• HOME
  • »
  • NEWS
  • »
  • crime
  • »
  • സംസ്ഥാനത്ത് 24 മണിക്കൂറിനിടെ നാലിടത്ത് MDMA വേട്ട; പിടിയിലായത് നാല് സ്ത്രീകൾ ഉള്‍പ്പെടെ 16 പേർ

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ നാലിടത്ത് MDMA വേട്ട; പിടിയിലായത് നാല് സ്ത്രീകൾ ഉള്‍പ്പെടെ 16 പേർ

എറണാകുളം കലൂർ, പത്തനംതിട്ട പന്തളം, തിരുവനന്തപുരം ആക്കുളം, മലപ്പുറം മൊറയൂർ എന്നിവിടങ്ങളിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. നാലിടങ്ങളിലുമായി നാല് യുവതികൾ അടക്കം 16 പേർ പിടിയിലായി

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ നാലിടങ്ങളിൽ നിന്ന് എംഡിഎംഎ ഉൾപ്പടെയുള്ള ലഹരിവസ്തുക്കൾ പിടികൂടി. എറണാകുളം കലൂർ, പത്തനംതിട്ട പന്തളം, തിരുവനന്തപുരം ആക്കുളം, മലപ്പുറം മൊറയൂർ എന്നിവിടങ്ങളിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. നാലിടങ്ങളിലുമായി നാല് യുവതികൾ അടക്കം 16 പേർ പിടിയിലായി. കലൂരിലെയും പന്തളത്തെയും ലോഡ്ജുകളിൽ നിന്നും ആക്കുളത്തെ വാടക വീട്ടിൽ നിന്നും മൊറയൂരിലെ വീട്ടിൽനിന്നുമാണ് ലഹരിമരുന്ന് പിടികൂടിയത്. എറണാകുളത്ത് നിന്ന് 0.34 ഗ്രാം എംഡിഎംഎയും 155 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പന്തളത്ത് നിന്ന് 154 ഗ്രാം എംഡിഎംഎയും ആക്കുളത്ത് നിന്ന് 100 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. മലപ്പുറം മൊറയൂരിൽനിന്ന് 52 ഗ്രാം എംഡിഎംഎയും 75 കിലോഗ്രാം കഞ്ചാവും പിടികൂടി. ഇവിടെനിന്ന് ദമ്പതികൾ ഉൾപ്പടെ മൂന്നുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു.

    എറണാകുളത്ത് യുവതിയടക്കം 5 പേര്‍ പിടിയില്‍

    മയക്കുമരുന്നുമായി ലോഡ്ജില്‍ താമസിച്ചിരുന്ന ലക്ഷദ്വീപ് സ്വദേശികളും യുവതിയുമടക്കം അഞ്ചുപേര്‍ പിടിയില്‍. ലക്ഷദ്വീപ് കല്‍പേനി സ്വദേശികളായ മുഹമ്മദ് താഹിര്‍ ഹുസൈന്‍ (24), നവാല്‍ റഹ്മാന്‍ (23), സി പി സിറാജ് (24), ചേര്‍ത്തല എഴുപുന്ന സ്വദേശിനി സോനു സെബാസ്റ്റിയന്‍ (23), തൃശ്ശൂര്‍ അഴീക്കോട് സ്വദേശി അല്‍ത്താഫ് (24) എന്നിവരെയാണ് നര്‍ക്കോട്ടിക് സെല്‍ എസിപിക്ക് കീഴിലുള്ള ഡാന്‍സാഫ് സംഘം പിടികൂടിയത്. ഇവരില്‍ നിന്നും 0.34 ഗ്രാം എം.ഡി.എം.എ.യും 155 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്.

    പന്തളത്ത് പിടിച്ചെടുത്തവയിൽ കഞ്ചാവും ലൈംഗിക ഉത്തേജന മരുന്നുകളും

    പത്തനംതിട്ട പന്തളത്ത് എംഡിഎംഎയുമായി പിടികൂടിയ പ്രതികളെല്ലാം ലഹരി ഉപയോഗിക്കുന്നവരാണെന്ന് പൊലീസ്. പ്രതികളിൽനിന്ന് എംഡിഎംഎ കൂടാതെ കഞ്ചാവും ഗർഭനിരോധന ഉറകളും ലൈംഗിക ഉത്തേജന മരുന്നുകളും പൊലീസ് പിടിച്ചെടുത്തു. പിടിയിലായ യുവതി ഒപ്പമുണ്ടായിരുന്ന ഒരു യുവാവിന്‍റെ കാമുകിയാണെന്ന സൂചനയും പൊലീസ് നൽകുന്നു. ഇവർ ഉപയോഗിച്ച ഒമ്പത് മൊബൈൽ ഫോണുകളും രണ്ടു കാറുകളും ഒരു ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പന്തളത്തെ ഒരു ലോഡ്ജിൽനിന്ന് 154 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടിയത്.

