നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും പിഴയും

    പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും പിഴയും

    ഗുണ്ടു അരുൺ എന്ന അരുണാണ് ശിക്ഷിക്കപ്പെട്ടത്

    പ്രതി അരുൺ

    പ്രതി അരുൺ

    • Share this:
    തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും 88,000 രൂപ പിഴയും. തിരുവനന്തപുരം കുന്നുകുഴി സ്വദേശി ഗുണ്ടു അരുൺ എന്ന അരുണാണ് (28) ശിക്ഷിക്കപ്പെട്ടത്. പ്രത്യേക അതിവേഗ പോക്‌സോ കോടതി ജഡ്‌ജി ആർ. ജയകൃഷ്ണൻ്റെതാണ് ഉത്തരവ്. 17ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ് അരുൺ.

    ഇന്ത്യൻ ശിക്ഷാ നിയമം 342,354 (ബി), 376(2) (എഫ്) 506 എന്നീ വകുപ്പുകൾ  പ്രകാരവും പോക്‌സോ, ജുവനൈൽ നിയമങ്ങൾ പ്രകാരവുമാണ് ശിക്ഷ. പ്രതിയിൽ നിന്നു ലഭിക്കുന്ന പിഴ തുക പെൺകുട്ടിക്ക് നൽകാനും ഉത്തരവിലൂടെ കോടതി സർക്കാരിന് നിർദേശം നൽകി.

    2019 മേയ് രണ്ടിനായിരുന്നു സംഭവം. ഇരയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് പ്രതി. ഇരയുടെ അമ്മ വീട്ടുജോലിക്ക് പോയാണ് കുടുംബം പുലർത്തുന്നത്. സംഭവദിവസം മദ്യലഹരിയിൽ പെൺകുട്ടിയുടെ വീട്ടിൽ എത്തിയ അരുൺ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചു. വീട്ടിൽ ടിവി കണ്ടുകൊണ്ടിരുന്ന പെൺകുട്ടിയുടെ അനുജൻ ബഹളമുണ്ടാക്കി. ഇതു കേട്ട് ഓടിയെത്തിയ അയൽവാസികളാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്.  തുടർന്ന് അരുൺ സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു.

    ദിവസങ്ങൾക്കു ശേഷം മ്യൂസിയം പൊലീസ് അതിസാഹസികമായി പ്രതിയെ പിടി കൂടുകയായിരുന്നു. സി.ഐ. ബിജു, എസ്.ഐ. സുനിൽ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ സജിത്ത്, അജു എന്നിവരാണ് പ്രതിയെ പിടികൂടിയത്. 2019 ജൂലൈയിൽ മ്യൂസിയം പോലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.

    ഹൈക്കോടതി അടക്കം ജാമ്യം നിഷേധിച്ചതിനെ തുടർന്ന് പ്രതി റിമാൻഡിൽ കിടന്നാണ് വിചാരണ നേരിട്ടത്. കിളിമാനൂർ കൊലക്കേസ്, മയക്കുമരുന്ന് കേസ് തുടങ്ങി 17 ഓളം കേസുകളിലെ പ്രതിയാണ് ശിക്ഷിക്കപ്പെട്ട അരുൺ.



    Also read: വിവാഹ അഭ്യർഥന നിരസിച്ചതിന് യുവതിയുടെ ഓഫീസിൽ കഞ്ചാവ് വെച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

    തിരുവനന്തപുരം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്‍റെ വിരോധം തീർക്കാൻ യുവസംരംഭകയുടെ ഓഫീസിൽ കഞ്ചാവ് വച്ച്‌ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ ഒരാൾ കൂടി അറസ്റ്റിലായി. ശോഭ വിശ്വനാഥൻ എന്ന യുവതിയുടെ ഉടമസ്ഥതയിലുള്ള വീവേഴ്സ് വില്ലയിലെ ജോലിക്കാരിയായിരുന്ന ഉഷ എന്ന സ്ത്രീയെയാണ് പൊലീസ് പിടികൂടിയത്. സ്ഥാപനത്തില്‍ കഞ്ചാവ് കൊണ്ടുവെക്കാന്‍ പ്രതിയെ സഹായിച്ചത് ഉഷയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് ഉഷയെ പൊലീസ് പിടികൂടിയത്.

    ഇക്കഴിഞ്ഞ ജനുവരിയിലാണ് കൈത്തറി സംരംഭമായ 'വീവേഴ്‌സ് വില്ല'യുടെ ഉടമയായ വഴയില സ്വദേശി ശോഭാ വിശ്വനാഥന്റെ സ്ഥാപനത്തിൽ മുന്‍ സുഹൃത്ത് കഞ്ചാവു കൊണ്ടു വെച്ചത്. സ്ഥാപനം റെയ്ഡ് ചെയ്ത പൊലീസ് കഞ്ചാവ് കണ്ടെടുക്കുകയും, ശോഭയെ അറസ്റ്റ് ചെയ്യുകയും ചെയ്തത് വലിയ വാർത്തയായിരുന്നു.

    എന്നാൽ സംഭവം കെട്ടിച്ചമച്ചതാണെന്നും തന്നെ മനപൂർവ്വം കൂടുക്കാൻ ശ്രമിച്ചതാണെന്നും ചൂണ്ടിക്കാട്ടി പിന്നീട് ശോഭ മുഖ്യമന്ത്രി പരാതി നൽകി. ഇതോടെയാണ് സംഭവത്തിൽ വഴിത്തിരിവ് ഉണ്ടാകുന്നത്. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് വിശദമായി അന്വേഷിച്ച പൊലീസ്, ശോഭയുടെ സുഹൃത്തും തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ആശുപത്രിയുടെ ഉടമയുടെ മകനുമായ ഹരീഷ് കഞ്ചാവ് കൊണ്ടുവെച്ചതാണെന്ന് കണ്ടെത്തി. ഹരീഷിന്‍റെ വിവാഹാഭ്യർഥന ശോഭ നിരസിച്ചതിന്‍റെ വൈരാഗ്യത്തിലാണ് ഇതെന്നും പൊലീസ് കണ്ടെത്തി.
    Published by:user_57
    First published:
    )}