സംവിധായകനെന്ന വ്യാജേന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പോലീസ് പിടിയിൽ. കോട്ടയം പാലായിലാണ് സിനിമയെ വെല്ലുന്ന സംഭവങ്ങൾ അരങ്ങേറിയത്. പാലാ മുരിക്കുംപുഴയിലാണ് സിനിമയെ വെല്ലുന്ന സംഭവങ്ങൾ. പതിനഞ്ചു വയസ്സുകാരിയായ പെൺകുട്ടിയെ കടയിൽ ഇരുത്തിയ ശേഷം അമ്മ പുറത്തു പോയപ്പോഴാണ് നാടകീയമായ സംഭവങ്ങൾ ഉണ്ടായത്. സംഭവത്തിൽ പൊലീസ് നടത്തിയ അടിയന്തര ഇടപെടലിൽ പ്രതിയെ വൈകുന്നേരം പിടികൂടി. മല്ലപ്പള്ളി കൈപ്പാട് ആലുംമൂട്ടിൽ രാജേഷ് ജോർജ് (47) ആണ് പോലീസിന്റെ വലയിൽ ആയത്.
സംഭവത്തെക്കുറിച്ച് പാലാ പോലീസ് നൽകുന്ന വിവരം ഇങ്ങനെ. മുരുക്കുംപുഴയിലെ കടയിൽ സംവിധായകൻ എന്ന വ്യാജേനയാണ് പ്രതി എത്തിയത്. കടയിലേക്ക് എത്തുമ്പോൾ പെൺകുട്ടി മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. കടയിലേക്ക് വരുമ്പോൾ ഫോണിൽ സംസാരിച്ചു കൊണ്ടാണ് ഇയാൾ എത്തിയത്. പെൺകുട്ടിയുടെ അമ്മയുമായി ഫോണിൽ സംസാരിക്കുകയാണ് എന്നാണ് ഇയാൾ പെൺകുട്ടിയോട് പറഞ്ഞത്. താൻ ഒരു സംവിധായകനാണെന്ന് പുതിയതായി നിർമ്മിക്കുന്ന സിനിമയിൽ നായികയെ ആവശ്യമുണ്ടെന്നും ഇയാൾ പെൺകുട്ടിയോട് പറഞ്ഞു. തുടർന്ന് ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പെൺകുട്ടി കടയിൽനിന്ന് പേടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് പെൺകുട്ടി അമ്മയെ ഫോണിൽ വിളിച്ച് വിവരങ്ങൾ പറഞ്ഞു. ഇതോടെയാണ് പ്രതി തട്ടിപ്പ് നടത്തിയത് ആണെന്ന് പെൺകുട്ടിയുടെ അമ്മയ്ക്ക് ബോധ്യമായത്. തുടർന്ന് ഉടൻ തന്നെ പാലാ പോലീസിനെ അറിയിക്കുകയായിരുന്നു.
വിവരം അറിഞ്ഞ ഉടൻ തന്നെ പാലാ പോലീസ് നാടകീയ നീക്കങ്ങൾക്കു ആണ് നേതൃത്വം നൽകിയത്. പ്രതി പാലാ ടൗൺ വിട്ടു പോകാൻ സാധ്യതയില്ല എന്ന് പോലീസ് വിലയിരുത്തി. ഇതോടെ വേഗത്തിലുള്ള അന്വേഷണത്തിന് നീക്കം നടത്തി. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പ്രതിയെ പിടികൂടാൻ പാലാ പോലീസ് നീക്കം നടത്തിയത്. സി ഐ കെ.പി. തോംസൺ അടങ്ങിയ ഒരു സംഘം മഫ്തിയിൽ ആണ് നഗരത്തിൽ പരിശോധന നടത്തിയത്. മറ്റൊരു സംഘം പോലീസ് വേഷത്തിൽ തന്നെ വിവിധ സ്ഥലങ്ങളിൽ എത്തി പരിശോധന നടത്തി. മറ്റൊരു ടീം സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ആയി രംഗത്തിറങ്ങി.
പോലീസ് മാത്രമല്ല പരിശോധനയ്ക്ക് ഇറങ്ങിയത്. മഫ്തിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തിൽ പരാതിക്കാരിയായ അമ്മയും പെൺകുട്ടിയും ചേർന്നു. നഗരത്തിൽ ബൈപ്പാസ് കൊട്ടാരമറ്റം സ്റ്റാൻഡ് തുടങ്ങി വിവിധ സ്ഥലങ്ങളിൽ ധൃതഗതിയിൽ പോലീസ് സംഘമെത്തി. ഒടുവിൽ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തു നിന്നാണ് പ്രതിയായ രാജേഷിനെ പിടികൂടുന്നത്.
രണ്ടര മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാൻ പോലീസിന് ആയത്. ഈ പ്രതിയെ ആദ്യം കണ്ടെത്തിയത് പെൺകുട്ടി തന്നെയായിരുന്നു. പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞതോടെ പൊലീസ് സംഘം ചേർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഇര ആയതിനാൽ തന്നെ പോക്സോ നിയമപ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഇയാൾ സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് അറിയിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 9 പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ടെന്ന് പാലാ പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ഏതായാലും പെൺകുട്ടിയും അമ്മയും നടത്തിയ സമയോചിത ഇടപെടലും പോലീസ് ധൃതഗതിയിൽ നടത്തിയ പരിശോധനയും ആണ് വേഗത്തിൽ പ്രതിയെ പിടികൂടാനായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.