മഞ്ചേരി സബ് രജിസ്ട്രാർ ഓഫിസിലെ ജീവനക്കാരൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി. ഹെഡ് ക്ലർക്ക് ആയ കണ്ണൂർ സ്വദേശി പി.വി ബിജുവിനെയാണ് മലപ്പുറം വിജിലൻസ് ഡി.വൈ.എസ്.പി ഫിറോസ് എം ശഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ബിജു കൈക്കൂലി ആവശ്യപ്പെട്ടതായി അഡ്വ. യഹ്യ നൽകിയ പരാതിയെ തുടർന്നാണ് വിജിലൻസ് സംഘം പരിശോധനക്കെത്തിയത്. വിജിലൻസിന്റെ നിർദേശ പ്രകാരം മാർക്ക് ചെയ്ത നോട്ട് യഹ്യ ഹെഡ് ക്ലർക്കിന് കൈമാറി. ഇതിനിടെയാണ് വിജിലൻസ് ബിജുവിനെ കൈയോടെ പൊക്കിയത്. ഭൂമി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട അപാകതകൾ പരിഹരിക്കാനാണ് ബിജു കൈക്കൂലി ആവശ്യപ്പെട്ടത്. ആദ്യം 5000 രൂപ ചോദിച്ചെങ്കിലും പിന്നീട് 3500 രൂപയാക്കി ചുരുക്കി. ഏഴ് മാസം മുമ്പാണ് ബിജു മഞ്ചേരിയിലെ സബ് രജിസ്ട്രാർ ഓഫീസിലെത്തിയത്.
ഡി.വൈ.എസ്.പി ഫിറോസ് എം ശഫീഖ്, ഇൻസ്പെക്ടർമാരായ ഐ.ഗിരീഷ് കുമാർ, എം.സി ജിസ്റ്റൽ, എസ്.ഐമാരായ ശ്രീനിവാസൻ, സജി, സീനിയർ സി.പി.ഒമാരായ പ്രജിത്ത്, മോഹന കൃഷ്ണൻ, സലീം, ധനേഷ്, പ്രഷോബ്, നിഷ എന്നിവരാണ് വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നത്. ബിജുവിനെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് വിജിലൻസ് ഡി.വൈ.എസ്.പി ഫിറോസ് എം ശഫീഖ് പറഞ്ഞു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bribery Case, Kerala vigilance, Manjeri