അടിമാലി : ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ സഹയാത്രികനെ നടുറോഡിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞ സുഹൃത്ത് അറസ്റ്റിൽ. പുത്തൻപുരയ്ക്കൽ ചന്ദ്രന് (45) ആണ് കൃത്യമായ ചികിത്സ ലഭിക്കാതെ മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ ചെങ്കുളം നാലാനിക്കൽ ജിമ്മി കുര്യാക്കോസാണ് (28) അറസ്റ്റിലായത്.
ബേക്കറി ജീവനക്കാരനായ ചന്ദ്രന്റെ മൃതദേഹം ബുധനാഴ്ച രാവിലെയാണു ചെങ്കുളത്തിനു സമീപം റോഡരികിൽ നാട്ടുകാർ കണ്ടെത്തിയത്. അന്വേഷണത്തിൽ ചൊവ്വാഴ്ച രാത്രി സംഭവ സ്ഥലത്ത് ജിമ്മിയുടെ ബൈക്ക് നിർത്തിയിരിക്കുന്നതു വഴിയാത്രക്കാർ കണ്ടിരുന്നെന്ന് വ്യക്തമായി. തുടർന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണു പങ്ക് വ്യക്തമായത്.
ചെങ്കുളത്തു വച്ചു ചൊവ്വാഴ്ച രാത്രി 9.30ന് ജിമ്മിയുടെ ബൈക്കിനു ചന്ദ്രൻ കൈ കാണിച്ചു. ആനച്ചാലിലേക്കു പോകും വഴി ചെങ്കുളത്തിനടുത്തു വച്ചാണ് ബൈക്ക് മറിഞ്ഞത്. നൂലാമാലകളിൽ നിന്നൊഴിവാകാൻ റോഡരികിലേക്കു ചന്ദ്രനെ മാറ്റി കിടത്തിയ ശേഷം ജിമ്മി സ്ഥലംവിടുകയായിരുന്നു.
പിറ്റേന്നാണു മരിച്ച വിവരം അറിഞ്ഞതെന്നു ജിമ്മിയുടെ മൊഴിയിൽ പറയുന്നു. വീഴ്ചയിൽ ചന്ദ്രന്റെ നട്ടെല്ലിനു ക്ഷതമേറ്റതാണു മരണകാരണം. അപകടം നടന്ന സമയത്ത് ചന്ദ്രനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കുറ്റകരമായ നരഹത്യയ്ക്കു കേസ് റജിസ്റ്റർ ചെയ്തു ജിമ്മിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.