കരുവാരക്കുണ്ട്: മാട്രിമോണിയല്‍ ആപ്പുവഴി പരിചയപ്പെട്ട് വിവാഹവാഗ്ദാനം നല്കി സൗഹൃദം സ്ഥാപിച്ചശേഷം തട്ടിപ്പുനടത്തിയ ആള് അറസ്റ്റില്‍. ആലപ്പുഴ അവലുക്കുന്ന് ആശ്രമം വാര്‍ഡില്‍ പൂവത്ത് വീട്ടില്‍ അസറുദീന്‍ (36) ആണ് പിടിയിലായത്. കരുവാരക്കുണ്ട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.
സ്വന്തമായി ഹെയര്‍ഓയില്‍ കമ്പനി നടത്തുകയാണെന്നും അവിവാഹിതനാണെന്നും പറഞ്ഞാണ് യുവതികളോട് ഇയാള്‍ സ്വയം പരിചയപ്പെടുത്തുന്നത്. സ്വന്തമായി വരുമാനമുള്ള സ്ത്രീകളെയാണ് കൂടുതലായും ഇയാള്‍ നോട്ടമിടുന്നത്.
സ്വന്തം ഐ.ഡി. കാര്‍ഡിന്റെയും ആധാര്‍ കാര്‍ഡിന്റെയും ഫോട്ടോ സഹിതം അയച്ചു കൊടുക്കും. വീഡിയോ കോളില്‍ സംസാരിക്കുകയും ചെയ്യുന്നതോടെ സ്ത്രീകളുടെ സൗഹൃദം നേടിയെടുക്കും. പിന്നീട് വിവാഹവാഗ്ദാനം നല്‍കും. ചെറിയ സാമ്പത്തിക ഇടപാടുകള്‍ നടത്തി കൃത്യമായി പണം തിരികെനല്‍കി വിശ്വാസമാര്‍ജിക്കും. അതിനുശേഷമാണ് സ്വര്‍ണാഭരണങ്ങള്‍ ആവശ്യപ്പെടുക.
കരുവാരക്കുണ്ടിലെ പരാതിക്കാരിയില്‍നിന്ന് പല തവണകളായി ഒന്‍പതു പവന് സ്വര്‍ണാഭരണങ്ങളും 85,000 രൂപയും ഇയാള്‍ കൈക്കലാക്കിയിരുന്നു. ആലപ്പുഴ, തലശ്ശേരി, തൃക്കരിപ്പൂര്‍, കരുവാരക്കുണ്ട് എന്നിവിടങ്ങളില്‍ നിന്നായി ഇയാള്‍ നാല് വിവാഹങ്ങള്‍ ചെയ്തതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കരുവാരക്കുണ്ട് സി.ഐ. മനോജ് പറയറ്റയുടെ നേതൃത്വത്തില്‍ എസ്.ഐ. കെ. ശിവന്, എ.എസ്.ഐ. ജെയിംസ് ജോണ്‍, സി.പി.ഒമാരായ പി. റിയാസ്, എന്‍. അജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതിയെ മഞ്ചേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ്സ് മജിസ്ടേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.