    ഇവിടെനിന്ന് പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയിൽ ലക്ഷങ്ങൾ വില വരുമെന്നാണ് പൊലീസ് നൽകുന്ന വിവരം. പത്തനംതിട്ട കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് മൂന്ന് മാസത്തോളം പൊലീസ് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനൊടുവിലാണ് പന്തളത്തെ ലോഡ്ജ് വളഞ്ഞ് കഴിഞ്ഞ ദിവസം ഒരു യുവതി ഉൾപ്പടെ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

    അടൂര്‍ പറക്കോട് സ്വദേശി രാഹുൽ (29), കൊല്ലം കുന്നിക്കോട് സ്വദേശിനി ഷാഹിന (23), പള്ളിക്കല്‍ പെരിങ്ങനാട് സ്വദേശി ആര്യൻ (21), പന്തളം കുടശനാട് സ്വദേശി വിധു കൃഷ്ണന്‍(20), കൊടുമണ്‍ സ്വദേശി സജിന്‍ (20) എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് ടീമിന്റെ നേത്യത്വത്തിൽ നടത്തിയ റെയിഡിലാണ് സംഘം പിടിയിലായത്.
    പന്തളം മണികണ്ഠനാല്‍ത്തറയ്ക്ക് സമീപമുളള ഹോട്ടലിൽ വെച്ചാണ് എംഡിഎംഎ കച്ചവടം നടത്തുന്നതിനിടെ സംഘം പിടിയിലായത്. നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി കെ.എ. വിദ്യാധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് ടീം പരിശോധന നടത്തിയത്. പിടിയിലായവരെല്ലാം മയക്കുമരുന്നിന്റെ കാരിയര്‍മാരാണ്.



    വെള്ളിയാഴ്ച രാഹുലും ഷാഹിനയുമാണ് പന്തളത്തെ ലോഡ്ജിൽ മുറിയെടുത്തത്. സംഘത്തിലെ മറ്റുള്ളവർ പിന്നീട് ഇവിടേക്ക് വരികയായിരുന്നു. പിടിച്ചെടുത്ത എംഡിഎംഎയിൽ നാല് ഗ്രാം മാത്രമാണ് ഒരാളിൽനിന്ന് കണ്ടെടുത്തത്. ബാക്കിയെല്ലാം മുറിയിലുണ്ടായിരുന്ന ബാഗിൽനിന്നാണ് കണ്ടെടുത്തത്. സംഘത്തിലുണ്ടായിരുന്ന യുവതിയും ലഹരി ഉപയോഗിക്കാറുണ്ടെന്ന് പൊലീസ് പറയുന്നു. മുറിയിലെ അലമാരയിൽനിന്നാണ് കഞ്ചാവും ഗർഭനിരോധന ഉറകളും ലൈംഗിക ഉത്തേജന മരുന്നുകളും പൊലീസ് പിടിച്ചെടുത്തത്.

    അറസ്റ്റിലായവർക്ക് മറ്റ് ജോലിയൊന്നും ഇല്ലെന്നും, ഇവർ ലഹരിമരുന്ന് വിൽപ്പനയിലൂടെയാണ് പണമുണ്ടാക്കിയിരുന്നതെന്നും പൊലീസ് പറയുന്നു. ബംഗളുരു, കോഴിക്കോട് എന്നിവിടങ്ങളിൽനിന്ന് എത്തിക്കുന്ന ലഹരിമരുന്ന് പത്തനംതിട്ടയിലെ ആവശ്യക്കാർക്ക് എത്തിച്ചുനൽകുകയാണ് ഇവർ ചെയ്തിരുന്നത്. കേസിന്‍റെ തുടരന്വേഷണ ചുമതല പന്തളം എസ്എച്ച്ഒയ്ക്കാണ്.

