നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കൊണ്ടോട്ടിയിലെ ബലാത്സംഗ ശ്രമം: പ്രതി പ്രദേശവാസിയെന്ന നിഗമനത്തിൽ പോലീസ്, അന്വേഷണം ഊർജ്ജിതം 

  കൊണ്ടോട്ടിയിലെ ബലാത്സംഗ ശ്രമം: പ്രതി പ്രദേശവാസിയെന്ന നിഗമനത്തിൽ പോലീസ്, അന്വേഷണം ഊർജ്ജിതം 

  പ്രതിയെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ ലഭിച്ചെന്ന് ജില്ലാ പൊലീസ് മേധാവി

  പ്രദേശത്ത് പരിശോധനയിൽ ഏർപ്പെട്ടിരിക്കുന്ന പോലീസ്

  പ്രദേശത്ത് പരിശോധനയിൽ ഏർപ്പെട്ടിരിക്കുന്ന പോലീസ്

  • Share this:
  മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി മലയാളിയാണെന്ന് പൊലീസ്. പ്രതിയെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ ലഭിച്ചെന്നും ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ് പറഞ്ഞു. പ്രതിയെ മുൻപ് കണ്ടിട്ടില്ലെന്നാണ് പെൺകുട്ടിയുടെ മൊഴി.

  ഒക്ടോബർ 25 തിങ്കളാഴ്ചയാണ് സംഭവം. ആളൊഴിഞ്ഞ വഴിയിൽ വച്ചാണ് പെൺകുട്ടി ആക്രമിക്കപ്പെട്ടത്. വീട്ടിൽ നിന്നും പ്രധാന റോഡിലേക്ക് വരുന്ന വഴി പിറകിൽ നിന്നും വായും മൂക്കും പൊത്തിപ്പിടിച്ച് 50 മീറ്ററോളം ദൂരം പെൺകുട്ടിയെ വലിച്ചിഴച്ചു. തുടർന്ന് വാഴത്തോപ്പിലേക്ക് തള്ളിയിട്ടാണ് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. കുട്ടിയുടെ കൈകൾ കെട്ടിയ ശേഷം പ്രതി കുട്ടിയുടെ മുഖത്ത് കല്ല് കൊണ്ട് ഇടിച്ചു. കുതറി മാറി ഓടിയ പെൺകുട്ടി അടുത്ത വീട്ടിൽ കയറിയാണ് രക്ഷപ്പെട്ടത്.

  "പെൺകുട്ടി പേടിച്ച് വിറയ്ക്കുകയായിരുന്നു. വസ്ത്രങ്ങൾ കീറിയിരുന്നു. ഏറെസമയം ആശ്വസിപ്പിച്ചാണ് എന്തെങ്കിലും പറയാൻ തന്നെ കഴിഞ്ഞത്.  പിന്നീട് ഞങ്ങൾ കുളിപ്പിച്ച്, വസ്ത്രം മാറ്റി അശുപത്രിയിൽ കൊണ്ടുപോയി," പ്രദേശവാസിയായ ഫാത്തിമ ടീച്ചർ പറഞ്ഞു. "അടുത്തെവിടെയോ ഉള്ള ആളാണ്. വെളുത്ത്, തടിച്ച്, മീശയും താടിയും ഇല്ലാത്ത ആളാണ് എന്നാണ് കുട്ടി പറഞ്ഞത്," അവർ കൂട്ടിച്ചേർത്തു.  ഇത്രയും കാലത്തിനിടയിൽ ഇവിടെ, ഈ മേഖലയിൽ ഇങ്ങനെ ഒന്ന് നടന്നിട്ടില്ല എന്ന് പ്രദേശവാസി കൂടിയായ മുനിസിപ്പൽ കൗൺസിലർ ഫാറൂഖ്. "ഇത് ശരിക്കും ഞെട്ടിക്കുന്നതാണ്. പറഞ്ഞു കേട്ടിടത്തോളം ഇവിടെ എല്ലാം പരിചയമുള്ള ആൾ തന്നെയാണ്. അടുത്തുള്ള സ്ഥലങ്ങളിലെയെല്ലാം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് കൊണ്ടിരിക്കുകയാണ് പോലീസ്.

  "പെൺകുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാനും എല്ലാം മുൻകൈ എടുത്തത് ഇദ്ദേഹമാണ്. പരിക്കേറ്റ പെൺകുട്ടി കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും, പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലും ചികിൽസ തേടി.

  "കുട്ടിക്ക് പരിക്കുണ്ട്. പക്ഷേ ഇപ്പൊൾ ആശങ്കയുണ്ടാക്കുന്ന അവസ്ഥയില്ല. ഇതിന് മുൻപ് ആരും പെൺകുട്ടിയെ ശല്യം ചെയ്തതായി വിവരം ഒന്നുമില്ല," അദ്ദേഹം പറഞ്ഞു.

  പ്രതി പ്രദേശവാസി തന്നെയാണെന്ന് പോലീസ് പ്രാഥമികമായി വിലയിരുത്തുന്നു. പെൺകുട്ടി എന്നും വരുന്ന വഴിയും ഇവിടം വിജനമായ ഇടം ആണെന്നതും ഇയാൾക്ക് മുൻപേ അറിവുണ്ടായിരുന്നു എന്ന് വ്യക്തമാണ്. ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയത് മലയാളത്തിലായിരുന്നു. പ്രതിയെ കണ്ടാൽ തിരിച്ചറിയും എന്ന് പെൺകുട്ടി പറഞ്ഞതായി ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് പറയുന്നു.

  "പോലീസ് വളരെ ഊർജിതമായി തന്നെ  അന്വേഷണം നടത്തുകയാണ്. മലയാളിയായ, പ്രദേശം വ്യക്തമായി അറിയുന്ന ഒരാളാണ് പ്രതി എന്നാണ് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മനസ്സിലാകുന്നത്. പ്രതിയെ കണ്ട് പരിചയം ഇല്ല, എന്നാൽ ഇനി കണ്ടാൽ മനസിലാകും എന്നാണ് പെൺകുട്ടി പറഞ്ഞത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്." അദ്ദേഹം വ്യക്തമാക്കി.

  സിസിടിവി ദൃശ്യങ്ങൾ, ലോക്കേഷനിൽ ഉണ്ടായിരുന്ന മൊബൈൽ നമ്പറുകൾ എന്നിവയെല്ലാം അന്വേഷണത്തിൽ പ്രധാനമാണ്. കൊണ്ടോട്ടി സിഐയുടെ നേതൃത്വത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. പ്രതിയുടേതെന്ന് സംശയിക്കുന്ന ചെരിപ്പ് സ്ഥലത്ത് നിന്നും കിട്ടിയിട്ടുണ്ട്.
  Published by:user_57
  First published:
  )}