മൂന്നാം തവണയും ഭാര്യ പെൺകുഞ്ഞിനെ പ്രസവിച്ചതിനെ തുടർന്ന് യുവാവിന്റെ കൊടുംക്രൂരത. ഭാര്യയേയും രണ്ട് പെൺകുഞ്ഞുങ്ങളേയും ഇയാൾ കിണറ്റിലെറിഞ്ഞു. മധ്യപ്രദേശിലെ ഛത്തർപൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മൂന്നാമത്തെ പ്രസവത്തിലും ഭാര്യ ആൺകുട്ടിയെ പ്രസവിച്ചില്ല എന്ന കാരണത്തിനാണ് പ്രവർത്തി.
ഛത്തർപൂരിൽ ഞായറാഴ്ച്ച വൈകുന്നേരമാണ് സംഭവം. കിണറ്റിൽ വീണ അമ്മയും ആറ് മാസം പ്രായമുള്ള കുഞ്ഞും രക്ഷപ്പെട്ടു. എന്നാൽ മറ്റൊരു കുഞ്ഞ് വെള്ളത്തിൽ മുങ്ങി മരണപ്പെട്ടു. മൂന്നാമത്തെ പ്രസവം കഴിഞ്ഞ് സ്വന്തം വീട്ടിലായിരുന്ന യുവതിയെ ഭർത്താവ് അവിടെ നിന്ന് കൊണ്ടുവന്നായിരുന്നു കിണറ്റിൽ തള്ളിയത്.
തന്റെ വീട്ടിലേക്ക് കൊണ്ടുപോകുന്നു എന്ന വ്യാജേനയാണ് ഇയാൾ ഭാര്യയേയും പെൺകുട്ടികളേയും വീട്ടിൽ നിന്നും പുറത്തിറക്കിയത്. വഴിയരികിൽ ആൾമറയില്ലാത്ത കിണറ്റിന് സമീപം ബൈക്ക് നിർത്തി ഭാര്യയേയും മക്കളേയും തള്ളിയിടുകയായിരുന്നു. ഇതിനു ശേഷം ഇയാൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
കിണറ്റിൽ നിന്നും രക്ഷപ്പെടാനായി നിലവിളിച്ചെങ്കിലും ആരും ആ വഴി കടന്നുപോയില്ല. തുടർന്ന് യുവതി തന്നെയാണ് സ്വയം കിണറ്റിന് പുറത്തേക്ക് എത്തിയത്. ആറ് മാസമുള്ള കുഞ്ഞിനേയും രക്ഷിക്കാനായി. എന്നാൽ ഇവരുടെ മൂത്ത കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.
You may also like:ഒരു മാമ്പഴത്തിന്റെ വില 1000 രൂപ; 'നൂർജഹാൻ' മാമ്പഴത്തിന് ഇത്തവണ മികച്ച വിളവ്
കിണറ്റിന് പുറത്തെത്തിയ യുവതി നാട്ടുകാരുടെ സഹായത്തോടെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പെൺകുഞ്ഞുങ്ങൾ ജനിച്ചതിൽ ഭർത്താവ് അസ്വസ്ഥനായിരുന്നതായി സ്ത്രീ പൊലീസിനോട് പറഞ്ഞു. ഏറെ നാളായി തന്നേയും കുട്ടികളേയും കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ പറയുന്നു.
അതേസമയം, ഭാര്യയേയും മക്കളേയും കിണറ്റിൽ തള്ളിയതിന് ശേഷം രക്ഷപ്പെട്ട ഇയാളെ ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
മറ്റൊരു സംഭവത്തിൽ, അനുവാദമില്ലാതെ ഒരു ഗ്ലാസ് വെള്ളം കുടിച്ചതിന്റെ പേരിൽ ബിഹാറിൽ ഭിന്നശേഷിക്കാരനെ തല്ലിക്കൊന്നു. ബീഹാറിലെ ബെഗുസാരായി ജില്ലയിലാണ് കൊടും ക്രൂരത അരങ്ങേറിയത്. ചൗഹാരി പോലീസ് സ്റ്റേഷന് കീഴിലുള്ളു ബദെപുര ഗ്രാമത്തിലെ ചോറ്റ് ലാൽ സഹാനി (50) ആണ് മരിച്ചത്. മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ് പട്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
സംഭവത്തിൽ ദിനേശ് സഹാനി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മകനായ ദീപക് സഹാനിയും കേസിൽ പ്രതിയാണെന്നും ഇയാൾ ഒളിവിൽപോയിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച ചോട്ടെ ലാൽ സഹാനി ഗ്രാമത്തിന് സമീപത്തെ ഒരു കുളത്തിൽ നിന്നും മീൻ പിടിച്ച് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. വീട്ടിലേക്ക് വരുന്നതിനിടെ ദാഹിച്ച ഛോട്ടേലാൽ ദിനേശ് സഹാനിയുടെ കുടത്തിൽനിന്ന് ഒരു ഗ്ലാസ് വെള്ളം എടുത്തുകുടിച്ചു. ഇത് കണ്ട ദിനേശ് സഹാനിയും മകനും ഛോട്ടേലാലിനെ ചോദ്യംചെയ്യുകയും വടി അടിക്കുകയുമായിരുന്നു. സമീപവാസികളാണ് ഛോട്ടേലാലിനെ രക്ഷപ്പെടുത്തി വീട്ടിലെത്തിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.