽ. ദേശീയ പണിമുടക്കിന്റെ ഭാഗമായി ബാറുകളും ബെവ്കോ ഔട്ട്ലെറ്റുകളും അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ നേരത്തെ മാഹിയിലെ ബാറുകളിൽ നിന്നും കടത്തി ശേഖരിച്ചുവെച്ചതായിരുന്നു വിദേശമദ്യം.

    പാലയാട് സ്വദേശി കളരിപറമ്പ് വീട്ടിൽ എം പി അഭിലാഷ് കൃഷ്ണനെ കൂത്ത്പറമ്പ് എക്സൈസ് സർക്കിൾ പ്രിവന്റീവ് ഓഫീസർ സുകേഷ് കുമാറുടെ നേതൃത്വത്തിലുള്ള സംഘം വണ്ടിച്ചാലിൽ തിങ്കളാഴ്‌ച്ച പുലർച്ചെയാണ് പിടികൂടിയത്. ഇയാൾക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു. മേലൂർ പാലയാട് ഹൈസ്‌കൂളിന് സമീപം പള്ളിപ്രം അങ്കണവാടിക്ക് സമീപം വച്ചാണ് 80 കുപ്പികളിലായുള്ള 24.640 ലിറ്റർ മദ്യം പിടിച്ചത്.

    ഇയാൾ സഞ്ചരിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് എക്സൈസ് ഈ മേഖലയിൽ വാഹനപരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസർ കെ വി റാഫി, പി ഒ ഗ്രേഡ് പി അജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ലെനിൻ എഡ്വേർഡ് , കെ ഉമേഷ്, എൻ സി വിഷ്ണു എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ തലശ്ശേരി റെയ്ഞ്ച് എക്സൈസിന് കൈമാറി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

    ബിയർ മോഷ്ടിച്ച് പണിമുടക്ക് ദിവസം 400 രൂപയ്ക്ക് മറിച്ച് വിറ്റു; വെയർഹൗസ് സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ

    കോട്ടയം അയർക്കുന്നത്ത് ബിവറേജസിന്റെ വെയർ ഹൗസിൽ നിന്നും മോഷ്ടിച്ച ബിയർ ദേശീയ പണിമുടക്ക് ദിവസം 400 രൂപയ്ക്ക് മറിച്ച് വിറ്റ സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ. അയർക്കുന്നം വെയർഹൗസിലെ സെക്യൂരിറ്റി ജീവനക്കാരൻ പുന്നത്തുറ കല്ലുവെട്ട്കുഴിയിൽ ബൈജു (50) വിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

    കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ടി എ അശോക് കുമാറിന്റെ നിർദേശാനുസരണം പാമ്പാടി എക്സൈസ് റേഞ്ച് ടീം കുരുമ്പാട്ട് കവല ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. അയർക്കുന്നം ബിവറേജ് വെയർ ഹൗസിലെ ചുമട്ട് തൊഴിലാളിയായിരുന്നു പ്രതി. ജോലിയ്ക്ക് ശേഷം മടങ്ങിയിരുന്ന പ്രതി ജീവനക്കാർ അടക്കമുള്ളവർ അറിയാതെ ബിയർ കുപ്പികൾ കടത്തിക്കൊണ്ട് വരികയായിരുന്നു.

    നികുതി അടയ്ക്കാത്തതും സെക്യൂരിറ്റി ലേബലില്ലാത്തതും നമ്പർ പതിക്കാത്തതുമായ ബിയർ കുപ്പികളാണ് ഇയാൾ എടുത്ത് കൊണ്ട് വന്നിരുന്നത്. പൊതുപണിമുടക്ക് ദിവസം ആവശ്യക്കാർക്ക് 400 രൂപ നിരക്കിലാണ് മദ്യം വിൽപന നടത്തിയിരുന്നത്. ഇയാളുടെ മദ്യ വിൽപന സംബന്ധിച്ച് എക്സൈസിന് വിവരം ലഭിക്കുകയായിരുന്നു.

    പാമ്പാടി എക്സൈസ് ഇൻസ്പെക്ടർ പി കെ സതീഷ് , അസി. എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, പ്രിവന്റീവ് ഓഫീസർമാരായ ജെക്സി ജോസഫ്, രഞ്ജിത്ത് കെ നന്ത്യാട്ട് , പി വി ബിജു, പാമ്പാടി സിവിൽ എക്സൈസ് ഓഫീസർ എം എച്ച് ഷെഫീഖ്, പ്രവീൺ കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീജ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി പ്രതിയെ പിടികൂടിയത്.
    Published by:Rajesh V
    First published: