കൊച്ചി: വാഹന അപകട ഇൻഷുറസ് കേസിൽ നീതി വൈകുന്നുവെന്ന് ആരോപിച്ച് കൊച്ചിയിൽ ടെലിഫോൺ ടവറിന് മുകളിൽ കയറി യുവാവ് ജീവലൊടുക്കാൻ ശ്രമിച്ചു. ആലപ്പുഴ സ്വദേശിയായ യുവാവിനെ പൊലീസും ഫയർഫോഴ്സുമെത്തി രണ്ടരമണിക്കൂർ നീണ്ട പരിശ്രമത്തിലൊടുവിലാണ് രക്ഷപ്പെടുത്തിയത്. അഭിഭാഷകനും ഇൻഷുറൻസ് കമ്പനിയും ഒത്തുകളിച്ച് നഷ്ടപരിഹാരം വൈകിപ്പിക്കുന്നുവെന്നാണ് യുവാവിന്റെ ആരോപണം.
2021 ൽ തിരൂരിൽ വെച്ചാണ് യുവാവിന് അപകടമുണ്ടായത്. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് കാര്‍ ഇടിക്കുകയായിരുന്നു. തുടർന്ന് കൈയ്ക്ക് ഉൾപ്പടെ സാരമായി പരിക്കേറ്റതോടെ ശസ്ത്രക്രിയയും നടത്തേണ്ടി വന്നു. കൊച്ചിയിലെ വാഹന അപകട ഇൻഷുറൻസ് പരാതികൾ പരിഗണിക്കുന്ന കോടതിയിൽ കേസുമെത്തി. എന്നാൽ അഭിഭാഷകൻ കേസ് അനാവശ്യമായി വൈകിപ്പിക്കുന്നുവെന്നാണ് ഇയാളുടെ ആരോപണം. ഇതിനിടെ കൈയ്ക്ക് നടത്തിയ ശസ്ത്രക്രിയയിലെ പ്രശ്നങ്ങൾ കാരണം ഡ്രൈവറായ ഇയാൾക്ക് ജോലിയും പോയി. മൂന്ന് കുട്ടികളെ പരിപാലിക്കാൻ ആരുമില്ലാത്തതിനാൽ ഭാര്യയ്ക്കും ജോലി ഉപേക്ഷിക്കേണ്ടി വന്നു.
കൈയ്യുടെ പരിക്ക് ഭേദമാകാൻ വീണ്ടുമൊരു ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാരും വിശദമാക്കിയിരിക്കുന്നത്. തുടർന്ന് മാനസിക സമ്മർദ്ദത്തിലായ യുവാവ് കൊച്ചി നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ മൊബൈൽ ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. ഇയാൾക്കെതിരെ കൊച്ചി പൊലീസ് ആത്മഹത്യശ്രമത്തിന് കേസെടുത്തു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Alappuzha, Attempt to commit suicide, Kochi