കോഴിക്കോട്: പ്രണയാഭ്യർത്ഥന നിരസിച്ചതിന് വിദ്യാർത്ഥിനിയെ കുത്തി കൊല്ലാന്‍ ശ്രമിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും ശിക്ഷ. കോഴിക്കോട് കരിവിശ്ശേരി ചിറ്റിലിപ്പാട്ട് പറമ്പ് കൃഷ്ണ കൃപയിൽ മുകേഷിനാണ് (35) കോഴിക്കോട് ഒന്നാം അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജ് കെ. അനിൽ കുമാറാണ് ശിക്ഷ വിധിച്ചത്.
ഇന്ത്യൻ ശിക്ഷ നിയമം 307,324, 323,341 വകുപ്പുകൾ പ്രകാരം പത്ത് വർഷത്തെ കഠിന തടവിനും 50000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഓരോ വകുപ്പുകളിലും പ്രത്യേകം ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷാകാലാവധി ഒന്നിച്ചനുഭവിച്ചാൽ മതി. പിഴ സംഖ്യ പരാതിക്കാരിക്ക് നൽകണമെന്നും കോടതി നിര്‍ദേശിച്ചു.
2018 മെയ് 10നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഉച്ചയ്ക്ക് 1.45 ന് വിദ്യാർത്ഥിനി കരിവിശ്ശേരിയിലെ തന്റെ വീട്ടിൽ നിന്ന് നടക്കാവിലുള്ള ട്യൂഷൻ സെന്ററിലേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ വീടിന്റെ സമീപത്തുള്ള റോഡിൽ വെച്ച് പ്രതി വിദ്യാർത്ഥിനിയെ തടഞ്ഞു നിർത്തി കുപ്പി കൊണ്ട് തലയ്ക്കടിക്കുകയും പൊട്ടിയ കുപ്പി കൊണ്ട് കുത്തി പരിക്കേൽപ്പികയുമായിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതി മുകേഷ് പിന്നീട് 2018 ജൂലൈ അഞ്ചിന് കോടതിയിൽ കീഴടങ്ങുകയായിരുന്നു.
Also Read- 'ബൈക്ക് സ്റ്റാര്‍ട്ടാകുന്നില്ല സര്'; തളളാനെത്തിയ പൊലീസ് പിടിച്ചത് കളളനെ
ചേവായൂർ പൊലിസ് ഇൻസ്പെക്ടർ കെ.കെ. ബിജുവാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 10 സാക്ഷികളെ വിസ്തരിച്ചു. 11 രേഖകളും അഞ്ച് തൊണ്ടി മുതലുകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ജോജു സിറിയക്ക്, അഡ്വക്കറ്റ് സന്തോഷ്.കെ.മേനോൻ, അഡ്വക്കറ്റ് കെ. മുഹസിന എന്നിവർ ഹാജരായി.
വാട്സാപ്പ് വഴി പെൺകുട്ടിയുടെ നഗ്നചിത്രം ആവശ്യപ്പെട്ട യുവാവ് അറസ്റ്റിൽ
മലപ്പുറം: സമൂഹമാധ്യമം വഴി പെണ്‍കുട്ടിയെ നഗ്ന ചിത്രങ്ങള്‍ കൈമാറാന്‍ പ്രേരിപ്പിച്ച കേസില്‍ യുവാവ് കുറ്റിപ്പുറം പോലീസിന്റെ പിടിയില്‍. തിരുവനന്തപുരം പൂന്തുറ സ്വദേശി നസീമിനെയാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ അറസ്റ്റ് ചെയ്തത്.
വാട്സാപ്പിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് നഗ്ന ചിത്രങ്ങള്‍ കൈമാറാന്‍ പ്രേരിപ്പിച്ചതിനാണ് കേസ്. ഇയാളുടെ നഗ്നചിത്രങ്ങള്‍ കുട്ടിയെ കാണിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇതുപയോഗിച്ച് കുട്ടിയില്‍ നിന്ന് പണവും ആഭരണങ്ങളും കൈക്കലാക്കാനും ശ്രമമുണ്ടായി.
Also Read- പ്രവാസിയായ യുവാവിനെ നാട്ടിലേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
കുട്ടിയുടെ സ്വഭാവത്തില്‍ വ്യത്യാസം കണ്ടതിനാല്‍ വീട്ടുകാര്‍ വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് കാര്യങ്ങള്‍ അറിഞ്ഞത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരത്ത് നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ കൂടാതെ ഐടി ആക്ട് വകുപ്പുകള്‍ പ്രകാരവും പ്രതിക്കെതിരെ കേസുണ്ട്. തിരുവനന്തപുരം പൂന്തുറ സ്വദേശിയാണ് അറസ്റ്റിലായ നസീം. ഇയാളെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.