വീട്ടുകാർ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചയച്ച യുവതി കാമുകനൊപ്പം ഒളിച്ചോടി; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പിതാവ്
വീട്ടുകാർ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചയച്ച യുവതി കാമുകനൊപ്പം ഒളിച്ചോടി; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പിതാവ്
വിവാഹം കഴിപ്പിച്ചയച്ച മകൾ കാമുകനൊപ്പം ഒളിച്ചോടി കുടുംബത്തിന്‍റെ അഭിമാനം നശിപ്പിച്ചു. ഇങ്ങനെ ഒളിച്ചോടാനായിരുന്നുവെങ്കിൽ വിവാഹത്തിന് മുമ്പ് എന്തുകൊണ്ട് അവൾ അത് ചെയ്തില്ല' എന്ന് പിതാവ്
ജയ്പുർ: ദുരഭിമാനക്കൊലയെന്ന് കരുതുന്ന സംഭവത്തിൽ കാമുകനൊപ്പം ഒളിച്ചോടിയ മകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി പിതാവ്. രാജസ്ഥാൻ ദൗസ സ്വദേശിനിയായ പിങ്കി സൈനി എന്ന പതിനെട്ടുകാരിയാണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ഫെബ്രുവരി പതിനാറിനായിരുന്നു പിങ്കിയുടെ വിവാഹം. വീട്ടുകാർ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചയച്ച യുവതി കാമുകനായ രോഷൻ മഹാവർ എന്നയാൾക്കൊപ്പം ഒളിച്ചോടുകയായിരുന്നു. ഇയാൾ ദളിത് വിഭാഗക്കാരനായിരുന്നു എന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ ഒന്നിച്ച് ജീവിക്കാനുള്ള ആഗ്രഹം വ്യക്തമാക്കി ഇവര്‍ രാജസ്ഥാൻ ഹൈക്കോടതിയെ സമീപിച്ചു. ഒപ്പം സുരക്ഷ നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.
യുവതിയുടെ ഹര്‍ജി പരിഗണിച്ച കോടതി, സുരക്ഷ ഒരുക്കാൻ അശോക് നഗർ പൊലീസിന് നിർദേശം നൽകുകയും ചെയ്തു. ഇക്കഴിഞ്ഞ മാർച്ച് ഒന്നിന് പിങ്കിയും റോഷനും ദൗസയിലെ റോഷന്‍റെ വീട്ടിൽ മടങ്ങിയെത്തി. ഇതറിഞ്ഞ യുവതിയുടെ വീട്ടുകാർ പിങ്കിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് ആരോപണം. ഇതിന് പിന്നാലെ തന്നെ റോഷൻ പരാതിയുമായി പൊലീസിനെ സമീപിച്ചു. തൊട്ടടുത്ത ദിവസം പൊലീസ് സ്റ്റേഷനിലെത്തിയ പിങ്കിയുടെ പിതാവ് താൻ മകളെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതംനടത്തുകയായിരുന്നു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ മൃതദേഹവും പൊലീസ് കണ്ടെടുത്തു.
'മകളെ കൊലപ്പെടുത്തിയെന്ന കാര്യം പിതാവ് സമ്മതിച്ചിട്ടുണ്ട്. വിവാഹം കഴിപ്പിച്ചയച്ച മകൾ കാമുകനൊപ്പം ഒളിച്ചോടി കുടുംബത്തിന്‍റെ അഭിമാനം നശിപ്പിച്ചു. ഇങ്ങനെ ഒളിച്ചോടാനായിരുന്നുവെങ്കിൽ വിവാഹത്തിന് മുമ്പ് എന്തുകൊണ്ട് അവൾ അത് ചെയ്തില്ല' എന്നായിരുന്നു പിതാവ് പറഞ്ഞതെന്നാണ് ദൗസ എസ്പി അനിൽ ബെനിവാളിന്‍റെ വാക്കുകൾ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
'പിങ്കിക്കും റോഷനും സുരക്ഷ നൽകാൻ പ്രാദേശിക അധികൃതരോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ച് ജയ്പുർ പൊലീസ് സുരക്ഷയും ഒരുക്കി. എന്നാൽ ജയ്പുരില്‍ നിന്നും ദൗസയിലേക്ക് മടങ്ങുന്ന വിവരം ഇവർ പൊലീസിനെ അറിയിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അവരെക്കുറിച്ചുള്ള ഒരു വിവരവും അറിയാനും സാധിച്ചിരുന്നില്ല. പിങ്കിയെ കാണാനില്ലെന്ന് കാട്ടി പരാതി വന്നപ്പോൾ മാത്രമാണ് അവരെക്കുറിച്ച് അറിയാൻ കഴിഞ്ഞത്. യുവതിയുടെ വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല' എന്നും എസ്പി വ്യക്തമാക്കി.
ദുരഭിമാന കൊലപാതകങ്ങൾക്കെതിരെ നിയമം പാസാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാൻ. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ജീവപര്യന്തം മുതൽ വധശിക്ഷ വരെയാണ് ശിക്ഷ ലഭിക്കുക.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.