    ആക്കുളത്ത് ഗർഭിണിയുമായി വീട് വാടകയ്ക്കെടുത്ത് ലഹരി ഇടപാട്

    തിരുവനന്തപുരം ആക്കുളത്ത് വാടകവീട്ടില്‍നിന്ന് നൂറ് ഗ്രാം എംഡിഎംഎയുമായി നാലുപേരെ പൊലീസ് പിടികൂടി. കണ്ണൂര്‍ പാനൂര്‍ സ്വദേശി അഷ്‌കര്‍, തിരുവനന്തപുരം ആക്കുളം സ്വദേശി മുഹമ്മദ് ഷാരോണ്‍, ആറ്റിങ്ങല്‍ സ്വദേശി സീന, കോഴിക്കോട് കൊടുവള്ളി സ്വദേശി ഫഹദ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍നിന്ന് ആക്കുളത്തേക്ക് ലഹരിമരുന്ന് എത്തിച്ചതായി ശ്രീകാര്യം പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ആക്കുളം നിഷിന് സമീപത്തെ വാടകവീട്ടില്‍ പൊലീസ് സംഘം പരിശോധന നടത്തുകയും എംഡിഎംഎ പിടിച്ചെടുക്കുകയുമായിരുന്നു.



    വാടക വീട്ടിലുണ്ടായിരുന്ന മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തില്‍ ആക്കുളത്തെ മറ്റൊരു വീട്ടില്‍നിന്നാണ് ഷാരോണിനെ കസ്റ്റഡിയിലെടുത്തത്. കേസിലെ ഒന്നാംപ്രതിയായ അഷ്‌കര്‍ ഒരു ഗര്‍ഭിണിയുമായി എത്തിയാണ് ആക്കുളത്ത് വാടകയ്ക്ക് വീട് എടുത്തതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ഇയാള്‍ തുമ്പ ഭാഗത്ത് താമസിക്കുമ്പോള്‍ ലഹരിമരുന്ന് വിൽപന നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇയാളുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നെങ്കിലും ലഹരിമരുന്ന് വില്‍പ്പനയ്ക്ക് തെളിവുകളൊന്നും കിട്ടിയില്ല. ഇതേത്തുടര്‍ന്ന് പൊലീസ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അഷ്‌കര്‍ വലിയ പ്രശ്‌നമുണ്ടാക്കുകയും ചെയ്തിരുന്നു.

    മലപ്പുറത്ത് 52 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ

    മലപ്പുറം: 52 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ ഉൾപ്പടെ മൂന്നു പേർ അറസ്റ്റിലായി. കൊണ്ടോടടി മൊറയൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി വിൽപന സംഘത്തിലെ ദമ്പതികൾ ഉൾപ്പടെ മൂന്നു പേരാണ് പിടിയിലായത്. ഇവരിൽനിന്ന് എംഡിഎംഎയ്ക്ക് പുറമെ 75 കിലോഗ്രാം കഞ്ചാവും കണ്ടെടുത്തു. മൊറയൂർ സ്വദേശികളായ മുക്കണ്ണൻ കീരങ്ങാട്ടുതൊടി ഉബൈദുള്ള(26) ബന്ധുവായ കീരങ്ങോട്ടുപുറായ് അബ്ദുറഹ്മാൻ(56), ഭാര്യ സീനത്ത്(48) എന്നിവരാണ് പിടിയിലായത്. മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് എക്സൈസ് സംഘം ഇവരെ പിടികൂടിയത്. ആവശ്യക്കാരെന്ന വ്യാജേന ഇവരെ സമീപിച്ചാണ് അറസ്റ്റ് ചെയ്തത്.



    വിവിധ സ്ഥലങ്ങളിൽനിന്ന് ലഹരിവസ്തുക്കൾ എത്തിച്ച് വിൽപനക്കാർക്ക് നൽകുകയാണ് സംഘം ചെയ്തതെന്ന് എക്സൈസ് പറഞ്ഞു. വടക്കൻ മേഖല എക്സൈസ് കമ്മീഷണർ സ്ക്വാഡ്, മലപ്പുറം എക്സൈസ് ഇന്‍റലിജൻസ്, എൻഫോഴ്സ്മെന്‍റ് സ്ക്വാഡ്, എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായി നടത്തിയ റെയ്ഡിലാണ് മൂന്നുപേരെ അറസ്റ്റ് ചെയ്തത്. ഉബൈദുള്ളയുടെ ബൈക്കിൽനിന്നും അബ്ദുറഹ്മാന്‍റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിൽനിന്നുമാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. ഇവരുമായി ബന്ധമുള്ളവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
    Published by:Anuraj GR
    First published: