കാസർകോട്: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി മൃതദേഹം പായയിൽ പൊതിഞ്ഞശേഷം പണവുമായി രക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവ് മണിക്കൂറുകൾക്കകം പിടിയിലായി. ബേഡകം പെര്‍ളടുക്കം ടൗണില്‍ ക്വാർട്ടേഴ്‌സില്‍ താമസിക്കുന്ന ഉഷയെ കൊലപ്പെടുത്തിയതിന് ശേഷമാണ് ഭർത്താവ് അശോകൻ വീട്ടിലുണ്ടായിരുന്ന മുഴുവൻ പണവുമായി ട്രെയിൻ കയറി രക്ഷപ്പെടാൻ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. കൊല നടത്തിശേഷം മുറി പൂട്ടി പോയ അശോകനെ കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെയാണ് റെയിൽവേ എ എസ് ഐ പ്രകാശൻ പിടികൂടിയത്. മംഗളൂരുവിൽ നിന്നും വരുന്ന എഗ്മോർ എക്സ്പ്രസ് കാസർകോട് റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിന് മുമ്പായി പ്ലാറ്റ്ഫോമിൽ പരിശോധന നടത്തുമ്പോഴാണ് അശോകനെ സംശയകരമായ സാഹചര്യത്തിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ മേൽപാലത്തിന്റെ അരികിൽ നിന്ന് പുകവലിക്കുന്നത് കണ്ടതെന്നും ടെൻഷൻ കൊണ്ട് പുക ആഞ്ഞ് ആഞ്ഞ് വലിക്കുന്നത് കണ്ടാണ് സംശയം തോന്നിയതെന്നും പ്രകാശൻ പറഞ്ഞു.
'സംശയം തോന്നി ചോദിച്ചപ്പോൾ ഒരാൾ വരാനുണ്ടെന്ന് പറഞ്ഞു. എവിടെ നിന്നാണ് വരാനുള്ളതെന്ന് ചോദിച്ചപ്പോൾ കൃത്യമായ ഉത്തരമല്ല ലഭിച്ചത്. ധരിച്ചിരുന്ന ബനിയന്റെ പോക്കറ്റ് പൊങ്ങി നിൽക്കുന്നത് കണ്ട് നോക്കിയപ്പോൾ പ്ലാസ്റ്റിക് കവറിൽ പണം കണ്ടെത്തി. കൂടുതൽ ചോദ്യം ചെയ്തപ്പോൾ തനിക്ക് പച്ചക്കറി വാങ്ങാനുള്ളതാണെന്നും മലയ്ക്ക് പോകാനുള്ളതെന്നും മാറ്റി മാറ്റി പറഞ്ഞു. സംശയം ഇരട്ടിച്ചതോടെ സ്റ്റേഷനിൽ കൂട്ടിക്കൊണ്ട് വന്ന് ചോദ്യം ചെയ്തപ്പോഴാണ് ബേഡകത്താണ് വീടെന്നും മറ്റുമുള്ള വിവരങ്ങൾ വെളിപ്പെടുത്തിയത്. ബേഡകത്തെ പരിചയക്കാരായ ആളുകളെയും തുടർന്ന് പൊലീസ് സ്റ്റേഷനിലും ബന്ധപ്പെട്ടതോടെയാണ് കൊല നടത്തി രക്ഷപ്പെട്ടയാളാണെന്ന് വ്യക്തമായത്' - പ്രകാശൻ കൂട്ടിച്ചേർത്തു.
തുടർന്ന് ബേഡകം പൊലീസ് പ്രതിയെ റെയിൽവേ പൊലീസിൽ നിന്നും കസ്റ്റഡിയിൽ ഏറ്റുവാങ്ങി. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം അറസ്റ്റ് ചെയ്യുമെന്ന് ബേഡകം പൊലീസ് അറിയിച്ചു.കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പ്രതിയുടെ സഹായത്തോടെ പൊലീസിന് കണ്ടെത്തേണ്ടതുണ്ട്.
ഭാര്യയെപ്പറ്റിയുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് അശോകന്റെ മൊഴി. ഉഷ ബീഡി തൊഴിലാളിയും അശോകന്‍ കൂലിപ്പണിക്കാരനുമാണ്. ഏക മകന്‍ വിദേശത്താണ്. അശോകന് മാനസിക പ്രശ്‌നമുള്ളതായി നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു.
തിങ്കളാഴ്ച പുലർച്ചെയാണ് കൊലപാതകം നടന്നത്. അശോകന്‍ തിങ്കളാഴ്ച രാവിലെ ശരണം വിളിക്കാന്‍ ഭജന മന്ദിരത്തില്‍ എത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ഇയാൾ സ്ഥലത്തില്ലാത്ത വിവരവും ഭാര്യയുടെ കൊലപാതകവിവരവും സുഹൃത്തുക്കൾ അറിഞ്ഞത്. ബേഡകം പൊലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചു. യുവതിക്ക് നിരവധി വെട്ടേറ്റതായാണ് സംശയം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. ഉച്ചയോടെ ഇൻക്വസ്റ്റ് നടപടി ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡികൽ കോളജിലേക് കൊണ്ടുപോകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Kasargod, Kasargod Murder